23 Oct 2025 2:55 PM IST
Summary
തെക്കുകിഴക്കന്‍ ഏഷ്യയിലെ ലഘുഭക്ഷണങ്ങളില്‍ സംസ്‌കരിച്ച ഇന്ത്യന്‍ ഉരുളക്കിഴങ്ങ് അവിഭാജ്യ ഘടകം
ലഘുഭക്ഷണത്തിന് കുറുമുറെ കഴിക്കാന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. പലരും ഇത് ആരോഗ്യ കാരണങ്ങളാല്‍ മാത്രമാണ് ഒഴിവാക്കുന്നത്. അല്ലാതെ താല്‍പ്പര്യക്കുറവുകാരണമല്ല. ഇതില്‍ പ്രധാനമായത് ഉരുളക്കിഴങ്ങിന്റെ ഫ്രൈഡ് ഇനങ്ങളാണ്. ഇപ്പോള്‍ കണക്കുകള്‍ വ്യക്തമാക്കുന്നത് സംസ്‌കരിച്ച ഉരുളക്കിഴങ്ങിന് തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ സ്വാദേറുന്നു എന്നാണ്.
ജലാംശം നീക്കം ചെയ്ത ഉരുളക്കിഴങ്ങ് തരികളുടെയും പെല്ലറ്റുകളുടെയും കയറ്റുമതി 2021-22 ല്‍ 11.4 മില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2024-25 ല്‍ 63.3 മില്യണ്‍ യുഎസ് ഡോളറായാണ് ഉയര്‍ന്നത്.
സംസ്‌കരിച്ച ഉരുളക്കിഴങ്ങ് ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്‌കരിച്ച ഭക്ഷ്യ കയറ്റുമതി വിഭാഗമായി മാറിയിട്ടുണ്ട്. ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ മേഖലയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം അതിവേഗത്തില്‍ മുന്നേറുന്നത് കയറ്റുമതിക്ക് ഊര്‍ജ്ജം പകരുന്നു.
ആരോഗ്യകരമായ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്ന മറ്റ് സംസ്‌കരിച്ച ഉരുളക്കിഴങ്ങ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ മാവ്, സ്റ്റാര്‍ച്ച്, ചിപ്സ്, റെഡി-ടു-ഈറ്റ് ഇനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ ഇനങ്ങളുടെ കയറ്റുമതി 2021-22 ല്‍ 6.2 മില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 18.8 മില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു.
'ഏകദേശം 80 ശതമാനം കയറ്റുമതിയും മലേഷ്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്കാണ് പോകുന്നതെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) സ്ഥാപകന്‍ അജയ് ശ്രീവാസ്തവ് പറഞ്ഞു.
ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പുതിയ ഡീഹൈഡ്രേഷന്‍ പ്ലാന്റുകള്‍, കോണ്‍ട്രാക്റ്റ് ഫാമിംഗ്, കോള്‍ഡ്-ചെയിന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലൂടെ കുതിച്ചുചാട്ടത്തിന് നേതൃത്വം നല്‍കുന്നു. ലോകത്ത് ഏറ്റവുമധികം ഉരുളക്കിഴങ്ങ് ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഏകദേശം 56 ദശലക്ഷം ഉരുളക്കിഴങ്ങ് ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.
ഏഷ്യയിലെ ലഘുഭക്ഷണ വ്യവസായങ്ങള്‍ക്ക് വിശ്വസനീയവും കുറഞ്ഞ ചെലവിലുള്ളതും വര്‍ഷം മുഴുവനും സേവനമുള്ളതുമായ ഒരു വിതരണക്കാരനായി ഇന്ത്യ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് അജയ് ശ്രീവാസ്തവ് പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം ഉരുളക്കിഴങ്ങ് തരികളും പെല്ലറ്റുകളും വാങ്ങുന്ന രാജ്യമാണ് മലേഷ്യ, ഇറക്കുമതി 5.1 മില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 22.1 മില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. ഫിലിപ്പീന്‍സും ഇന്തോനേഷ്യയും തൊട്ടുപിന്നിലുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
