11 Nov 2026 4:01 PM IST
Summary
ഓട്ടോ,ടാക്‌സി നിരക്കുകള്‍ ജനുവരി ഒന്നു മുതല്‍ വര്‍ധിക്കും
സംസ്ഥാനത്ത് ഓട്ടോ,ടാക്‌സി നിരക്കുകള്‍ ജനുവരി ഒന്നു മുതല്‍ വര്‍ധിക്കും. നിരക്ക് പരിഷ്‌കരണം ആവശ്യപ്പെട്ട് ഓട്ടോ- ടാക്സി സേവനങ്ങളുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങാനിരിക്കെയാണ് ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍. ഓട്ടോ ടാക്സി യൂണിയനുകളുമായി ഗതാഗതമന്ത്രി സി പി ജോണ്‍ നടത്തിയ ചര്‍ച്ചയിലാണ് നിരക്ക് കൂട്ടാമെന്ന് യൂണിയനുകള്‍ക്ക് ഉറപ്പ് നല്‍കിയത്. ഇതോടെ പണിമുടക്ക് പിന്‍വലിക്കാന്‍ യൂണിയനുകള്‍ തീരുമാനിച്ചു.
ജനുവരി ഒന്നുമുതല്‍ നിരക്ക് കൂട്ടാനാണ് ധാരണയായിരിക്കുന്നത്. നിരക്ക് എത്ര കൂട്ടണം എന്നതില്‍ പഠനം നടത്താന്‍ കമ്മീഷനെ വെയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്നും 50 ആയും ടാക്സിയുടെത് 250 രൂപയില്‍ നിന്നും 300 രൂപയായും ഉയര്‍ത്തണമെന്നാണ് യൂണിയനുകളുടെ ആവശ്യം.
നിരക്ക് വര്‍ധനയ്ക്ക് പുറമെ തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവെച്ച മറ്റ് ചില ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. ഓട്ടോറിക്ഷാ, ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഇഎസ്ഐ അനുവദിക്കുക, മഞ്ഞ ബോര്‍ഡ് വെക്കാതെ ഓടുന്ന ടൂ വീലര്‍ ടാക്സികളെ നിയന്ത്രിക്കുക, ഹോട്ടലുകളിലും മറ്റും ഡ്രൈവര്‍മാര്‍ക്ക് വിശ്രമമുറി ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
നിരക്കുകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ ട്രേഡ് യൂണിയനുകള്‍ സംസ്ഥാന സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ യോഗം വിളിച്ചെങ്കിലും തീരുമാനമായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
