image

3 May 2026 7:15 PM IST

Kerala

കേരളം ആര്‍ക്കൊപ്പം? ജനവിധി നാളെ അറിയാം; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

MyFin Desk

കേരളം ആര്‍ക്കൊപ്പം? ജനവിധി നാളെ അറിയാം; വിജയപ്രതീക്ഷയില്‍ മുന്നണികള്‍
X

Summary

രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും


ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളത്തിന്റെ ജനവിധി നാളെ അറിയാം. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

പത്തു വര്‍ഷത്തിന് ശേഷം കേരളം മാറി ചിന്തിക്കുമോ അതോ ഇടത് ഭരണം തുടരുമോ എന്ന ആകാംക്ഷയിലാണ് ജനം. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും പിണറായി വിജയന്‍ മൂന്നാമതും മുഖ്യമന്ത്രിയാകുമെന്നും ഇടതുകോട്ട ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തിലുടനീളം എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണി.

എന്നാല്‍ സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും ഭരണം തിരിച്ചുപിടിക്കുമെന്നുമുള്ള ആത്മവിശ്വാസം യു.ഡി.എഫ്. കേന്ദ്രങ്ങളും പ്രകടിപ്പിക്കുന്നു. ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ കനത്ത വിജയത്തിന്റെ സ്വാഭാവിക തുടര്‍ച്ച നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നും 80 മുതല്‍ 85 സീറ്റുകള്‍ വരെ നേടുമെന്നുമാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.

75-ലധികം സീറ്റുകള്‍ കിട്ടുമെന്ന് എല്‍.ഡി.എഫും കണക്കുകൂട്ടുന്നു. 61 സീറ്റുകളില്‍ ഉറച്ച വിജയവും 14 സീറ്റുകളില്‍ മേല്‍ക്കൈയുമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നും വോട്ട് വിഹിതം ഉയര്‍ത്തുമെന്നും ബി.ജെ.പി. പ്രത്യാശ പ്രകടിപ്പിക്കുന്നു.

രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. കടുത്ത സുരക്ഷയും നിരീക്ഷണവും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകും. പെരുമാറ്റചട്ടം മെയ് 6 വരെ ബാധകമാണെന്നും തെറ്റായ ഫലം നല്‍കിയാല്‍ നിയമനടപടി ഉണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചിട്ടുണ്ട്.