9 Oct 2026 5:41 PM IST
Summary
കേരളത്തിൻ്റെ പരമ്പരാഗത ആയുർവേദ സാധ്യതകൾ എങ്ങനെ മികച്ച ബിസിനസ് മോഡലാക്കി വളർത്തും. ഇപ്പോൾ നേരിടുന്നത് ഒട്ടേറെ വെല്ലുവിളികൾ
ആയുര്‍വേദമേഖലയില്‍ കേരളത്തിനുള്ള പാരമ്പര്യവും ശക്തിയും വിശ്വാസ്യതയും വിജയകരമായ ബിസിനസ്സ് മോഡലുകളാക്കി മാറ്റാനാകണമെന്ന് അന്താരാഷ്ട്ര ലൈഫ് സയന്‍സസ് വ്യവസായ ഉച്ചകോടിയായ 'ബയോ കണക്ട് 4.0' ല്‍ വിദഗ്ദ്ധര്‍ . മെച്ചപ്പെട്ട ഗുണനിലവാര നിര്‍ണ്ണയത്തിലൂടെയും അക്കാദമിക രംഗവും വ്യാവസായിക മേഖലയും തമ്മിലുള്ള വിടവ് നികത്തുന്നതിലൂടെയും ഇത് സാധ്യമാകുമെന്നും അവര്‍ പറഞ്ഞു.
ആയുര്‍വേദത്തിന്‍റെ ഭാവി സാധ്യതകളെക്കുറിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ പച്ചമരുന്നുകളുടെ ലഭ്യതക്കുറവ് മറികടന്ന് കൂടുതല്‍ ആയുര്‍വേദ മരുന്നുകള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും ആയുര്‍വേദത്തില്‍ ആവശ്യമായ ഗുണനിലവാര നിര്‍ണയ രീതികളെക്കുറിച്ചും വിദഗ്ദ്ധര്‍ ചര്‍ച്ച ചെയ്തു.
ആയുര്‍വേദത്തിന്‍റെ ഈറ്റില്ലമാണ് കേരളമെന്നും 900 ലധികം ഔഷധസസ്യ ഇനങ്ങള്‍ പശ്ചിമഘട്ടത്തിലുണ്ടെന്നും ഡോ. സഞ്ജീവ് കുമാര്‍ ചൂണ്ടിക്കാട്ടി. പച്ചമരുന്നുകളുടെ ലഭ്യതക്കുറവ് കാരണം ആയുര്‍വേദ മരുന്നുകളുടെ വ്യാവസായിക ഉത്പാദനത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല.
ആയുർവേദ മരുന്നുകളിൽ കുറവ് ; വേണം പരിഹാരം
പൊതുജനാരോഗ്യ സംവിധാനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തെളിവുകളില്‍ അധിഷ്ഠിതമായ പ്രചാരണം വേണം. കേരളത്തിന്‍റെ കരുത്തായിരുന്ന പരമ്പരാഗത ആയുര്‍വേദ മരുന്നുകളില്‍ ഇപ്പോള്‍ കുറവ് വന്നിട്ടുണ്ട്. വ്യവസായ മേഖലയും താഴെത്തട്ടിലുള്ള ആയുര്‍വേദ പ്രാക്ടീഷണര്‍മാരും തമ്മിലുള്ള വിടവ് നികത്തി ആഗോള വിപണിയിലേക്ക് എത്താന്‍ സാധിക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം.
ആയുര്‍വേദ മേഖലയില്‍ കേരളം ശക്തമാണെങ്കിലും ബിസിനസ്സ് രംഗത്ത് മത്സരശേഷി കുറവാണ്. മരുന്നുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാമഗ്രികളുടെയും പ്രക്രിയകളുടെയും ഗുണനിലവാര നിയന്ത്രണം ആയുര്‍വേദത്തില്‍ ഏറെ പ്രധാനമാണ്. കേരളത്തില്‍ നിര്‍മ്മിക്കുന്ന ആയുര്‍വേദ ഉത്പന്നങ്ങളുടെ 'മെറ്റീരിയല്‍ സേഫ്റ്റി ഡാറ്റാ ഷീറ്റ്' ലാബുകളുടെ സഹായത്തോടെ തയ്യാറാക്കാന്‍ ശ്രമിക്കണമെന്നും ഇത് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
