image

5 Nov 2023 3:45 PM IST

Kerala

തോട്ടം മേഖലയിൽ മിശ്ര വിള അനുവദിക്കുന്നത് പരിഗണനയില്‍: മന്ത്രി പി.പ്രസാദ്

MyFin Desk

allowing mixed cropping in plantation sector under consideration, minister p prasad
X

Summary

  • തോട്ടം വിളകള്‍ സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ സഹായകരം
  • കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് പരിശ്രമിക്കുന്നു


സംസ്ഥാനത്തെ തോട്ടം മേഖലയിൽ മിശ്രവിള അനുവദിക്കണമെന്ന ആവശ്യം സർക്കാർ ഗൗരവമായി ചർച്ച ചെയ്യുമെന്ന് കൃഷി മന്ത്രി പി.പ്രസാദ്. കേരളത്തെ കാർബൺ ന്യൂട്രൽ ആക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ ഓഫ് പ്ലാൻ്റേഴ്സ് ഓഫ് കേരള ( എപികെ ) വാർഷിക പൊതുയോഗം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ മൂല്യവർധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കണം. കൃഷിയുടെ ആനുകൂല്യം പറ്റാത്ത ഒരാളും ലോകത്തില്ല. തോട്ടവിളകൾക്ക് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ സഹായം നൽകാൻ കഴിയും. എ പി കെ യുടെ ആവശ്യങ്ങളിൽ ക്രിയാത്മകമായ ഇടപെടൽ നടത്തുമെന്നും മന്ത്രി ഉറപ്പ് നൽകി. തോട്ടം തൊഴിലാളികളുടെ മക്കൾക്ക് എ പി കെ നൽകുന്ന സ്കോളർഷിപ്പ് മന്ത്രി വിതരണം ചെയ്തു.

ഏക വിള ലാഭകരമല്ലെന്നും പ്ലാൻ്റേഷൻ ഏരിയയുടെ 30 ശതമാനം സ്ഥലത്ത് മറ്റ് കൃഷികൾക്ക് അനുമതി നൽകണമെന്ന് എ പി കെ ചെയർമാൻ എ.കെ ജലീൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഉല്‍പ്പാദനം വർധിപ്പിക്കുന്നതിനായി സാങ്കേതിക ഗവേഷണം അനിവാര്യമാണ്. ഇതിനായി സ്പെഷ്യൽ പർപ്പസ് ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർഥിച്ചു. കേര പദ്ധതി പ്രകാരം പ്ലാൻ്റേഷൻ ഡയറക്ടറേറ്റ് 200 കോടി രൂപ അനുവദിക്കാൻ നിർദേശിച്ചിരിക്കുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഉപാസി വൈസ് പ്രസിഡൻ്റ് കെ.മാത്യു എബ്രഹാം, എ പി കെ വൈസ് ചെയർമാൻ പ്രിൻസ് തോമസ് ജോർജ്, സെക്രട്ടറി ബി.കെ അജിത് എന്നിവരും പങ്കെടുത്തു.