image

13 Oct 2023 12:45 PM IST

Kerala

എംഎസ്എംഇ-കള്‍ക്ക് കേരളത്തിന്‍റെ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാം

MyFin Desk

msme can get insurance coverage in kerala
X

Summary

  • റീഇംബേഴ്‌സ്‌മെന്‍റ് രൂപത്തില്‍ വാര്‍ഷിക പ്രീമിയത്തിന്‍റെ 50% സംസ്ഥാന സര്‍ക്കാര്‍ വഹിക്കും
  • പദ്ധതി നടപ്പിലാക്കുന്നത് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി


കേരളത്തിന്‍റെ വളര്‍ന്നു വരുന്ന എംഎസ്എംഇ വ്യവസായങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതി നിലവില്‍ വന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ വിവിധ അപകടസാധ്യതകളിൽ നിന്ന്സംരക്ഷിക്കുകയും മത്സരാധിഷ്ഠിത ബിസിനസ്സ് അന്തരീക്ഷത്തിൽ അഭിവൃദ്ധി പ്രാപിക്കാൻ അവരിൽ ആത്മവിശ്വാസം പകരുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി സംരംഭകര്‍ അടക്കേണ്ട വാര്‍ഷിക പ്രീമിയത്തിന്‍റെ 50 ശതമാനം തുക (പരമാവധി 2500 രൂപ) സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

പദ്ധതി നിര്‍വഹണത്തിനായി നാല് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുമായി വ്യവസായ വാണിജ്യ വകുപ്പ് ഇന്നലെ നടന്ന ചടങ്ങില്‍ കരാര്‍ ഒപ്പിട്ടു. എംഎസ്എംഇ മേഖലയില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ വിവിധ പ്രതിസന്ധികളില്‍ അകപ്പെട്ട് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് തടയാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് ചടങ്ങില്‍ പറഞ്ഞു. നാഷണൽ ഇൻഷ്വറൻസ്,​ ഓറിയന്റൽ ഇൻഷ്വറൻസ്,​ ന്യൂ ഇന്ത്യ അഷ്വറൻസ്,​ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് എന്നീ ബാങ്കുകളുമായാണ് ധാരണാപത്രം ഒപ്പിട്ടിട്ടുള്ളത്.

എംഎസ്എംഇ-കളിലെ ഇന്‍ഷുറന്‍സ് വിടവ്

ഇപ്പോഴുള്ള കണക്കനുസരിച്ച്, കേരളത്തിൽ മൂന്ന് ലക്ഷത്തിലധികം എംഎസ്എംഇകൾ ഉണ്ട്. അതിൽ ഏകദേശം 1,40,000 എണ്ണം സർക്കാരിന്റെ ഇയർ ഓഫ് എന്റർപ്രൈസസ് സംരംഭത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, അതില്‍ ഏകദേശം 15,000 സംരംഭങ്ങള്‍ക്ക് മാത്രമേ വിവിധ അപകടസാധ്യതകൾക്കെതിരെ ഇൻഷുറൻസ് പരിരക്ഷയുള്ളൂ.

ഈ ഇൻഷുറൻസ് പദ്ധതി സംസ്ഥാനത്തിന്റെ വ്യാവസായിക, നിക്ഷേപ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല, സംരംഭകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് നോർക്ക വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല അഭിപ്രായപ്പെട്ടു.

പ്രകൃതി ദുരന്തങ്ങൾ, തീപിടിത്തങ്ങള്‍, മോഷണം, മറ്ര് അപകടങ്ങൾ, വിപണിയിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയുൾപ്പെടെ എംഎസ്എംഇ-കളെ കാര്യമായ അപകട സാധ്യതകളിലേക്ക് നയിച്ചേക്കാവുന്ന നിരവധി അപകടസാധ്യതകളെ ഈ ഇൻഷുറൻസ് സ്കീം ഉൾക്കൊള്ളുന്നു,.

ആനുകൂല്യം എങ്ങനെ സ്വന്തമാക്കാം

കേരളത്തിൽ ഉദ്യം രജിസ്‌ട്രേഷനുള്ളതും, 2023 ഏപ്രിൽ 1-ന് ശേഷം മേല്‍പ്പറഞ്ഞ നാല് പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങളിലൊന്നില്‍ "ഭാരത് സൂക്ഷ്മ/ലഘു ഉദ്യം സ്‌കീമിൽ" എൻറോൾ ചെയ്‌തതുമായ എംഎസ്എംഇ-കള്‍ക്കാണ് പദ്ധതി അനുസരിച്ച് ആനുകൂല്യം ലഭ്യമാക്കുക. മാനുഫാക്ചറിംഗ്, സേവനം, വ്യാപാരം എന്നീ മേഖലകളിലെ സംരംഭങ്ങള്‍ ആനൂകൂല്യത്തിന് അര്‍ഹരാണ്. വാർഷിക പ്രീമിയത്തിന്റെ 50 ശതമാനം തുക റീഇംബേഴ്‌സ്‌മെന്‍റ് രൂപത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.

എംഎസ്എംഇ-കൾ മുഴുവൻ വാർഷിക പ്രീമിയവും അടച്ച് ഇൻഷുറൻസ് പോളിസി വാങ്ങണം, അതിനുശേഷം അവർ അനുബന്ധ രേഖകൾ സഹിതം ഓൺലൈൻ പോർട്ടൽ വഴി ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന് റീഇംബേഴ്സ്മെന്‍റിനുള്ള അപേക്ഷ സമർപ്പിക്കണം. http://msmeinsurance.industry.kerala.gov.in എന്ന വെബ്‍വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ജില്ലാ വ്യവസായ കേന്ദ്രങ്ങൾ അപേക്ഷകൾ പരിശോധിച്ച ശേഷം അർഹമായ റീഇംബേഴ്‌സ്‌മെന്‍റ് എംഎസ്എംഇകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തിരികെ നൽകുകയും ചെയ്യും.