image

21 March 2024 12:17 PM IST

Kerala

വേനല്‍ കനക്കുന്നു;കൊച്ചിക്ക് കുടിവെള്ളം മുട്ടുമോ?

MyFin Desk

വേനല്‍ കനക്കുന്നു;കൊച്ചിക്ക്  കുടിവെള്ളം മുട്ടുമോ?
X

Summary

  • ബംഗലൂരു നഗരത്തിലെ പോലെ കൊച്ചിയിലും രൂക്ഷ ജലക്ഷാമത്തിന് സാധ്യത
  • വര്‍ദ്ധിച്ചുവരുന്ന നഗരവത്കരണം ജലസ്‌ത്രോതസുകള്‍ക്ക് ഭീഷണി
  • ജലപ്രതിസന്ധി മറികടക്കാന്‍ അടിയന്തിരമായി കുറഞ്ഞത് പ്രതിദിനം 50 ദശലക്ഷം ലിറ്റര്‍ ജലം ആവശ്യമാണ്.


ബംഗലൂരൂ നഗരത്തിലെ പോലെ കൊച്ചിയിലും സമീപ ഭാവിയില്‍ ജലക്ഷാമം രൂക്ഷമാകുമോ? ദ്രുതഗതിയിലുള്ള നഗരവത്കരണത്തോടൊപ്പം ഉയര്‍ന്ന താപനിലയും കൊച്ചിയെ ജലക്ഷാമത്തിലേക്ക് നയിക്കുമെന്ന് വിലയിരുത്തല്‍. പ്രതിദിനം ഏകദേശം 80 ദശലക്ഷം ലിറ്റര്‍ ജലത്തിൻറെ ക്ഷാമമാണ് കൊച്ചി നഗരം നേരിടുന്നതെന്ന് കേരള വാട്ടര്‍ അതോറിറ്റി വിലയിരുത്തുന്നു. അതേസമയം കൊച്ചി കോര്‍പറേഷനില്‍ മാത്രം പ്രതിവര്‍ഷം 3000 ത്തിലധികം പുതിയ കെട്ടിടങ്ങള്‍ക്കാണ് പെര്‍മിറ്റ് അനുവദിക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 116 ദശലക്ഷം ലിറ്ററിൻറെ ജലക്ഷാമമാകും ഉണ്ടാകുക. നഗരത്തില്‍ പ്രതിദിനം 276 ദശലക്ഷം ലിറ്റര്‍ ജലമാണ് ആവശ്യമായി വരുന്നത്. കേരള ജലഅതോറിറ്റിയുടെ ആലുവ,മരട് പ്ലാന്റില്‍ നിന്ന് ഏകദേശം 200 ദശലക്ഷം ലിറ്റര്‍ ജലമാണ് വിതരണം ചെയ്യുന്നത്.

ജലപ്രതിസന്ധി മറികടക്കാന്‍ അടിയന്തിര നീക്കം

ജലപ്രതിസന്ധി മറികടക്കാന്‍ അടിയന്തിരമായി കുറഞ്ഞത് പ്രതിദിനം 50 ദശലക്ഷം ലിറ്റര്‍ ജലം ആവശ്യമാണ്. നിലവില്‍ വേനല്‍ക്കാല ജലക്ഷാമം പരിഹരിക്കാന്‍ അടിയന്തിര പരിഹാരമാര്‍ഗമാണ് നോക്കുന്നതെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥന്‍ അറിയിച്ചു. അടിയന്തിരമായി പ്രതിദിനം 50 ദശലക്ഷം ലിറ്റര്‍ ജലം ആവശ്യമാണ്. പഴവൂര്‍ പ്ലാന്റിലെ പമ്പ് സെറ്റ് മാറ്റി പുതിയത് സ്ഥാപിച്ചു. ഇതുവഴി നഗരത്തിനായി പ്രതിദിനം 5-6 ദശലക്ഷം ലിറ്റര്‍ ജലം അധികമായി വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാങ്കറുകള്‍ക്ക് വിതരണം ചെയ്യുന്നതിന് മരട് പ്ലാന്റില്‍ 12 മുതല്‍ 20 വരെ വെന്‍ഡിങ്ങ് പോയന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് പരിശ്രമിക്കുന്നത്. ജലഉപഭോഗം വര്‍ദ്ധിച്ചാല്‍ പൈപ്പ് ലൈനുകളില്‍ സമ്മര്‍ദ്ദ വ്യതിയാനം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പ്പറേഷനില്‍ ഏകദേശം 95.55 ശതമാനം കുടുംബങ്ങള്‍ക്കാണ് പൈപ്പ് കണക്ഷനുള്ളത്. നഗരവാസികള്‍ മുഴുവനും പൈപ്പ് കണക്ഷനെയാണ് ആശ്രയിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന നഗരവത്കരണം നിലവിലെ ജലസ്‌ത്രോതസ്സുകള്‍ക്ക് ഭീഷണിയാണ്.

പ്രതിമാസം അനുവദിക്കുന്നത് 270 കെട്ടിട പെര്‍മിറ്റുകള്‍

കൊച്ചി കോര്‍പറേഷനില്‍ പ്രതിമാസം ഏകദേശം 270 ബില്‍ഡിങ്ങ് പെര്‍മിറ്റുകള്‍ക്കാണ് പ്രാദേശിക ഭരണകൂടം അനുമതി നല്‍കുന്നത്. ഇതില്‍ 60 ശതമാനം വീടുകളും ബാക്കിയുള്ളവ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുമാണ്. നഗരത്തില്‍ താമസയോഗ്യമായ കെട്ടിടങ്ങള്‍ക്ക് ആവശ്യകത ഏറിവരികയാണെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. കുടിവെള്ളത്തിനായി ആവശ്യപ്പെടുന്നവരുടെ എണ്ണം 25 ശതമാനത്തോളം വര്‍ദ്ധിച്ചതായി വാട്ടര്‍ ടാങ്കര്‍ ഓപ്പറേറ്റര്‍മാര്‍ വ്യക്തമാക്കുന്നു. ജല ഉപഭോഗം വര്‍ദ്ധിച്ചുവരുന്നതായും ഏപ്രില്‍,മെയ് മാസങ്ങളില്‍ വീണ്ടും ഉയരാനിടയുണ്ടെന്നും എറണാകുളം നഗരത്തിലെ കുടിവെള്ള ക്ഷേമ അസോസിയേഷന്‍ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ വി.എ പറഞ്ഞു.