17 Jan 2024 11:08 AM IST
Summary
- 49 കോടി റെക്കോർഡുകളുടെ പോർട്ടിംഗ് പൂര്‍ത്തിയായി
- പഴയ രേഖകളിലെ അവ്യക്തത ഡാറ്റാ പോർട്ടിംഗ് വൈകാൻ കാരണമായി
- അൻപതിനായിരത്തിലധികം മൊബൈൽ ആപ്പ് ഡൗണ്‍ലോഡുകള്‍
കെ സ്മാർട്ട് ആപ്ലിക്കേഷൻ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പൂർണതോതിൽ ലഭ്യമായി തുടങ്ങിയെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. പ്രഖ്യാപിക്കപ്പെട്ട എല്ലാ സേവനങ്ങളും ഇപ്പോള്‍ കെ-സ്‍മാര്‍ട്ടില്‍ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ വേഗത്തില്‍ ലഭ്യമാക്കുന്ന കെ സ്‍മാര്‍ട്ട് ആപ്ലിക്കേഷന്‍ പുതുവത്സര ദിനത്തിലാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തെ നഗരസഭകളിലാണ് ആദ്യം കെ സ്‍മാര്‍ട്ടിലൂടെ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. 49 കോടി റെക്കോർഡുകളുടെ ഡേറ്റ പോർട്ടിംഗും ആറായിരത്തോളം ജീവനക്കാരുടെ മാപ്പിംഗും പൂർത്തിയാക്കാനെടുത്ത സമയം മൂലം ചില സേവനങ്ങള്‍ ലഭ്യമായി തുടങ്ങാന്‍ രണ്ടാഴ്ചയോളം വൈകുകയായിരുന്നു.
അൻപതിനായിരത്തിലധികം ഡൗണ്‍ലോഡുകള്‍
ചില നഗരസഭകളിലെ പഴയ രേഖകളിലെ അവ്യക്തതയും ഡാറ്റാ പോർട്ടിംഗ് വൈകാൻ കാരണമായി. ഇപ്പോള്‍ ഇതെല്ലാം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ജനുവരി 15 വൈകിട്ട് 5 മണി വരെ ഒരുലക്ഷത്തി അറുനൂറ്റി പതിനാറ് പേരാണ് കെ സ്‍മാര്‍ട്ടില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അൻപതിനായിരത്തിലധികം മൊബൈൽ ആപ്പ് ഡൗണ്‍ലോഡുകളും നടന്നിട്ടുണ്ട്. 22,764 പേരാണ് വിവാഹ-മരണ-ജനന സർട്ടിഫിക്കറ്റിനായി ഇതിനകം അപേക്ഷിച്ചിരിക്കുന്നത്. 24 മണിക്കൂറിനകം തന്നെ ഇതില്‍ മഹാഭൂരിപക്ഷം സർട്ടിഫിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.
അൻപതോളം സർട്ടിഫിക്കറ്റുകള്‍ അപേക്ഷിച്ച് ഒരു മണിക്കൂറിനകവും, ഇരുനൂറിലധികം സർട്ടിഫിക്കറ്റുകള്‍ രണ്ട് മണിക്കൂറിനകവും അപേക്ഷകന് ലഭ്യമാക്കാനായി. 23,627 പേർ വിവിധ ഫീസുകള്‍ ഇതിനകം കെ സ്മാർട്ട് വഴി അടച്ചിട്ടുണ്ട്. നഗരസഭകളിലെ ഫ്രണ്ട് ഓഫീസിലെ ഓൺലൈൻ കിയോസ്കുകളിലൂടെ 9.06 കോടി രൂപയും, ആപ്പ് വഴി 45.86 ലക്ഷം രൂപയുമാണ് ഇങ്ങനെ നഗരസഭകളുടെ ബാങ്ക് അക്കൌണ്ടുകളിലെത്തിയത്. ഇതിൽ 2.47 കോടി രൂപ വസ്തുനികുതിയിനത്തിലാണ് ലഭിച്ചത്.
സംസ്ഥാനത്തെ എല്ലാ കോർപറേഷനുകളിലും 87 മുൻസിപ്പാലിറ്റികളിൽ 85ലും നികുതിയടയ്ക്കാനുള്ള സൗകര്യം ശനിയാഴ്ച ഉച്ചയോടെ തന്നെ തയ്യാറായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. ഇതിനകം 11,642 കെട്ടിടങ്ങളുടെ വസ്തുനികുതി അടച്ചിട്ടുണ്ട്. ആപ്പ് വഴി 34.79 ലക്ഷം രൂപയും, നഗരസഭകളിലെ ഫ്രണ്ട് ഓഫീസിലെ ഓൺലൈൻ കിയോസ്കുകള്‍ വഴി 2.12 കോടി രൂപയും വസ്തുനികുതിയിനത്തിൽ ലഭിച്ചിട്ടുണ്ട്.
