image

6 Nov 2025 2:01 PM IST

India

ഗോപീചന്ദ് ഹിന്ദുജക്ക് ശേഷമാര്?

MyFin Desk

ഗോപീചന്ദ് ഹിന്ദുജക്ക് ശേഷമാര്?
X

Summary

ഹിന്ദുജ ഗ്രൂപ്പ് സഹസ്ഥാപകനായ ഗോപിചന്ദ് ഹിന്ദുജയുടെ മരണത്തോടെ ഹിന്ദുജ ഗ്രൂപ്പിലെ അധികാര മാറ്റം വീണ്ടും ചർച്ചയാകുകയാണ്.


ഹിന്ദുജ ​ഗ്രൂപ്പിൻ്റെ സഹസ്ഥാപകനും യുകെയിലെ ഏറ്റവും വലിയ വ്യവസായികളിലൊരാളുമായ ​ഗോപിചന്ദ് ഹിന്ദുജയുടെ മരണ ശേഷം ഗ്രൂപ്പിലെ അധികാര കൈമാറ്റം വീണ്ടും ചർച്ചയാകുകയാണ് . ഹിന്ദുജ സഹോദരൻമാരിലെ രണ്ടാമനായിരുന്ന ​ഗോപീചന്ദ് ഹിന്ദുജ പരമ്പരാ​ഗത കുടുംബ ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയ‍ർത്തിയയാളാണ്. രാജ്യാന്തര തലത്തിൽ ബിസിനസിനെ ശ്രദ്ധേയമാക്കിയതിനൊപ്പം ഓട്ടോമൊബൈൽ, ഓയിൽ, ബാങ്കിങ്, ഹെൽത്ത് കെയ‍ർ തുടങ്ങിയ വിവിധ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു. ലൂബ്രിക്കൻ്റ്, സ്പെഷ്യാൽറ്റി കെമിക്കൽ രം​ഗത്ത് യുകെയിൽ കമ്പനിയെ ശ്രദ്ധേയ ബ്രാൻഡാക്കി മാറ്റാൻ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഹിന്ദുജ ഓട്ടോമോട്ടീവ് ലിമിറ്റഡ് യുകെയിൽ രജിസ്റ്റ‍ർ ചെയ്തതും ​ഗോപീചന്ദിൻ്റെ സമയത്താണ്.

ആര് നയിക്കും ബിസിനസ്?

ഹിന്ദുജ ​ഗ്രൂപ്പിലെ അധികാരത്ത‍ർക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പലവട്ടം മറനീക്കി പുറത്ത് വന്നതാണ്. 2014-ൽ പിന്തുട‍ർച്ച സംബന്ധിച്ച ത‍ർക്കങ്ങൾ ച‍ർച്ചയായിരുന്നു. കുടുംബത്തിലെ ആഭ്യന്തര തർക്കം പൊതു നിയമ പോരാട്ടങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ​ഗോപീചന്ദ് ഹിന്ദുജയുടെ മരണശേഷം ഇനി ആര് ബിസിനസിനെ നയിക്കും എന്ന ച‍ർച്ചകളാണ് ഇപ്പോൾ ഉരുത്തിരിയുന്നത്.

നിലവിലെ നേതൃഘടന അനുസരിച്ച് ഹിന്ദുജ ഗ്രൂപ്പ് ചെയർമാനായ പ്രകാശ് ഹിന്ദുജയും ഇന്ത്യയിലെ ഹിന്ദുജ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനായ അശോക് ഹിന്ദുജയും, ഗോപിചന്ദ് ഹിന്ദുജയ്ക്ക് തൊട്ടുതാഴെ വരുന്നവരാണ്. അദ്ദേഹത്തിന്റെ അഭാവത്തിൽ സ്വാഭാവികമായി പ്രകാശ് ഹിന്ദുജക്കും അശോക് ഹിന്ദുജക്കുമാണ് മുൻതൂക്കം. പിന്തുടർച്ചക്കാരിൽ മൂന്നാം തലമുറയിൽ നിന്നുള്ള ഗോപിചന്ദ് ഹിന്ദുജയുടെ മകൻ ധീരജ് ഹിന്ദുജയുണ്ട്, അശോക് ലെയ്‌ലാൻഡ് ഗ്രൂപ്പിന്റെ ചെയർമാനാണ് അദ്ദേഹം. മകൻ സഞ്ജയ് ഹിന്ദുജ ഗൾഫ് ഓയിലിന്റെ ചെയർമാനാണ്. പ്രകാശ് ഹിന്ദുജയുടെ മകൻ ഷോം ഹിന്ദുജ ഹിന്ദുജ ഹിന്ദുജ റിന്യൂവബിൾസിന്റെ ചെയർമാനാണ്. ശ്രീചന്ദ് ഹിന്ദുജയുടെ പെൺമക്കളായ വിനൂ ഹിന്ദുജയും ഷാനു ഹിന്ദുജയും ബിസിനസിലുണ്ട്. ഇവരാണ് സ്വിറ്റ്‌സർലൻഡിൽ ഹിന്ദുജ ബാങ്ക് കൈകാര്യം ചെയ്യുന്നത്.