image

21 Dec 2023 2:27 PM GMT

Kerala

കണ്ണൂർ വിമാനത്താവളത്തെ രക്ഷിക്കാൻ കേരള സർക്കാർ മുതിരുമോ?

C L Jose

കണ്ണൂർ വിമാനത്താവളത്തെ രക്ഷിക്കാൻ കേരള സർക്കാർ മുതിരുമോ?
X

Summary


    കൊച്ചി: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (കിയാൽ; KIAL) സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ വിരൽ ചൂണ്ടുമ്പോഴും, നടപ്പ് സാമ്പത്തിക വർഷത്തിലും നഷ്ടത്തിന്റെ ചരിത്രം ആവർത്തിച്ചാൽ വിമാനത്താവളത്തിന്റെ മൊത്ത മൂല്യം അതിന്റെ അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെ (paid up capital) പകുതിയിൽ താഴെയാകാൻ സാധ്യതയുണ്ട്.

    .

    അടുത്തിടെ മൈഫിൻപോയിന്റിനോട് സംസാരിച്ചപ്പോൾ കിയാൽ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) എംഡിയുമായ വി തുളസീദാസ്, വിദേശ വിമാനക്കമ്പനികളെ വിമാനത്താവളത്തിൽ നിന്ന് സർവീസ് ചെയ്യാൻ അനുവദിക്കാത്ത കേന്ദ്ര സർക്കാരിന്റെ അചഞ്ചലമായ നിലപാടാണ് കിയാലിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയുടെ പ്രധാന കാരണമെന്ന് ആരോപിച്ചിരുന്നു.

    2018 അവസാനത്തോടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ ലാഭത്തിലെത്താൻ കഴിയാത്ത കിയാൽ, മുൻ വർഷത്തെ 124.30 കോടി രൂപ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ 2022-23 (FY23) ൽ 126.27 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി.

    വർഷങ്ങളായി കിയാലിന്റെ സാമ്പത്തിക സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ സഞ്ചിത നഷ്ടം 574.21 കോടി രൂപയിലെത്തി നിൽക്കുമ്പോൾ അതിന്റെ ഓഹരി മൂലധനമാകട്ടെ 1338.39 കോടി രൂപയാണ്.

    തുടർച്ചയായ നഷ്‌ടമുണ്ടാക്കുന്ന വിമാനത്താവളത്തിന്റെ ആസ്തി 2023 മാർച്ച് 31 ലെ കണക്കനുസരിച്ച് 765.70 കോടി രൂപയായി കുറഞ്ഞു, അതായത് നടപ്പ് സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് 96.5 കോടി രൂപയോ അതിൽ കൂടുതലോ നഷ്ടം സംഭവിക്കുകയാണെങ്കിൽ, കിയാലിന്റെ അറ്റമൂല്യം അതിന്റെ ഓഹരി മൂലധനത്തിന്റെ, അതായത് 1338.39 കോടി രൂപയുടെ, പകുതിയിലും താഴത്തേക്ക് ആണ്ടിറങ്ങുമെന്ന്‌ ചുരുക്കം. ഇത് സാമ്പത്തിക വിശകലന വിദഗ്ധർ പൊതുവെ വളരെ ഗൗരവമായി നോക്കി കാണുന്നുണ്ട്.

    രസകരമെന്നു പറയട്ടെ, 2022-23 ൽ വിമാനത്താവളത്തിന്റെ മൊത്തം എയറോ വരുമാനമായ 89.90 കോടി രൂപയുടെ 58.90 ശതമാനം, അതായത് 52.95 കോടി രൂപ, ഉപയോക്തൃ വികസന ഫീസ് (യൂസർ ഡെവലപ്മെന്റ് ഫീ; UDF) ഇനത്തിൽ കിയാൽ സമാഹരിച്ചതാണ്.

    ആനുപാതികമായ പ്രവർത്തന വരുമാനത്തിന്റെ അഭാവത്തിൽ കിയാൽ അതിന്റെ കടഭാരത്താൽ തളർന്നുപോകുന്നതായി നമുക്ക് കാണാനാവും. 2022-23 സാമ്പത്തിക വർഷത്തിൽ (FY23) കമ്പനിയുടെ മൊത്തം വരുമാനം 112.66 കോടി രൂപയായപ്പോൾ ചെലവാകട്ടെ 257.48 കോടി രൂപയായിരുന്നു. അതിൽ ഏറ്റവും വലിയ ചെലവ് ഫിനാൻസ് ചാർജ് അല്ലെങ്കിൽ പലിശ ചെലവ് ഇനത്തിലാണ്; അതായത് 105.13 കോടി രൂപ!

    കമ്പനിയുടെ മൊത്തം വായ്പകൾ 2023 സാമ്പത്തിക വർഷത്തിൽ 1035.97 കോടി രൂപയിൽ നിന്ന് 1096.57 കോടി രൂപയായി ഉയർന്നു; അതിൽ തന്നെ, ദീർഘകാല വായ്പകൾ മാത്രം 1085.5 കോടി രൂപയാണ്.

    2023 സാമ്പത്തിക വർഷം അവസാനം കിയാലിന്റെ വായ്പയുടെ സിംഹഭാഗവും, 78 ശതമാനവും, കാനറ ബാങ്ക് നൽകിയ വായ്പയായ 851.89 കോടി രൂപയാണ്.

    മറ്റൊരു കാര്യം ഇത്തരുണത്തിൽ ഓർക്കേണ്ടത് കിയാലിന്റെ മൊത്തം ആസ്തി 2022 സാമ്പത്തിക വർഷം അവസാനത്തിലെ 2023.27 കോടി രൂപയിൽ നിന്ന് 2023 സാമ്പത്തിക വർഷം അവസാനത്തോടെ 1988.77 കോടി രൂപയായി കുറഞ്ഞു എന്നതാണ്.