image

5 Dec 2022 2:04 PM GMT

Business

നിക്ഷേപങ്ങൾക്ക് മുഖം തിരിച്ച് കേരള ബാങ്ക്? നിരക്ക് കൂട്ടാതെ രണ്ട് വർഷം

C L Jose

നിക്ഷേപങ്ങൾക്ക് മുഖം തിരിച്ച് കേരള ബാങ്ക്? നിരക്ക് കൂട്ടാതെ രണ്ട് വർഷം
X

Summary

  • 1-2 വർഷം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന ഉയർന്ന നിരക്ക് 6.25 ശതമാനം
  • രണ്ട് വർഷത്തോളമായി കേരള ബാങ്കിന്റെ നിക്ഷേപ നിരക്കുകളിൽ യാതൊരു വ്യത്യാസവുമുണ്ടായിട്ടില്ല
  • ഇസാഫ് ബാങ്ക് മൈക്രോഫിനാൻസ് വായ്പകൾക്ക് 25.51 ശതമാനം വരെ ഉയർന്ന നിരക്കുകൾ ചുമത്തുന്നുണ്ട്.


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് (കെഎസ്‌സിബി) അഥവാ കേരള ബാങ്ക് വിപണിയിലെ പലിശ നിരക്ക് യാഥാർഥ്യങ്ങൾക്ക് നേരെ ഇപ്പോഴും കണ്ണ് തുറന്നിട്ടില്ല എന്ന് തോന്നുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പോളിസി നിരക്കിലെ ചലനം കണക്കിലെടുത്ത് മിക്ക ബാങ്കുകളും അവരുടെ പലിശ നിരക്ക് ഉയർത്തിയിട്ടും, കേരള ബാങ്ക് 1-2 വർഷം കാലാവധി വരെയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോഴും വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്ക് 6.25 ശതമാനം മാത്രമാണ്.

സഹകരണ ബാങ്കുകൾ പരമ്പരാഗത ബാങ്കുകളേക്കാൾ മികച്ച നിരക്കുകൾ വാഗ്ദാനം ചെയ്യുമെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. അതാണ് നിക്ഷേപകർ കാലാകാലങ്ങളായി സഹകരണ ബാങ്കുകളിലേക്ക് ഒഴുകുന്നതിനുള്ള പ്രധാന കാരണം.

2022 മെയ് 4 മുതൽ നാല് തവണകളായി ആർബിഐ അതിന്റെ പോളിസി നിരക്ക് അഥവാ റിപ്പോ നിരക്ക് 190 ബേസിസ് പോയിൻറ് (1.9 ശതമാനം) വർധിപ്പിച്ചിട്ടും രണ്ട് വർഷത്തോളമായി കേരള ബാങ്കിന്റെ നിക്ഷേപ നിരക്കുകളിൽ യാതൊരു വ്യത്യാസവുമുണ്ടായിട്ടില്ലെന്നു ബാങ്കിന്റെ വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു.

(മേയ് 04 - 40 bps; ജൂൺ 08 - 50 bps; ഓഗസ്റ്റ് 05 - 50 bps, സെപ്റ്റംബർ 30 - 50 bps എന്നിങ്ങനെയായിരുന്നു വർദ്ധനവ്; മൂന്നു ദിവസത്തെ പണ നയ കമ്മിറ്റി (MPC) മീറ്റിംഗിന്റെ സമാപനത്തിൽ ബുധനാഴ്ച (ഡിസംബർ 07) മറ്റൊരു വർദ്ധനവ് പ്രതീക്ഷിക്കുന്നു) .

മുൻകൂർ വളർച്ച കൈവരിക്കുന്നതിൽ പരാജയപ്പെട്ട നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനായി മിക്ക ബാങ്കുകളും കഴിഞ്ഞ 6-7 മാസങ്ങൾക്കിടയിൽ തങ്ങളുടെ ടേം ഡെപ്പോസിറ്റ് നിരക്കുകൾ ഒന്ന് രണ്ട് ശതമാനതിനിടയിൽ ഉയർത്തിയിട്ടുണ്ട്.

