7 March 2026 5:48 PM IST
Vedanta women workforce : വനിതാ പങ്കാളിത്തം ഉയർത്താൻ വേദാന്ത, ഇനി 50 ശതമാനം വരെ സ്ത്രീകൾ
MyFin Desk
Summary
ആദ്യഘട്ടത്തിൽ മൊത്തം ജീവനക്കാരുടെ 35 ശതമാനവും വനിതകളാകും. പിന്നീട് പങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തും.
രാജ്യത്തെ വനിതകളുടെ മുന്നേറ്റത്തിന് ഒരു തകർപ്പൻ പിന്തുണ. വനിതാ ജീവനക്കാരുടെ പങ്കാളിത്തം ഉയർത്താൻ ഒരുങ്ങി വേദാന്ത. ആദ്യഘട്ടത്തിൽ മൊത്തം ജീവനക്കാരുടെ 35 ശതമാനമായി വനിതാ പങ്കാളിത്തം ഉയർത്തും. നിലവിൽ മൊത്തം ജീവനക്കാരുടെ 23 ശതമാനമാണ് വനിതകളുള്ളത്. രാജ്യത്ത് ആറു ശതമാനം വനിതകൾ മാത്രമാണ് ലോഹങ്ങൾ, ധാതുക്കൾ, എണ്ണ, വാതകം, വൈദ്യുതി തുടങ്ങിയ പ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നത്. ഈ രംഗത്തേക്കും കൂടുതൽ വനിതകളെ ആകർഷിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയുടെ വളർച്ച പൂർണ്ണമാകണമെങ്കിൽ വ്യവസായ മേഖലയിൽ ഉൾപ്പെടെ വനിതകളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. ഇതിൻ്റെ ഭാഗമായാണ് വേദാന്തയിൽ വനിതാ പങ്കാളിത്തം 35 ശതമാനമായും പിന്നീട് 50 ശതമാനമായും ഉയർത്തുക എന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.
എല്ലാ സംഘടനാ തലങ്ങളിലും വനിതാ പ്രാതിനിധ്യം ഉയർത്താനാണ് വേദാന്ത ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഖനനം, ലോഹം, എണ്ണ, വാതകം, വൈദ്യുതി, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ കരിയർ കെട്ടിപ്പടുക്കാൻ കമ്പനി സ്ത്രീകളെ ക്ഷണിച്ചു. #ഹെർഅറ്റ്ദകോർ ( #HerAtTheCore )എന്ന പേരിൽ പ്രത്യേക കാമ്പെയ്ൻ കമ്പനി ആരംഭിച്ചിട്ടുണ്ട്.
നൂതന സാങ്കേതിക വിദ്യകൾ സഹായകരമാകും
2023-24 ൽ വ്യവസായ മേഖലകളിലെ നേരിട്ടുള്ള തൊഴിലുകളിൽ ഏകദേശം 18 ശതമാനം മാത്രമാണ് സ്ത്രീ പങ്കാളിത്തം. ഖനനം, ലോഹം തുടങ്ങിയ മേഖലകളിൽ ആറു ശതമാനം മാത്രമാണ് വനിതകൾ എന്ന് വ്യവസായ വാർഷിക സർവേ സൂചിപ്പിക്കുന്നു
തൊഴിൽ മേഖലയിലെ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുക മാത്രമല്ല അടിസ്ഥാന സൗകര്യങ്ങളും നൂതന സാങ്കേതികവിദ്യയും ഒരുക്കുമെന്നും കമ്പനി അറിയിച്ചു. സ്ത്രീകൾക്ക് പ്രധാന വ്യവസായ മേഖലകളിൽ പ്രവർത്തിക്കാനാകുന്ന രീതിയിലുള്ള സാഹചര്യങ്ങൾ ഒരുക്കുമെന്ന് വേദാന്ത ലിമിറ്റഡ് നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറും ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് ചെയർപേഴ്‌സണുമായ പ്രിയ അഗർവാൾ ഹെബ്ബാർ ചൂണ്ടിക്കാട്ടുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
