19 May 2026 7:03 PM IST
Summary
മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെ.എം ചന്ദ്രശേഖരനാണ് സമിതിയുടെ ചെയര്‍മാൻ
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. നാലംഗ വിദഗ്ധ സമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. മുഖ്യമന്ത്രി വി.ഡി സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെ.എം ചന്ദ്രശേഖരനാണ് സമിതിയുടെ ചെയര്‍മാൻ. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ കണ്‍വീനർ. സാമ്പത്തിക വിദഗ്ധന്‍ ഡോ. നാരായണന്‍, സി.ഡി.എസ് ഡയറക്ടര്‍ ഡോ.വീരമണി എന്നിവരാണ് സമിതി അംഗങ്ങള്‍. സ്ഥിതിഗതികള്‍ പരിശോധിച്ച് എത്രയും വേഗം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
ധവളപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഇന്ന് ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കിഫ്ബി അധികൃതരുമായും കൂടിക്കാഴ്ച നടത്തി. കിഫ്ബി സി.ഇ.ഒയുടെ ചുമതല വഹിക്കുന്ന മിനി ആന്റണിയും ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ കണ്ട് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കിഫ്ബിയുടെ സാമ്പത്തിക ബാധ്യതകളും പദ്ധതികളുടെ നിലവിലെ സ്ഥിതിയും മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യും.
പഠിക്കാം & സമ്പാദിക്കാം
Home
