4 Nov 2025 11:54 AM IST
Summary
പുതിയ പ്രതിസന്ധി നേരിട്ട് അനിൽ അംബാനി; ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത് 4462 കോടി രൂപയുടെ ആസ്തി
ഭീമമായ കടക്കെണിയിൽ നിന്ന് റിലയൻസിൻ്റെ അനിൽ അംബാനി ഗ്രൂപ്പ് കമ്പനികൾ തിരിച്ചുകയറുന്നതായി സൂചനകൾ ഉണ്ടായിരുന്നു. റിലയൻസ് ഇൻഫ്ര ഓഹരികളിൽ ഉൾപ്പെടെ ഈ മാറ്റം പ്രകടമായി തുടങ്ങിയതുമാണ്. നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയിലെ അനിൽ അംബാനിയുടെ 132 ഏക്കറിലധികം ഭൂമിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ കണ്ടുകെട്ടിയത് . ഏതാണ്ട് 4,462.81 കോടി രൂപയിലധികമാണ് ഈ ഭൂമിയുടെ മൂല്യം. ഇതോടെ അനിൽ അംബാനിയുടെ വിവിധ വായ്പാ തട്ടിപ്പുകേസുകളിലായി കണ്ടുകെട്ടിയ മൊത്തം ആസ്തി 7,500 കോടി രൂപയിലധികമാണ്. ഇത് നിക്ഷേപകരെ വീണ്ടും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
എന്താണ് അനിൽ അംബാനിക്ക് കുരുക്കായത്?
റിലയൻസ് കമ്മ്യൂണിക്കേഷൻസും മറ്റ് അനിൽ അംബാനി ഗ്രൂപ്പ് കമ്പനികളും വിവിധ ബാങ്ക് വായ്പകൾ വകമാറ്റി ചെലവഴിച്ചുവെന്നാണ് ആരോപണം.നേരത്തെ, ആർകോം, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ 3,083 കോടി രൂപയിലധികം വിലമതിക്കുന്ന 42 സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ആറ് വർഷത്തിലേറെയായി റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് പാപ്പരത്ത നടപടികൾ നേരിടുകയാണ്. കോർപ്പറേറ്റ് ഇൻസോൾവൻസി റെസല്യൂഷൻ പ്രോസസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിലവിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും പരിഗണനയിലാണ്.
ഇഡി കണ്ടുകെട്ടിയ ആസ്തികളിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസിൻ്റെ ഡൽഹിയിലെ റിലയൻസ് സെന്ററും നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയുമുണ്ട്.
എന്താണ് കേസ്?
2010 നും 2012 നും ഇടയിൽ റിലയൻസ് കമ്മ്യൂണിക്കേഷനും വിവിധ ഗ്രൂപ്പ് കമ്പനികളും ആഭ്യന്തര, വിദേശ വായ്പാദാതാക്കളിൽ നിന്ന് 40,185 കോടി രൂപയുടെ വായ്പകൾ നേടിയിട്ടുണ്ട്. ഇതിൽ അഞ്ച് ബാങ്കുകൾ വായ്പാ അക്കൗണ്ടുകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചതായി ഇഡി വെളിപ്പെടുത്തുന്നു. ഒരു ബാങ്കിൽ നിന്ന് എടുത്ത വായ്പകൾ മറ്റ് സ്ഥാപനങ്ങളുടെ വായ്പകൾ തിരിച്ചടയ്ക്കാൻ ഉപയോഗിച്ചതായും, ബന്ധപ്പെട്ട കക്ഷികൾക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. ലോൺ തുക മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചതായും അന്വേഷണ ഏജൻസി കണ്ടെത്തി. വായ്പാ വ്യവസ്ഥകൾ ലംഘിച്ച നടപടിയാണിതെന്നാണ് ഇഡി നിരീക്ഷണം.
പഠിക്കാം & സമ്പാദിക്കാം
Home
