image

7 May 2026 6:27 PM IST

Kerala

അങ്കമാലി-തിരുവനന്തപുരം ഡ്രീന്‍ഫീല്‍ഡ് ഹൈവേ; പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യം

MyFin Desk

അങ്കമാലി-തിരുവനന്തപുരം ഡ്രീന്‍ഫീല്‍ഡ് ഹൈവേ; പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യം
X

Summary

പദ്ധതി അനിവാര്യമാണെന്ന് പൊതുപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു


മധ്യകേരളത്തിന്റെ വികസന സ്വപ്‌നമായി ദേശീയപാതാ അതോറിറ്റി പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി-തിരുവനന്തപുരം ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി. എം.സി റോഡിന് സമാന്തരമായി നാലുവരി പാതയായി ആസൂത്രണം ചെയ്തിരുന്ന പദ്ധതിയുടെ പ്രാഥമിക അലൈൻമെന്റും ഡിജിറ്റൽ സ്കെച്ചും പുറത്തുവന്നിരുന്നെങ്കിലും പിന്നീട് നിശ്ചലമായി. പദ്ധതി പുനരുജ്ജീവിപ്പിച്ച് ഹൈവേ യാഥാർത്ഥ്യമാക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.

ഏകദേശം 275 കിലോമീറ്റർ ദൂരവും 45 മീറ്റർ വീതിയും വരുന്ന നാലുവരി പാതയാണ് കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പരിയോജനയിൽ ഉൾപ്പെടുത്തി വിഭാവനം ചെയ്ത ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം/അരുവിക്കര ഭാഗത്തുനിന്ന് ആരംഭിച്ച് എറണാകുളം ജില്ലയിലെ അങ്കമാലിയിൽ അവസാനിക്കുന്ന രീതിയിലായിരുന്നു പ്ലാൻ. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ ചില ഭാഗങ്ങളിൽ എലിവേറ്റഡ് പാതകൾ നിർമിക്കാനും ആലോചനയുണ്ടായിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ സജീവമായി മുന്നോട്ടുപോയ പദ്ധതി, പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. പദ്ധതി തൽക്കാലം പരിഗണനയിലില്ലെന്നായിരുന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ പ്രഖ്യാപിച്ചത്.

കേരളത്തിലെ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണം. ഹൈവേ വരുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള (അങ്കമാലി) യാത്രാസമയം ഏകദേശം 4 മുതൽ 5 മണിക്കൂർ വരെ ആയി കുറയ്ക്കാൻ കഴിയും. അവികസിത ഗ്രാമപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന രീതിയിലായിരുന്നു പാതയുടെ രൂപരേഖ. ഇതിലൂടെ ഉൾനാടൻ മേഖലകളിലെ വികസനത്തിനും ചരക്ക് ഗതാഗതത്തിനും വലിയ സഹായമുണ്ടാകുമെന്നാണ് വിലയിരുത്തൽ. നിലവിലുള്ള എം.സി റോഡിലെയും ദേശീയപാത 66-ലെയും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഹൈവേ വരുന്നതോടെ പരിഹാരമാകും.

പാതിവഴിയിൽ നിന്നുപോയ പദ്ധതി പുനരുജ്ജീവിപ്പിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഭാവിയിലെ ഗതാഗത ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ പദ്ധതി അനിവാര്യമാണെന്ന് പൊതുപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പദ്ധതി യാഥാർത്ഥ്യമാക്കാൻ ജനപ്രതിനിധികൾ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം ശക്തമാണ്.