16 Nov 2023 12:51 PM IST
തലവേദനയാകുന്ന റിവ്യൂ ബോംബിങ്; ബാന്ദ്ര സിനിമയുടെ നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചു
Kochi Bureau
Summary
- പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സിനിമയെക്കുറിച്ച് വ്യാജ പ്രചരണം നടത്തുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര സിനിമക്കെതിരെ നെഗറ്റീവ് റിവ്യൂ നല്‍കിയ ഏഴു യൂട്യൂബര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചു. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്്‌ളോഗ്സ്, ഷാസ് മുഹമ്മദ്, അര്‍ജുന്‍, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരേ കേസെടുക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.
റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ കമ്പനിയ്ക്ക് നഷ്ടമുണ്ടാകുന്ന രീതിയില്‍ നെഗറ്റീവ് ക്യാമ്പയിന്‍ നല്‍കിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇവര്‍ക്കെതിരേ കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സിനിമയെക്കുറിച്ച് വ്യാജ പ്രചരണം നടത്തുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഈയടുത്ത കാലത്ത് മലയാളികള്‍ക്കിടയില്‍ സജീവമായ വാക്കാണ് 'റിവ്യൂ ബോംബിങ്'. സമൂഹമാധ്യമങ്ങളിലൂടെ നെഗറ്റീവ് റിവ്യൂ പങ്കുവച്ച് സിനിമയെ തകര്‍ക്കുന്നതിനെ 'റിവ്യൂ ബോംബിങ്' എന്നു വാക്കു കൊണ്ടാണ് കോടതി പോലും അടയാളപ്പെടുത്തിയത്. നെഗറ്റീവ് റിവ്യൂകള്‍ അതിരുവിടുമ്പോള്‍ കോടികള്‍ നഷ്ടമാകുന്നുവെന്നാണ് സിനിമാപ്രവര്‍ത്തകര്‍ പറയുന്നത്. സിനിമയെക്കുറിച്ച് അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെങ്കിലും മനഃപൂര്‍വം വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ പരാതിയുണ്ടെങ്കില്‍ നടപടി സ്വീകരിക്കാമെന്ന് പോലീസ് വ്യക്തമാക്കാക്കി. കൂടാതെ പണം തട്ടുന്നതിന് വേണ്ടി അണിയറ പ്രവര്‍ത്തകരെ സമീപിക്കുകയോ മറ്റോ ചെയ്താലും പരാതിപ്പെടാന്‍ കഴിയും.
ദീപാവലി റിലീസുകള്‍ തിയേറ്റരില്‍ പ്രദര്‍ശനം തുടരുമ്പോള്‍ റിവ്യൂ ബോംബിംങ് മുന്നോട്ടുള്ള പ്രദര്‍ശനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 'രാമലീല'യ്ക്ക് ശേഷം ദിലീപ് - അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ്'ബാന്ദ്ര'. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ താരനിരകളാണ് ചിത്രത്തിന്റെ പ്രത്യേകത. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ശ്രദ്ധേയ കഥാപാത്രങ്ങളാണ്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങിവര്‍ ചിത്രത്തിലുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
