image

1 Dec 2025 3:54 PM IST

Kerala

കേരളത്തിലെ ആരോഗ്യ മേഖല കോർപ്പറേറ്റ് രംഗം കീഴടക്കുമ്പോൾ

MyFin Desk

കേരളത്തിലെ ആരോഗ്യ മേഖല കോർപ്പറേറ്റ് രംഗം കീഴടക്കുമ്പോൾ
X

Summary

കേരളത്തിലെ ആരോഗ്യമേഖലയിൽ ശതകോടികൾ മുടക്കി കോർപ്പറേറ്റ് കമ്പനികൾ; ആരോഗ്യ മേഖലയെ ഇത് എങ്ങനെ ബാധിക്കും?


സർക്കാർ ആശുപത്രികളും മിതമായ നിരക്കിലുള്ള സ്വകാര്യ ആശുപത്രികളുമായിരുന്നു കേരളത്തിൻറെ ആരോഗ്യ രംഗത്തിൻറെ പ്രത്യേകത. എന്നാൽ, ആ ചിത്രം മാറുകയാണ്. കേരളത്തിലെ ചികിത്സാ രംഗത്തേക്ക് കോടികളുമായി വൻകിട കോർപ്പറേറ്റുകൾ കടന്നുവരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാത്രം ഏകദേശം 6,000 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഈ മേഖലയിൽ എത്തിയത്.

തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ അമേരിക്കൻ കമ്പനിയായ 'ബ്ലാക്ക്‌സ്റ്റോൺ' നിക്ഷേപിച്ചത് 3,300 കോടി രൂപയാണ്. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മറ്റൊരു വമ്പൻ ആഗോള സ്ഥാപനമായ കെകെആർ നിക്ഷേപിച്ചത് 2,500 കോടി രൂപയും. ആരോഗ്യമേഖല കോർപ്പറേറ്റുകൾക്കായി തുറന്നിടുമ്പോൾ ആശുപത്രികൾ 'സാന്ത്വന കേന്ദ്രങ്ങളായാണോ' അതോ ലാഭം മാത്രം നോക്കുന്ന 'കോർപ്പറേറ്റ് കമ്പനികളായാണോ' പ്രവർത്തിക്കുക?

വിദ്യാഭ്യാസവും ആരോഗ്യവും കച്ചവടമല്ല എന്ന് ഊറ്റം കൊണ്ടിരുന്ന കേരളം, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ 'ഹെൽത്ത് മാർക്കറ്റ്' ആയി മാറിക്കൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവന് ഇനി വലിയ ആശുപത്രികളുടെ പടി കയറാൻ പറ്റുമോ? അതോ ചികിത്സ എന്നത് പണമുള്ളവന്റെ മാത്രം അവകാശമായി മാറുമോ? ആശുപത്രികൾ കോർപ്പറേറ്റുകൾക്ക് വഴിമാറുമ്പോൾ, ചികിത്സ കച്ചവടം മാത്രമായി മാറുന്നുണ്ടോ എന്ന് ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു.

3300 കോടി രൂപയുടെ ഇടപാടാണ് കിംസ് ബ്ലാക്ക്‌സ്റ്റോണുമായി നടത്തിയത്. ഒരു സേവന സ്ഥാപനം എന്നതിൽ നിന്ന് മാറി, ലാഭം നോക്കുന്ന 'കോർപ്പറേറ്റ് ബിസിനസ്' ആയി ആശുപത്രികൾ മാറാൻ ഇത്തരം വൻകിട നിക്ഷേപങ്ങൾ വഴിയൊരുക്കും. വിദേശ നിക്ഷേപം വന്നില്ലെങ്കിൽ ആശുപത്രികൾക്ക് വികസിക്കാൻ കഴിയില്ല എന്നതാണ് സ്ഥിതിയെങ്കിൽ, നാളെ കൂടുതൽ ആശുപ്ത്രികൾ ഇത്തരത്തിൽ വൻകിട നിക്ഷേപം സ്വീകരിക്കാൻ നിർബന്ധിതരാകും.

ഡോക്ടർമാരുടെ റെവന്യൂ ടാർഗറ്റ യാഥാർത്ഥ്യമോ?

എന്നാൽ മികച്ച സൗകര്യങ്ങളും സാങ്കേതികവിദ്യയും കൊണ്ടുവരാൻ ഇത്തരം ഏറ്റെടുക്കലുകൾ സഹായിക്കും എന്ന വശം കാണാതിരിക്കുന്നില്ല. പക്ഷേ ശതകോടികൾ ഒഴുകുന്ന ഒരു മേഖലയായി ആരോഗ്യ രംഗം മാറുമ്പോൾ റെവന്യൂ ടാർഗെറ്റിനൊപ്പമെത്താൻ ഡോക്ടർമാരും നിർബന്ധിതരാകും. ഇത്രയും വലിയ തുക ആരോഗ്യ രംഗത്ത് മുടക്കുന്ന വിദേശ കമ്പനികൾ ആ പണം തിരിച്ചുപിടിക്കാൻ ശ്രമിക്കുക സ്വാഭാവികമാണല്ലോ? ഇത് ദൂരവ്യപാകമായ ഒത്തിരി പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും.

സ്വാഭാവികമായും ചികിത്സാ നിരക്ക് കുത്തനെ ഉയർത്താൻ സ്വകാര്യ ആശുപത്രികൾ നിർബന്ധിതരാകും. ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് മാത്രമേ ഇനി ചികിത്സ പോലും കിട്ടൂ എന്ന സ്ഥിതി കോർപ്പറേറ്റ് ആശുപത്രികളിലുണ്ടാകുമോ?

നല്ല ശമ്പളം കിട്ടുന്നതുകൊണ്ട് ഡോക്ടർമാർ കോർപ്പറേറ്റ് ആശുപത്രികളിലേക്ക് ചേക്കേറുകയാണ്. സർക്കാർ ആശുപത്രികളിലും ഗ്രാമങ്ങളിലും സേവനം ചെയ്യാൻ നല്ല ഡോക്ടർമാരെ കിട്ടാത്ത അവസ്ഥയുണ്ടാകരുത്. ആരോഗ്യ രംഗത്ത് കോർപ്പറേറ്റ് മേഖല പിടിമുറുക്കുന്നതിന് ഒപ്പം സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗം താറുമാറുകുമ്പോൾ സർക്കാർ ഇടപെടൽ ഫലപ്രദമായേ തീരൂ.