image

24 July 2023 2:45 PM IST

Kerala

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ; 59 ലക്ഷം രൂപ വകയിരുത്തി ധനകാര്യ വകുപ്പ്

Kochi Bureau

cochlear implantation 59 lakhs allocated by the finance department
X

Summary

  • സംസ്ഥാനത്തെ മെഡിക്കല്‍ കോളെജുകളിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.


സംസ്ഥാനത്ത് അടിയന്തരമായി നടത്തേണ്ട 25 കുട്ടികളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ്ഗ്രഡേഷന് 59,47,500 രൂപ ധനകാര്യ വകുപ്പ് വകയിരുത്തി. സാമൂഹ്യ സുരക്ഷാ മിഷന്‍ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ മെഷീന്റെ അപ്ഗ്രഡേഷന് ആവശ്യമായ തുക അനുവദിച്ചതായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ.) അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ധന വകുപ്പ് നല്‍കിയ തുകയായ 59,47,500 രൂപയാണ് എസ്.എച്ച്.എ., സാമൂഹ്യ സുരക്ഷാ മിഷന് അനുവദിച്ചത്. ഈ കുട്ടികള്‍ക്കാവശ്യമായ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ്ഗ്രഡേഷന്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി തന്നെ നടത്താനാകും.

സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യ സുരക്ഷാ മിഷനാണ് ശ്രുതിതരംഗം പദ്ധതി നടത്തി വന്നിരുന്നത്. ഈ പദ്ധതി ആരോഗ്യ വകുപ്പിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയുടേയും സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടേയും ധനകാര്യ വകുപ്പിന്റേയും നേതൃത്വത്തില്‍ രണ്ട് തവണയും ഉദ്യോഗസ്ഥ തലത്തില്‍ നിരവധി തവണയും മീറ്റിംഗുകള്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കിയത്.

നിലവിലുള്ളവരുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ മെഷീന്റെ അപ്ഗ്രഡേഷന്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴിയും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ ചികിത്സ എസ്.എച്ച്.എ. വഴിയുമായുരിക്കും നടത്തുക. ഇതിനാവശ്യമായ ധനസഹായം എസ്.എച്ച്.എ നല്‍കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ഉത്തരവായിരുന്നു.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് തുടങ്ങി ഈ മേഖലയിലെ വിദഗ്ധര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം വിവിധ ആശുപത്രികളില്‍ സജ്ജമാക്കുന്നതാണ്. പുതിയ ശ്രുതിതരംഗം പദ്ധതിയില്‍ ഉള്‍പ്പെട്ട 49 പേരുടെ ലിസ്റ്റ് സാമൂഹ്യ സുരക്ഷാ മിഷന്‍ എസ്.എച്ച്.എ.യ്ക്ക് കൈമാറിയിട്ടുണ്ട്. എസ്.എച്ച്.എ.യുടെ പാക്കേജ് പ്രകാരം ആവശ്യമായ കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതാണ്.

ശ്രുതിതരംഗം പദ്ധതി ആരോഗ്യ വകുപ്പ് ഏറ്റെടുക്കുന്നതോടെ കൂടുതല്‍ സുഗമമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ശ്രുതിതരംഗം പദ്ധതിയിലേക്ക് സര്‍ക്കാര്‍ എംപാനല്‍ ചെയ്ത ആശുപത്രി വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.