കേരളം ആസ്ഥാനമായുള്ള ബാങ്കുകളെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ കുറച്ച് മാസങ്ങളായി ടേം ഡെപ്പോസിറ്റ് നിരക്കുകൾ രണ്ട് ശതമാനം (200 ബേസിസ് പോയിന്റ്; bps) വരെ ഉയർത്തിയിട്ടുണ്ട്, നിലവിലെ [ഏറ്റവും ഉയർന്ന] നിരക്കുകൾ 7 മുതൽ 7.5 ശതമാനം വരെയാണ്. ചില ബാങ്കുകൾ മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് പ്രത്യേക പ്രീമിയമായി 50 ബിപിഎസ് അധികം വാഗ്ദാനം ചെയ്യുന്നുമുണ്ട്.

ഇസാഫ് (ESAF) സ്മോൾ ഫിനാൻസ് ബാങ്കിന്റെ കാര്യത്തിൽ, ബാങ്ക് നിലവിൽ 999 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8 ശതമാനം ഉയർന്ന ടേം ഡെപ്പോസിറ്റ് നിരക്കും മുതിർന്ന പൗരന്മാർക്ക് അധികം 50 ബേസിസ് പോയിന്റും വാഗ്ദാനം ചെയ്യുന്നു.

എന്നാൽ, ഇസാഫ് ബാങ്കിന്റെ വായ്പാ നിരക്ക് നിർണയം മറ്റ് ബാങ്കുകളിൽ നിന്ന് വളരെ വ്യത്യാസപ്പെട്ടതാണെന്ന കാര്യം മറക്കുന്നില്ല; അത് മൈക്രോഫിനാൻസ് വായ്പകൾക്ക് 25.51 ശതമാനം വരെ ഉയർന്ന നിരക്കുകൾ ചുമത്തുന്നുണ്ട്.

ഏറ്റവും കുറഞ്ഞ വായ്പ-നിക്ഷേപ അനുപാതം

സംസ്ഥാന സർക്കാരിന്റെ 43 ശതമാനം ഉടമസ്ഥതയിലുള്ള കേരള ബാങ്ക്, ലോൺ ബുക്ക് വിപുലീകരിക്കാൻ താൽപ്പര്യപ്പെടുന്നില്ലെന്ന് തോന്നുന്നു,

2019-ൽ അതിന്റെ രൂപീകരണ ദിനങ്ങൾ മുതൽ ബാങ്ക് പിന്തുടർന്ന് വരുന്ന കുറഞ്ഞ വായ്പ-നിക്ഷേപ അനുപാതം അല്ലെങ്കിൽ ക്രെഡിറ്റ്-ഡിപ്പോസിറ്റ് അനുപാതത്തിൽ (CD ratio) നിന്ന് അത് വ്യക്തമാണ്.

കേരളത്തിലെ ബാങ്കുകൾ പൊതുവെ 70 ശതമാനം മുതൽ 85 ശതമാനം വരെ സിഡി അനുപാതം നിലനിർത്തുമ്പോൾ, കേരള ബാങ്കിന്റെ സിഡി അനുപാതം 2022 ജൂൺ അവസാനത്തിൽ വെറും 62 ശതമാനമാണ്.

2022 ജൂൺ 30 ലെ കണക്കനുസരിച്ച് 68,678.12 കോടി രൂപയുടെ നിക്ഷേപ അടിത്തറയിൽ, കേരള ബാങ്കിന്റെ അഡ്വാൻസുകൾ 42,731.83 കോടി രൂപയാണ്. അതായത്, ബാങ്കിന്റെ ഫണ്ട് ബേസിന്റെ ഗണ്യമായ ഒരു ഭാഗം നിക്ഷേപങ്ങളിലാണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ; മൊത്തം 30,110 കോടി രൂപ (2022 മാർച്ച് 31 വരെ) യാണ് അവയുടെ ഡെറ്റ് സെക്യൂരിറ്റികൾ വാങ്ങുന്നതിനായി ബാങ്ക് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.