image

17 Sep 2023 12:30 PM GMT

Kerala

ഒറ്റ മരത്തിന് 1.25 കോടി; ചന്ദന ലേലത്തില്‍ റെക്കോഡ് നേട്ടവുമായി കേരളം

MyFin Desk

1.25 crore in one go kerala with record profit in sandalwood auction
X

Summary

  • ഒരു മരത്തിന്‍റെ വേരുകൾ മാത്രം 27.34 ലക്ഷം രൂപയ്ക്ക്
  • കർണാടക സോപ്‌സ് മാത്രം 27 കോടി രൂപയ്ക്ക് ചന്ദനം വാങ്ങി


സമാനതകളില്ലാത്ത സുഗന്ധത്തിന് പേരുകേട്ട മറയൂർ ചന്ദന മരങ്ങളുടെ ഓണ്‍ലൈന്‍ ലേലത്തിലൂടെ സംസ്ഥാന വനംവകുപ്പ് ഈ മാസത്തില്‍ സ്വന്തമാക്കിയത് റെക്കോഡ് വരുമാനം. കർണാടക സോപ്‌സ്, ഔഷധി, ജയ്പൂർ സിഎംടി, കെഎഫ്‌ഡിസി, ദേവസ്വം ബോർഡുകൾ എന്നിങ്ങനെ വൻകിട കമ്പനികളും സ്ഥാപനങ്ങളും പങ്കെടുത്ത ലേലത്തിലൂടെ 37.22 കോടി രൂപ ലഭിച്ചതായി മറയൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നിന്നും വനമേഖലയിൽ നിന്നും ശേഖരിച്ച ചന്ദനമാണ് ലേലം ചെയ്തത്. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നിന്നുള്ള ചന്ദനത്തടികൾക്ക് ലഭിക്കുന്ന തുക ഭൂവുടമകൾക്ക് കൈമാറുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മറയൂരിലെ ഒരു സ്വകാര്യ ഭൂമിയില്‍ നിന്നുള്ള ചന്ദനമരത്തിന് 1.25 കോടി രൂപ ലഭിച്ചു. അതിന്റെ വേരുകൾ മാത്രം 27.34 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നും മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാർ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

കൂടുതല്‍ സ്വകാര്യ വ്യക്തികൾ ചന്ദന കൃഷിക്കായി മുന്നോട്ടു വന്നതോടെ, സ്വകാര്യ കർഷകരിൽ നിന്ന് ശേഖരിച്ച 4,226 കിലോ ചന്ദനം ലേലം ചെയ്തതിലൂടെ മാത്രം മൂന്ന് കോടിയിലധികം രൂപ ലഭിച്ചു. മറയൂർ ചന്ദനത്തിന് പുറമെ കേരള വനം വകുപ്പിന്റെ മറ്റ് ഡിവിഷനുകളിൽ നിന്നുള്ള സുഗന്ധമുള്ള തടികളും ഇവിടെ ലേലം ചെയ്തിരുന്നു. മറ്റ് ഡിവിഷനുകളിൽ നിന്നുള്ള 9,418 കിലോ ചന്ദനം ലേലം ചെയ്തു.

ഈ വർഷം നടത്തുന്ന രണ്ടാമത്തെ ഓൺലൈൻ ലേലമാണിത്. നാല് സെഷനുകളിലായി രണ്ട് ദിവസങ്ങളിലൂടെ നടന്ന ലേലത്തില്‍ 15 വ്യത്യസ്ത വിഭാഗങ്ങളിലെ 68.632 ടൺ ചന്ദനമാണ് ലേലത്തിൽ ഉള്‍പ്പെടുത്തിയത്. ഇതിൽ 30467.25 കിലോ ചന്ദനം വിറ്റുതീർന്നു. ആദ്യ ദിനം 28.96 കോടി രൂപയ്ക്കും രണ്ടാം ദിനം 8.26 കോടി രൂപയ്ക്കും ചന്ദനം ലേലം ചെയ്തു.

കർണാടക സോപ്‌സ് മാത്രം 27 കോടി രൂപയ്ക്ക് 25.99 ടൺ ചന്ദനം വാങ്ങിയിട്ടുണ്ട്. വെള്ള ചന്ദനത്തിന്റെ പുറംതൊലി, വേരുകൾ എന്നിവയും ലേലത്തിൽ ഉൾപ്പെട്ടിരുന്നു. വെള്ളച്ചന്ദനത്തിന്റെ പുറംതൊലിക്ക് ലഭിച്ച ചുരുങ്ങിയ വില കിലോഗ്രാമിന് 225 രൂപയാണ്. ഈ വർഷം മാർച്ചിൽ നടന്ന ആദ്യ ലേലത്തിൽ 31 കോടി രൂപയ്ക്കാണ് ചന്ദനം ലേലത്തിൽ പോയത്.

മൂന്നാർ ഹിൽസ്റ്റേഷനിൽ നിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മറയൂർ, കേരളത്തില്‍ പ്രകൃതിദത്തമായി ചന്ദനം വളരുന്ന ഒരേയൊരു പ്രദേശമാണ്.