20 Feb 2026 12:18 PM IST
Vaikom Solar Ferry : ഇന്ധനം വേണ്ട, രാജ്യത്ത് ഇതാദ്യമാണ്, 100 ശതമാനം സോളാർ ബോട്ടുകളുമായി വൈക്കം
Rinku Francis
Summary
ഇന്ധനം വേണ്ട, മലിനീകരണവുമില്ല, ഇന്ത്യയിലെ ജലഗതാഗത രംഗത്ത് പുതിയ ചരിത്രമെഴുതി വൈക്കം. രാജ്യത്തെ ആദ്യ സോളാർ ഫെറി നിര വൈക്കത്ത്
ഇന്ത്യയിലെ പൊതു ജലഗതാഗത രംഗത്ത് പുതിയ ചരിത്രമെഴുതുകയാണ് വൈക്കം. രാജ്യത്ത് പൊതുഗതാഗത രംഗത്തെ ആദ്യ പൂർണ സോളാർ ഫെറി വൈക്കത്താണ്. മൂന്ന് സോളാർ ഫെറികളാണ് പുതിയതായി ഉദ്ഘാടാനത്തിന് ഒരുങ്ങുന്നത്. ഇത് കൂടാതെ 100 യാത്രക്കാരെ ഉൾക്കൊള്ളിക്കാനാകുന്ന സോളാർ ഫൈബർ കാറ്റമറൈൻ ബോട്ടും ഫെബ്രുവരി 20 ന് ഉദ്ഘാടനം ചെയ്യുകയാണ്.
വൈക്കം ടെർമിനലിൽ നിന്ന് സർവീസ് നടത്തുന്ന എല്ലാ ബോട്ടുകളും സോളാർവത്കരിക്കും. 11 .50 കോടി രൂപ ചെലവഴിച്ചായിരുന്നു സോളാർ ബോട്ടുകളുടെ നിർമാണം. ഇന്ത്യയുടെ ആദ്യത്തെ സോളാർ ഫെറിയായ ആദിത്യ വെെക്കം കായലിലൂടെയാണ് സർവീസ് നടത്തുന്നത്. ഇത് കൂടാതെയാണ് ഇവിടെക്ക് മൂന്ന് ഫെറികൾ കൂടെയെത്തുന്നത്.
മുൻഗാമിയായി ആദിത്യ
ഇതോടെ വൈക്കത്ത് സർവീസ് നടത്തുന്നതെല്ലാം പൂർണ സോളാർ ഫെറികളായി മാറും. മൊത്തം നാലു ഫെറികളാകും സർവീസ് നടത്തുക. ഒൻപത് വർഷങ്ങൾക്ക് മുമ്പ് 2017 ജനുവരി 12 നാണ് രാജ്യത്തെ ആദ്യ സോളാർ ഫെറി സർവീസ് നടത്തിയത്. വൈക്കം തവണക്കടവ് റൂട്ടിലായിരുന്നു ആദ്യ സർവീസ്.
പിന്നീട് സംസ്ഥാനത്തെ ജലഗതാഗത രംഗത്ത് സോളാർ ബോട്ടുകളുടെ സാധ്യതകൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ദശലക്ഷക്കണക്കിന് യാത്രക്കാരാണ് സോളാർ ബോട്ടിൽ യാത്ര ചെയ്തത്. ജനുവരി 2026 ലാണ് ആദിത്യയുടെ കൂടുതൽ കാര്യക്ഷമമായ അടുത്ത ബോട്ട് പുറത്തിറക്കിയത്. മികച്ച കാര്യക്ഷമതയുള്ള ബാറ്ററികൾ ഉൾപ്പെടുത്തിയാണ് ബോട്ടുകളുടെ അടുത്ത ഘട്ടം നവീകരണം.
ദീർഘദൂര സർവീസുകൾക്കും സോളാർ ബോട്ടുകൾ അനുയോജ്യമാണ് എന്ന് കാണിക്കുകയാണ് വൈക്കത്തെ ഗതാഗത സംവിധാനം. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതും താരതമ്യേന ചെലവ് കുറഞ്ഞതുമായ ഈ മോഡൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാകും.
പഠിക്കാം & സമ്പാദിക്കാം
Home
