image

17 Dec 2025 5:03 PM IST

Kerala

Oman News Updates : കേരള കര്‍ഷകര്‍ക്ക് ഇനി ഭാഗ്യകാലം, ഒമാന്‍ വിപണി കീഴടക്കാന്‍ നമ്മുടെ ചായയും കാപ്പിയും!

sruthi m m

Oman News Updates : കേരള കര്‍ഷകര്‍ക്ക് ഇനി ഭാഗ്യകാലം, ഒമാന്‍ വിപണി കീഴടക്കാന്‍ നമ്മുടെ ചായയും കാപ്പിയും!
X

Summary

ഒമാന്‍ വിപണി കീഴടക്കാന്‍ ഇനി നമ്മുടെ ചായയും കാപ്പിയും; കേരളത്തിന് കടലോളം അവസരങ്ങളുമായി ഒമാൻ ഇന്ത്യ സാമ്പത്തിക കരാർ


ഇന്ത്യയും ഒമാനും തമ്മിലുള്ള പുതിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ കേരളത്തിലെ കര്‍ഷകര്‍ക്കും കയറ്റുമതി മേഖലയിലുള്ളവർക്കും നേട്ടമാകും. കരാര്‍ കേരളത്തിലെ കര്‍ഷകരുടെ വരുമാനം ഉയർത്തിയേക്കും. നാടന്‍ ചായയും കാപ്പിയും മുതല്‍ കടല്‍ വിഭവങ്ങള്‍ വരെ ഇനി ഒമാന്‍ വിപണിയില്‍ തരംഗമാകാനും വഴിയൊരുങ്ങും. എന്തുകൊണ്ടാണ് ഈ കരാര്‍ കേരളത്തിന് 'ലോട്ടറി' ആകുന്നത്?

കേരളത്തിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഈ കരാര്‍ നല്‍കുന്ന ഏറ്റവും വലിയ നേട്ടം 5% മുതല്‍ 10% വരെ ഉണ്ടായിരുന്ന ഇറക്കുമതി തീരുവ ഒഴിവാക്കപ്പെടുന്നു എന്നതാണ്. ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് ഒമാനില്‍ വന്‍ ഡിമാന്‍ഡുണ്ട്. തീരുവ ഇല്ലാതാകുന്നതോടെ വിയറ്റ്‌നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് നമ്മുടെ നാടന്‍ ഉല്‍പ്പന്നങ്ങള്‍ ഒമാനില്‍ വില്‍ക്കാന്‍ സാധിക്കും. ഇത് നമ്മുടെ കര്‍ഷകര്‍ക്ക് മികച്ച വില ഉറപ്പാക്കും.

കടല്‍ വിഭവങ്ങളുടെ കുതിപ്പ്

കേരളത്തിന്റെ മത്സ്യബന്ധന മേഖലയ്ക്ക് ഈ കരാര്‍ വന്‍ കരുത്താകും. ഒമാന്‍ ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങളില്‍ വലിയൊരു ഭാഗം ഇന്ത്യയില്‍ നിന്നാണ്. പ്രത്യേകിച്ച് ചെമ്മീന്‍, സംസ്‌കരിച്ച മത്സ്യങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ 15-20% വരെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി തുറമുഖം വഴി ഒമാനിലേക്കുള്ള ചരക്ക് നീക്കം വര്‍ദ്ധിക്കുന്നത് ലോജിസ്റ്റിക് മേഖലയിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍

വെറും പച്ചക്കറികളായിട്ടല്ല, മറിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി ഇവ കയറ്റി അയക്കാനുള്ള അവസരം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കുടുംബശ്രീ പോലുള്ള യൂണിറ്റുകള്‍ക്കും ലഭിക്കും. ഒമാനിലെ മലയാളി പ്രവാസികള്‍ക്കിടയില്‍ കേരളാ ബ്രാന്‍ഡുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഈ കരാറിലൂടെ ഇരട്ടിയാകും. ചുരുക്കത്തില്‍. കോരളത്തിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ആഗോള ബ്രാന്‍ഡുകളായി മാറുന്ന കാലം വിദൂരമല്ലെന്ന് അര്‍ത്ഥം.

നിരവധി തൊഴിൽ അവസരങ്ങൾ വരും

ബിസിനസ് വിസകള്‍ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും പ്രത്യേക കരാര്‍ ലക്ഷ്യമിടുന്നു.കയറ്റുമതിയും ഇറക്കുമതിയും വര്‍ദ്ധിക്കുന്നതോടെ ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ്, ഷിപ്പിംഗ് മേഖലകളില്‍ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇന്ത്യന്‍ കമ്പനികള്‍ക്ക് ഒമാനില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ എളുപ്പമാകുന്നതോടെ കൂടുതല്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ അവിടെ പ്രവര്‍ത്തനം തുടങ്ങുകയും മലയാളികള്‍ക്ക് മുന്‍ഗണന ലഭിക്കുകയും ചെയ്യും. ഒമാന്‍ നടപ്പിലാക്കുന്ന 'ഒമാനൈസേഷന്‍' നയങ്ങള്‍ക്കിടയിലും ഇന്ത്യന്‍ തൊഴിലാളികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനും ഇന്ത്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

അതുപോലെ ഐടി പ്രൊഫഷണലുകള്‍, എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവര്‍ക്ക് ഒമാനിലേക്ക് പോകാനുള്ള വിസ നടപടികള്‍ ലളിതമാക്കും. ഒമാന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളികളാകുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള സാധ്യതകളും കരാര്‍ തുറന്നിടുന്നു.