പ്രശ്നം 2 നഗരസഭകളില്‍ മാത്രം
നഗരസഭകളിൽ 2016ൽ പൂർത്തിയാക്കേണ്ടിയിരുന്ന വസ്തുനികുതി പരിഷ്കരണം ഇതുവരെയും പൂർത്തിയാക്കാതിരുന്ന പന്തളം, രാമനാട്ടുകര മുൻസിപ്പാലിറ്റികളിലാണ് വസ്തുനികുതി സേവനം കെ സ്മാർട്ടിൽ ലഭ്യമാക്കാൻ സാധിക്കാത്തത്. വസ്തുനികുതി പരിഷ്കരണം അടിയന്തിരമായി പൂർത്തിയാക്കാനും, അതുവരെ നികുതി അടയ്ക്കാനുള്ള ബദൽ സംവിധാനം ഉറപ്പാക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എംബി രാജേഷ് അറിയിച്ചു.
വ്യാപാര ലൈസൻസുകള്‍ പുതുക്കാനുള്ള അപേക്ഷകള്‍ സാധാരണ ഫെബ്രുവരി അവസാനത്തോടെ മാത്രമേ നഗരസഭകള്‍ സ്വീകരിക്കാറുള്ളൂ. ആ സൌകര്യവും ഇതിനകം തന്നെ കെ സ്മാർട്ട് ആപ്ലിക്കേഷനിൽ ലഭ്യമാണ്. ബിൽഡിംഗ് പെർമ്മിറ്റിന് അപേക്ഷിക്കാനുള്ള സൗകര്യവും ദിവസങ്ങള്‍ക്ക് മുൻപ് തന്നെ കെ സ്മാർട്ടിൽ ലഭ്യമാണ്. കെ സ്മാർട്ടിൽ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പരിശീലനം ലൈസൻസ്ഡ് സൂപ്പർവൈസർമാർക്ക് നൽകിയിട്ടുണ്ട്. എല്ലാ സംഘടനാ പ്രതിനിധികള്‍ക്കും സംസ്ഥാന തലത്തിൽ പരിശീലനം പൂർത്തിയാക്കി, സംഘടനകളുടെ നേതൃത്വത്തിൽ ജില്ലാ തലത്തിലുള്ള പരിശീലനം അന്തിമഘട്ടത്തിലാണ്.
രേഖകളിൽ പൊരുത്തക്കേടുകളെങ്കിലും നികുതി അടയ്ക്കാം
സോഫ്റ്റ്‌വെയറിലെ പൊരുത്തക്കേടുകള്‍ മൂലം നികുതിയടയ്ക്കാനുള്ള സൗകര്യം വൈകുമെന്ന പ്രചരണവും വസ്തുതകളുടെ പിൻബലത്തിലല്ലെന്ന് മന്ത്രി പറയുന്നു. നിലവിൽ നികുതിയടയ്ക്കുന്ന എല്ലാവർക്കും തുടർന്നും നികുതി അടയ്ക്കുന്നതിന് യാതൊരു തടസവുമുണ്ടാകില്ല. ലെഗസി ഡാറ്റാ മാനേജ്മെന്റ് സിസ്റ്റം എന്ന പേരിൽ ഈ രേഖകളിൽ തിരുത്തൽ വരുത്താനുള്ള നടപടികള്‍ സമാന്തരമായി നടത്തുന്നതാണ്. കെ സ്മാർട്ട് നിലവിൽ വരുന്നതിന് മുൻപ് നിലവിലുണ്ടായിരുന്ന ഫയലുകള്‍ അന്നുണ്ടായിരുന്ന രീതിയിൽ തന്നെ കൈകാര്യം ചെയ്യാനാണ് നിർദേശിച്ചിട്ടുള്ളത്. ജനുവരി ഒന്നുമുതലുള്ള ഫയലുകള്‍ മാത്രമാണ് കെ സ്മാർട്ടിലൂടെ കൈകാര്യം ചെയ്യുന്നത്. താത്കാലിക ജീവനക്കാർക്ക് പെൻ നമ്പറോ, ജി പെൻ നമ്പറോ ഇല്ലാത്തതിനാൽ ഒന്നാം ഘട്ടത്തിൽ കെ സ്മാർട്ടിൽ ഉള്‍പ്പെടുത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇവർക്ക് താത്കാലിക പെൻ നമ്പർ നൽകി ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
