25 Sept 2026 6:33 PM IST
Summary
ആലുവ-അങ്കമാലി മെട്രോ വിപുലീകരണ പദ്ധതിയോടും ശ്രീധരന്‍ എതിര്‍പ്പ് രേഖപ്പെടുത്തി
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കൊച്ചിയില്‍ അര്‍ബന്‍ റോപ്പ്വേ സംവിധാനം പരിഗണിക്കണമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ഐലന്‍ഡ് വഴി മഹാരാജാസ് കോളേജ് വരെയാണ് റോപ്പ്വേ നിര്‍ദേശിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ക്ക് ഇ. ശ്രീധരന്‍ കത്ത് നല്‍കി. മണിക്കൂറില്‍ ഏകദേശം 5,000 മുതല്‍ 6,000 വരെ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ അര്‍ബന്‍ റോപ്പ്വേ സംവിധാനത്തിന് കഴിയുമെന്നും, മെട്രോ നിര്‍മിക്കാന്‍ ആവശ്യമായ വീതിയുള്ള റോഡുകള്‍ പല മേഖലകളിലും ഇല്ലാത്ത സാഹചര്യത്തില്‍ റോപ്പ്വേ പരിഗണിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.
മെട്രോ സംവിധാനവുമായി താരതമ്യം ചെയ്യുമ്പോള്‍ റോപ്പ്വേയുടെ നിര്‍മാണച്ചെലവ് ഏകദേശം മൂന്നിലൊന്നോളം മാത്രമായിരിക്കുമെന്നാണ് ശ്രീധരന്റെ കത്തിലെ പരാമര്‍ശം. കൊച്ചിയില്‍ മൂന്നാം മെട്രോ ലൈന്‍ സംബന്ധിച്ച തീരുമാനത്തിലേക്ക് കടക്കുന്നതിന് മുമ്പ് കെഎംആര്‍എല്ലിന്റെ സാങ്കേതിക വിഭാഗം ബൊളീവിയ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ നഗര റോപ്പ്വേ സംവിധാനങ്ങളും വാരാണസിയില്‍ അടുത്തിടെ പൂര്‍ത്തിയായ റോപ്പ്വേ പദ്ധതിയും പഠിക്കണമെന്നും ശ്രീധരന്‍ നിര്‍ദേശിച്ചു.
അതേസമയം, ആലുവ-അങ്കമാലി മെട്രോ വിപുലീകരണ പദ്ധതിയോടും ശ്രീധരന്‍ എതിര്‍പ്പ് രേഖപ്പെടുത്തി. വിമാനത്താവളത്തിലേക്ക് മറ്റ് റെയില്‍ ഗതാഗത സംവിധാനങ്ങള്‍ കൂടി വരാനിരിക്കുന്ന സാഹചര്യത്തില്‍ ഈ മെട്രോ പാതയ്ക്ക് ആവശ്യമായ യാത്രക്കാരെ ലഭിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
പകരം, അരൂര്‍ മുതല്‍ എടപ്പള്ളി വഴി വരാപ്പുഴ വരെ ദേശീയപാത ബൈപ്പാസിനോട് ചേര്‍ന്ന് ഉയര്‍ന്ന പാതയിലൂടെയുള്ള മെട്രോ കോറിഡോര്‍ മൂന്നാം മെട്രോ ലൈനായി പരിഗണിക്കണമെന്നാണ് ശ്രീധരന്റെ മറ്റൊരു നിര്‍ദേശം. വിമാനത്താവളത്തിലേക്കുള്ള മെട്രോ കണക്ഷന്റെ സാമ്പത്തിക പ്രായോഗികതയെക്കുറിച്ചും അദ്ദേഹം കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
