19 May 2026 10:53 AM IST
Summary
സിവിൽ, ക്രിമിനൽ കേസുകൾ യുഎസ് അവസാനിപ്പിച്ചത് അദാനി 57 കോടി രൂപയും സാഗർ അദാനി 115 കോടി രൂപയും നൽകിയത് കൊണ്ടാണോ? അല്ല. അദാനി ചെലവഴിച്ചത് ഭീമൻ തുക
ഗൗതം അദാനിക്കെതിരായ സിവിൽ, ക്രിമിനൽ കേസുകൾ പിൻവലിക്കുകയാണ് യുഎസ് . സൗരോർജ പദ്ധതികളിലെ കൈക്കൂലിയുമായി ബന്ധപ്പെട്ട കേസിൽ അദാനി മാത്രം ഏതാണ്ട് 57 കോടി രൂപയും അനന്തരവൻ സാഗർ അദാനി 115 കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് മാത്രമല്ല സിവിൽ കേസുകൾ പിൻവലിക്കാൻ കാരണം.
ഇറാനിയൻ ഊർജ്ജം വാങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണവും ഒത്തുതീർപ്പാക്കാനായി വൻതുകയാണ് അദാനി എൻ്റപ്രൈസസ് യുഎസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനായി അദാനി എന്റർപ്രൈസസ് യുഎസ് ട്രഷറി വകുപ്പിന് നൽകുന്നത് 27 .5 കോടി ഡോളറാണ്. ഏതാണ്ട് 2500 കോടി രൂപയിലധികം വരുമിത്.
വിനയായത് ദുബായി ഇടപാട്
2023 നവംബർ മുതൽ 2025 ജൂൺ വരെ ഇറാനിയൻ ഊർജ്ജം വാങ്ങിയതുമായി ബന്ധപ്പെട്ട കേസാണ് അദാനി എന്റർപ്രൈസസിനെതിരെയുള്ള മറ്റൊരു കേസ്. ഇതും തിങ്കളാഴ്ച യുഎസ് ട്രഷറി വകുപ്പ് തീർപ്പാക്കി. ഇറാനെതിരെയുള്ള ഉപരോധങ്ങൾ ലംഘിച്ച ഊർജ ഇടപാടുകൾ നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ്.
ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ നിന്ന് കമ്പനി ദ്രവീകൃത പെട്രോളിയം വാതകം, ദ്രവീകൃത പ്രകൃതി വാതകവും വാങ്ങിയിരുന്നു. ഇറാനിൽ നിന്നാണ് കമ്പനി വാങ്ങിയത് എന്നതാണ് യുഎസിനെ പ്രകോപിപ്പിച്ചത്. ഇന്ത്യയിലെ സൗരോർജം പദ്ധതികൾക്കായി കൈക്കൂലി നൽകിയത് യുഎസ് നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചതുമായി ബന്ധപ്പെട്ട നിലവിലുള്ള കേസിന് പുറമെയായിരുന്നു അദാനി നേരിട്ട നിയമപരമായ ഈ ഊരാക്കുടുക്ക്. ഗൗതം അദാനിക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ യുഎസ് ഒഴിവാക്കുന്നതിലൂടെ അന്താരാഷ്ട്ര വിപണികൾ വീണ്ടും അദാനി ഗ്രൂപ്പിന് തുറന്ന് കിട്ടുകയാണ് . പ്രത്യേകിച്ച് യുഎസ് വിപണി.
നിക്ഷേപകർക്കും നേട്ടം
യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ , ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് , ട്രഷറി ഡിപ്പാർട്ട്മെന്റ് എന്നിവയുമായുള്ള ഒത്തുതീർപ്പുകൾ അദാനിക്ക് നേട്ടമാകും. അദാനി ഇൻഡസ്ട്രീസിലെ വിദേശ സ്ഥാപന നിക്ഷേപകരെ പിന്തിരിപ്പിച്ച ആരോപണം ഇല്ലാതാക്കാനും നീക്കം സഹായിക്കും. 2024 ലെ കുറ്റപത്രം ഡോളർ മൂല്യമുള്ള ബോണ്ടുകൾ പുറപ്പെടുവിക്കുന്നതിനും അമേരിക്കൻ, യൂറോപ്യൻ സ്ഥാപന നിക്ഷേപകരിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനുമുള്ള അദാനിയുടെ ശ്രമങ്ങളെ ബാധിച്ചിരുന്നു. ഗ്രൂപ്പിന് കടം പുനത്രമീകരിക്കുന്നതിനുൾപ്പെടെ പുതിയ ഒത്തുതീർപ്പ് നീക്കം സഹായകരമാകും. ആഗോള ഊർജ പദ്ധതികൾ അടിസ്ഥാന സൗകര്യ രംഗത്തെ പുതിയ പദ്ധതികൾ എന്നിവക്കും ഇത് നിർണായകമാകും. വാർത്ത പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികളിൽ മുന്നേറ്റം. അദാനി എൻ്റപ്രൈസസ് ഓഹരികൾ രാവിലെ 2741 രൂപയിലാണ്.
പഠിക്കാം & സമ്പാദിക്കാം
Home
