21 March 2026 9:12 PM IST
Summary
ഭൂമിയേറ്റെടുക്കല്‍ നടപടിക്ക് ഒന്നര വര്‍ഷവും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷവും
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് അങ്കമാലി-എരുമേലി ശബരി റെയില്‍പാത ആറ് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷ. ശബരി റെയില്‍പാതയിലൂടെ 2032-ഓടെ റെയില്‍ ഗതാഗത സൗകര്യം ലഭ്യമാകുമെന്ന് ശബരിപാത ആക്ഷന്‍ കൗണ്‍സില്‍ ഫെഡറേഷന്‍ ജനറല്‍ കണ്‍വീനറും മുന്‍ എം.എല്‍.എയുമായ ബാബു പോള്‍ അറിയിച്ചു. പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ നടപടിക്ക് ഒന്നര വര്‍ഷവും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷവും വേണ്ടിവരുമെന്നാണ് റെയില്‍വേ നിര്‍മാണവിഭാഗം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അങ്കമാലി ശബരി റെയില്‍പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്ന് 303.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കി റെവന്യൂ വകുപ്പാണ് ഉത്തരവിറക്കിയത്. എറണാകുളം ജില്ലയില്‍ നിന്ന് 152.5 ഹെക്ടറും ഇടുക്കിയില്‍ നിന്ന് 31.64 ഹെക്ടറും കോട്ടയത്തുനിന്ന് 119.8 ഹെക്ടറുമാണ് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുന്നത്. എറണാകുളം ജില്ലയില്‍ 17 വില്ലേജുകളിലേയും ഇടുക്കിയില്‍ മൂന്നിടത്തെയും കോട്ടയത്ത് 13 വില്ലേജുകളിലേയും ഭൂമിയാണ് ശബരി റെയില്‍പാതയുടെ ഭാഗമാവുക. ഏറ്റെടുക്കുന്ന ഭൂമിയുടെ സര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉത്തരവിലുണ്ട്.
എറണാകുളം, ഇടുക്കി ജില്ലകളിലെ ഭൂമി ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറാനാണ് റവന്യൂവകുപ്പ് ലക്ഷ്യമിടുന്നത്. കോട്ടയത്തെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം വരെ എടുത്തേക്കാമെന്നാണ് വിലയിരുത്തല്‍. ഭൂമി കൈമാറുന്ന മുറയ്ക്ക് റെയില്‍വേ നിര്‍മാണ വിഭാഗം പാതയുടേയും പാലങ്ങളുടേയും പണികള്‍ ആരംഭിക്കും. 2032-ഓടെ നിര്‍മാണം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാനാകും എന്നാണ് പ്രതീക്ഷ.
മൂന്ന് പതിറ്റാണ്ടിൻ്റെ പദ്ധതി
1997-98ലെ റെയില്‍വേ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി-എരുമേലി ശബരി റെയില്‍പാത. കേരളത്തിൻ്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയായാണ് അങ്കമാലി-എരുമേലി ശബരി റെയില്‍പാതയെ കണക്കാക്കുന്നത്. 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത, ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാര്‍ഗമാണ്. അതോടൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇത് സഹായകരമാവുകയും ചെയ്യും. 2009-ല്‍ പദ്ധതി നിര്‍മാണം ആരംഭിച്ചെങ്കിലും അങ്കമാലി മുതല്‍ കാലടി വരെയുള്ള പാത, കാലടി റെയില്‍വേ സ്റ്റേഷന്‍, പെരിയാര്‍ നദിക്ക് കുറുകെയുള്ള പാലം എന്നിവയുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്. ഇത് 2013 ല്‍ പൂര്‍ത്തിയായെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 12 വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. പദ്ധതി ചെലവിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നിര്‍മാണം പാതിവഴിയില്‍ നിലച്ചത്. ഇപ്പോള്‍ നിര്‍മാണച്ചെലവിന്റെ 50 ശതമാനം തുകയായ 1,900 കോടി രൂപ കിഫ്ബി മുഖേനെ നല്‍കാന്‍ കേരള സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവന്‍വെച്ചത്.
റെയില്‍പാത കടന്നുപോകുന്ന സ്‌റ്റേഷനുകള്‍
ശബരി റെയില്‍പാതയില്‍ 14 സ്റ്റേഷനുകളാണ് വരുന്നത്. ദേശീയപാതയും എംസി റോഡും കടന്നുപോകുന്ന അങ്കമാലിയില്‍ നിന്നാണ് ശബരിപാത ആരംഭിക്കുന്നത്. നിലവില്‍ അങ്കമാലി മുതല്‍ വാപ്പാലശ്ശേരി, നായത്തോട്, പിരാരൂര്‍, മറ്റൂര്‍ വഴി കാലടി വരെ 7 കിലോമീറ്റര്‍ പാത നിര്‍മിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് റെയില്‍പാത കടന്നുപോകുന്ന മറ്റ് സ്‌റ്റേഷനുകള്‍. പദ്ധതി പൂര്‍ത്തിയാകുന്നതോടെ, ദേശീയപാത 66-ല്‍ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പ്രദേശങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയും. ഭാവിയില്‍ തിരുവനന്തപുരം വരെ പാത നീട്ടുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
