image

3 Jan 2024 2:30 PM GMT

Kerala

മൂലധനം ഇനി പ്രശ്നമല്ല; വായ്പ ഊർജിതമാക്കാൻ ഇസാഫ്

C L Jose

മൂലധനം ഇനി പ്രശ്നമല്ല; വായ്പ ഊർജിതമാക്കാൻ ഇസാഫ്
X

Summary

  • സിഎആർ നേരത്തെയുള്ള 20.57 ശതമാനത്തിൽ നിന്ന് 25 ശതമാനത്തിലേക്ക്
  • സിഎആർ 18 ശതമാനത്തിൽ നിലനിർത്താൻ ഞങ്ങൾ ശ്രമിക്കും
  • നിഷ്ക്രിയ ആസ്തി കുതിച്ചുയാർന്നത് ഒരു ഒറ്റത്തവണ പ്രതിഭാസമെന്ന് സിഇഒ


കൊച്ചി: ഓഹരി വിപണിയിൽ നിന്ന് പുതുതായി 391 കോടി രൂപ സമാഹരിച്ചതിനെ തുടർന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ലോൺ ബുക്ക് വിപുലീകരിക്കാൻ തയ്യാറെടുക്കുന്നതായി ഇസാഫ് എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) കെ പോൾ തോമസ് പറഞ്ഞു.

391 കോടി രൂപയുടെ ഓഹരികളുടെ പുതിയ ഇഷ്യൂവും 72 കോടി രൂപയുടെ ഓഫർ ഫോർ സെയിൽ (OFS) ഉം ഉൾപ്പെടുന്ന 463 കോടി രൂപയുടെ ഐപിഒ നവംബറിലാണ് ബാങ്ക് പുറത്തിറക്കിയത്.

2023 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ 140.12 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്ത ഇസാഫ് ബാങ്കിന് 449.47 കോടി രൂപ അടച്ച മൂലധനവും (paid up capital) 20.57 ശതമാനം മൂലധന പര്യാപ്തത അനുപാതം (CAR) ഉം 1979.21 കോടി രൂപയുടെ ആസ്തി (net worth) യുമുണ്ട്.

എന്നാൽ ഐ‌പി‌ഒ കഴിഞ്ഞതോടെ ബാങ്കിന്റെ മൂലധന അടിത്തറ ഗണ്യമായി വികസിച്ചു, മൂലധന പര്യാപ്തത അനുപാതം (സിഎആർ) നേരത്തെയുള്ള 20.57 ശതമാനത്തിൽ നിന്ന് 25 ശതമാനത്തിലേക്ക് അടുക്കുന്നു. ആവശ്യമായ മൂലധന പര്യാപ്തത അനുപാതം 15 ശതമാനമാണ്.

ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം ഐപിഒ കഴിഞ്ഞതോടെ ആവശ്യത്തേക്കാൾ വളരെ കൂടുതലായി ഉയർന്നിരിക്കുമെന്ന് അടുത്തിടെ മൈഫിൻ പോയിന്റുമായി സംസാരിച്ച കെ പോൾ തോമസ് വിശദീകരിച്ചു.

“ഞങ്ങൾക്ക് CAR-നോട് യാഥാസ്ഥിതിക സമീപനം ഉണ്ടായിരിക്കുമെന്നത് ശരിയാണ്, എന്നാൽ അതിനർത്ഥം ഞങ്ങൾ 24 അല്ലെങ്കിൽ 25 ശതമാനം വരെ ഒരു CAR നിലനിർത്തുമെന്ന് അർത്ഥമാക്കുന്നില്ല. CAR 18 ശതമാനത്തിൽ നിലനിർത്താൻ ഞങ്ങൾ എപ്പോഴും ശ്രമിക്കും, ബാങ്കിന് നിഷ്‌ക്രിയ മൂലധനം അധികം ഉണ്ടാവാൻ ഞങ്ങൾക്ക് താല്പര്യമില്ല,” കെ പോൾ കൂട്ടിച്ചേർത്തു.

അങ്ങനെയാവുമ്പോൾ വ്യക്തമായും ബാങ്കിന്റെ വായ്പാ അടിത്തറ വിപുലീകരിക്കേണ്ടതുണ്ട്. വായ്പാ വളർച്ച ത്വരിതപ്പെടുത്തുന്നതിന്, വിവിധ തരത്തിലുള്ള വായ്പകളിൽ ബാങ്കിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന തരത്തിൽ കൂടുതൽ രംഗങ്ങളിൽ ബാങ്ക് പ്രവേശിക്കും, കെ പോൾ പറഞ്ഞു.

നിഷ്ക്രിയ ആസ്തി ഒരു ഒറ്റത്തവണ പ്രതിഭാസം

വായ്പകൾക്ക് ഇസാഫ് ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നു എന്ന വിപണിയിൽ നിന്നുള്ള പൊതുവായ പരാതി ശ്രദ്ധയിൽ പെടുത്തിയപ്പോൾ, ബാങ്കിന്റെ ഫണ്ടിന്റെ ചെലവും പ്രവർത്തനച്ചെലവും മറ്റേതൊരു ഷെഡ്യൂൾഡ് ബാങ്കുകളേക്കാളും വളരെ കൂടുതലാണെന്ന് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൂടിയായ പോൾ തോമസ് വാദിച്ചു.

“ഇസാഫിന്റെ വായ്പകൾ മിക്കവാറും ചെറിയ തുകയുടേതാണ്. ഞങ്ങളുടെ ജീവനക്കാർ ആഴ്ചതോറും തിരിച്ചടവ് ശേഖരണത്തിനായി ഓരോ വായ്‌പക്കാരന്റെയും വീട്ടിലേക്ക് എത്തേണ്ടതുണ്ട്, ഇതിൽ ധാരാളം ജോലി മാത്രമല്ല, ധാരാളം ചെലവുകളും ഉൾപ്പെടുന്നു,” അദ്ദേഹം ന്യായീകരിച്ചു.

വർദ്ധിച്ചുവരുന്ന നിഷ്ക്രിയ ആസ്തി (എൻപിഎ; NPA) യെക്കുറിച്ച് സംസാരിച്ചപ്പോൾ, അവ ജൂൺ മുതലാണ് ഒരു കുതിച്ചുചാട്ടം നടത്തിയതെന്നും അത് ഒരു ഒറ്റത്തവണ പ്രതിഭാസം മാത്രമാണെന്നും അടുത്ത പാദത്തിൽ തന്നെ ഇത് സാധാരണ നിലയിലാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.