image

29 March 2026 10:02 PM IST

Kerala

പാചകവാതക പ്രതിസന്ധി; മത്സ്യബന്ധന മേഖലയേയും ബാധിച്ചു

MyFin Desk

പാചകവാതക പ്രതിസന്ധി; മത്സ്യബന്ധന മേഖലയേയും ബാധിച്ചു
X

Summary

ഒരാഴ്ചയോളം കടലില്‍ കിടക്കുന്ന ബോട്ടുകള്‍ മൂന്നിലേറെ സിലിണ്ടറുകള്‍ കൊണ്ടുപോകാറുണ്ട്


പാചക വാതക പ്രതിസന്ധി സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വേനല്‍ക്കാലത്ത് പൊതുവേ മീന്‍ലഭ്യത കുറവാണ്. ഇതോടൊപ്പം പാചകവാതക പ്രതിസന്ധി കൂടി വന്നത് മത്സ്യബന്ധന മേഖല ബുദ്ധിമുട്ടിലാക്കി. ബോട്ടുകളിലും വള്ളങ്ങളിലുമായി കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നവര്‍ക്ക് ഭക്ഷണം പാകംചെയ്യാന്‍ കഴിയാത്തതിനാല്‍ പല ബോട്ടുകളും കടലില്‍ ചെലവഴിക്കുന്ന സമയവും കടലില്‍ പോകുന്നതും കുറച്ചു.

12 മണിക്കൂറിലേറെ കടലില്‍ ജോലിചെയ്യുന്ന മിക്ക ബോട്ടുകളിലും വള്ളങ്ങളിലും ഭക്ഷണം പാകം ചെയ്യുന്നുണ്ട്. ഒരാഴ്ചയോളം കടലില്‍ കിടക്കുന്ന ബോട്ടുകള്‍ മൂന്നിലേറെ സിലിണ്ടറുകള്‍ കൊണ്ടുപോകാറുണ്ട്. 40 പേര്‍ ജോലി ചെയ്യുന്ന ഇന്‍ബോര്‍ഡ് വള്ളത്തില്‍ ഒരു സിലിണ്ടര്‍ 3 ദിവസം കൊണ്ട് തീരും. സിലിണ്ടര്‍ കിട്ടാതായതോടെ ഭക്ഷണം പാകം ചെയ്യുന്നത് പല ബോട്ടുകളും വള്ളങ്ങളും ഒഴിവാക്കി. വീടുകളില്‍ നിന്നു ഭക്ഷണം കൊണ്ടുപോയും കടലില്‍ ചെലവഴിക്കുന്ന സമയം കുറച്ചുമാണ് മത്സ്യത്തൊഴിലാളികള്‍ ഈ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം കാണുന്നത്.

ഗ്യാസ് ക്ഷാമത്തെ തുടര്‍ന്ന് പലസ്ഥലങ്ങളിലും ഹോട്ടലുകള്‍ അടച്ചതിനാല്‍ ഹാര്‍ബറുകളില്‍ തിരിച്ചെത്തി മീന്‍ വിറ്റ ശേഷം വീട്ടിലെത്തിയാലേ പലപ്പോഴും ഭക്ഷണം കഴിക്കാനാകൂ എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഹോട്ടല്‍ മേഖലയ്ക്ക് എല്‍പിജി സിലിണ്ടര്‍ അനുവദിക്കുന്നതിന് സമാനമായി മത്സ്യബന്ധന മേഖലയ്ക്കും അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.