27 Nov 2025 11:19 AM IST
Summary
എഐടിപി എടുത്ത വാഹനങ്ങള്‍ സീറ്റ് അടിസ്ഥാനമാക്കി 35,000 മുതല്‍ 41,000 രൂപവരെ ത്രൈമാസ നികുതി നല്‍കേണ്ടി വരും
ഓള്‍ ഇന്ത്യാപെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് നികുതി ചുമത്തുന്നത് സംസ്ഥാനങ്ങള്‍ക്ക് തുടരാം. നികുതി ചുമത്തുന്നത് തടഞ്ഞതില്‍ നിന്ന് കേന്ദ്രം പിന്മാറുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം നികുതിയീടാക്കാനുള്ള ക്രമീകരണം 'വാഹന്‍' സോഫ്റ്റ്വേറില്‍ ഉടന്‍ ഉള്‍ക്കൊള്ളിക്കും. ഇതോടെ പുറമേ നിന്ന് എഐടിപി എടുത്ത വാഹനങ്ങള്‍ സീറ്റ് അടിസ്ഥാനമാക്കി 35,000 മുതല്‍ 41,000 രൂപവരെ ത്രൈമാസ നികുതി നല്‍കേണ്ടി വരും. റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പിന്മാറ്റം.
നികുതിയീടാക്കാനുള്ള സോഫ്റ്റ്വേറിലെ സൗകര്യം കഴിഞ്ഞമേയിലാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ പിന്‍വലിച്ചത്. സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യബസുടമകൾ കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിക്ക് നല്‍കിയ നിവേദനത്തെത്തുടര്‍ന്നായിരുന്നു കേന്ദ്രത്തിന്റെ ഈ ഇടപെടല്‍. കേന്ദ്രീകൃതനികുതി നല്‍കിയാല്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകനികുതി ഈടാക്കാന്‍ വ്യവസ്ഥയില്ലെന്നാണ് സ്വകാര്യബസുടമകളുടെ വാദം.
വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നികുതിഘടനകള്‍ വിനോദസഞ്ചാരികള്‍ക്ക് തടസ്സമാകുന്നത് തടയാന്‍ 2021-ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എഐടിപിയുടെ പേരില്‍ സ്വകാര്യ ബസുടമകളും സംസ്ഥാനസര്‍ക്കാരും തമ്മില്‍ ഏറെക്കാലമായി തര്‍ക്കം തുടര്‍ന്നു വരികയാണ്. എഐടിപിയുടെ മറവില്‍ ആഡംബരബസുകള്‍ ഉപയോഗിച്ച് സമാന്തര സര്‍വീസ് നടത്തുന്നത് സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തെ അറിയിച്ചു. പെര്‍മിറ്റ് ദുരുപയോഗത്തോട് കേന്ദ്രത്തിനും യോജിപ്പില്ലായിരുന്നു. ഇതാണ് നിലവില്‍ കേന്ദ്ര തീരുമാനം മാറാനുള്ള കാരണം.
പഠിക്കാം & സമ്പാദിക്കാം
Home
