9 Nov 2026 6:13 PM IST
വണ്ടി കയറി 22 സംസ്ഥാനങ്ങൾ: സിലിക്കൺ വാലിക്കും ബെംഗളൂരുവിനും വെല്ലുവിളിയായി തിരുവനന്തപുരം- അടുത്ത AI ഹബ്ബ് ?
Sheena Raj
Summary
ടെക്നോപാർക്ക് ഫേസ് IV-ലെ CAIK കേന്ദ്രത്തിലേക്ക് ദേശീയതലത്തിൽ വൻ പ്രതികരണം; AI സ്റ്റാർട്ടപ്പുകൾക്കും ടെക്നോളജി നിക്ഷേപങ്ങൾക്കും കേരളത്തിൽ പുതിയ അവസരങ്ങൾ.
ഇന്ത്യയുടെ ഐടി ഭൂപടം മാറ്റിമറിക്കാൻ പോന്ന വമ്പൻ കുതിപ്പിലാണ് കേരളത്തിന്റെ തലസ്ഥാന നഗരി. സിലിക്കൺ വാലിയും ബെംഗളൂരുവും ഹൈദരാബാദും വാഴുന്ന ടെക്നോളജി ലോകത്തേക്ക്, വിപ്ലവകരമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മുന്നേറ്റവുമായി തിരുവനന്തപുരം ശക്തമായി ചുവടുവെക്കുകയാണ്. രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ നിന്നുള്ള 56 ലധികം സ്റ്റാർട്ടപ്പുകളാണ് കേരളത്തിന്റെ മണ്ണിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുംബൈ, ചെന്നൈ, ഗുരുഗ്രാം എന്നിവടങ്ങളിലെ വമ്പൻ സംരംഭകർ വരെ ഇപ്പോൾ വണ്ടി കയറുന്നത് തിരുവനന്തപുരത്തേക്കാണ്.
ടെക്നോപാർക്ക് ഫേസ് IV-ൽ കേന്ദ്ര-കേരള സർക്കാരുകളുടെ സംയുക്ത പിന്തുണയോടെ പ്രവർത്തിക്കുന്ന MeitY-IndiaAI Centre of Excellence (CAIK) വഴിയാണ് ഈ വൻ മാറ്റം സാധ്യമാകുന്നത്. വെറും ഒരു ബാക്ക്-ഓഫീസ് ഐടി നഗരം എന്ന ലേബലിൽ നിന്ന് ഇന്ത്യയുടെ അടുത്ത നിർണായക ടെക്നോളജി ഹബ്ബായി തിരുവനന്തപുരം മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. സെപ്റ്റംബർ 30-ന് ആദ്യ ബാച്ചിലെ 15 സ്റ്റാർട്ടപ്പുകളുമായി പ്രവർത്തനം ആരംഭിച്ച ഈ കേന്ദ്രത്തിന്റെ രണ്ടാം ബാച്ചിലേക്ക് ലഭിച്ച അപേക്ഷകളാണ് ഇപ്പോൾ ടെക് ലോകത്ത് ശ്രദ്ധ നേടുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 56 AI സ്റ്റാർട്ടപ്പുകളാണ് രണ്ടാം ബാച്ചിലേക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഏറ്റവും കൗതുകകരമായ കാര്യം, ഇതിൽ 43 ശതമാനം അപേക്ഷകളും (24 എണ്ണം) കേരളത്തിന് പുറത്തുനിന്നാണ് എന്നുള്ളതാണ്. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, ചെന്നൈ, ഗുരുഗ്രാം, നോയിഡ തുടങ്ങിയ പ്രധാന ടെക്നോളജി നഗരങ്ങളിൽ നിന്നുള്ള സംരംഭകരും തിരുവനന്തപുരത്തെ ഈ കേന്ദ്രത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്വന്തം മണ്ണിൽ നിന്ന് 32 സ്റ്റാർട്ടപ്പുകൾ മാറ്റുരയ്ക്കുമ്പോൾ, ദേശീയ തലത്തിൽ നിന്ന് ലഭിച്ച ഈ വൻ സ്വീകാര്യത തിരുവനന്തപുരത്തിന്റെ AI കരുത്തിന്റെ തെളിവാണ്.
എന്തുകൊണ്ട് തിരുവനന്തപുരം ?
സാധാരണ ഇൻകുബേഷൻ കേന്ദ്രങ്ങൾ നൽകുന്ന ഓഫീസ് സൗകര്യങ്ങൾക്കും അടിസ്ഥാന മാർഗനിർദേശങ്ങൾക്കും അപ്പുറത്തേക്ക് പോകുന്ന പിന്തുണാ സംവിധാനമാണ് CAIK ലക്ഷ്യമിടുന്നത്. AI ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനും പരീക്ഷിക്കാനും ആവശ്യമായ GPU കമ്പ്യൂട്ടിങ് സൗകര്യങ്ങൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ഡാറ്റാ പിന്തുണ, സാങ്കേതിക വിദഗ്ധരുടെ മാർഗനിർദേശം, വ്യവസായ പങ്കാളികളുമായുള്ള ബന്ധം എന്നിവയ്ക്ക് കേന്ദ്രം അവസരമൊരുക്കുന്നു. ആവശ്യകതയും ലഭ്യതയും അനുസരിച്ച് GPU, ക്ലൗഡ് കമ്പ്യൂട്ടിങ് സൗകര്യങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഇതോടൊപ്പം സർക്കാർ വകുപ്പുകളിലെ യഥാർത്ഥ പ്രശ്നങ്ങൾ കണ്ടെത്തി അവയ്ക്ക് AI അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കാനും ഉൽപ്പന്നങ്ങൾ യഥാർത്ഥ സാഹചര്യങ്ങളിൽ പരീക്ഷിക്കാനും അവസരമൊരുക്കുകയാണ് ലക്ഷ്യം. മറ്റൊരു പ്രധാന പ്രത്യേകത, കേന്ദ്രത്തിന്റെ ഇൻകുബേഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായി സ്റ്റാർട്ടപ്പുകളുടെ ഉടമസ്ഥാവകാശത്തിൽ ഓഹരി ആവശ്യപ്പെടാത്ത Zero Equity Model ആണ്.
കേവലം ചാറ്റ്ബോട്ടുകളോ സാധാരണ മൊബൈൽ ആപ്ലിക്കേഷനുകളോ വികസിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. ആരോഗ്യരംഗം, മെഡിക്കൽ ടെക്നോളജി, കൃഷി, കാലാവസ്ഥാ പഠനം, ദുരന്തനിവാരണം, ഇ-ഗവേണൻസ്, വ്യവസായ ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിലെ യഥാർത്ഥ പ്രശ്നങ്ങൾക്ക് AI ഉപയോഗിച്ച് പരിഹാരം കണ്ടെത്തുന്നതിനാണ് പ്രത്യേക ശ്രദ്ധ. മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ പ്രവർത്തിക്കുന്ന AI സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും പ്രാദേശിക ഭാഷാ ഡാറ്റയും അക്കാദമിക് സഹകരണവും പ്രയോജനപ്പെടുത്താം. ആദ്യ ബാച്ചിലെ Audio Realities എന്ന സംരംഭം സ്പീച്ച് പ്രോസസിങ്, ഓഡിയോ AI സാങ്കേതികവിദ്യകളിലാണ് പ്രവർത്തിക്കുന്നത്. Keynos AI അധിഷ്ഠിത സാമ്പത്തിക ഓട്ടോമേഷൻ രംഗത്തും Open Healthcare AI ആരോഗ്യസാങ്കേതികവിദ്യാ മേഖലയിലും ശ്രദ്ധ നേടുന്നുണ്ട്. ഇത്തരം സംരംഭങ്ങൾ കേരളത്തിൽ നിന്ന് വികസിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്കും വിപണി വ്യാപിപ്പിക്കുന്നത് ഈ കേന്ദ്രത്തിന്റെ സാധ്യതകൾ വ്യക്തമാക്കുന്നു.
ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ നിർവഹണ നേതൃത്വത്തിലും Innovation Incubator Advisory Pvt Ltd-യുടെ വ്യവസായ പങ്കാളിത്തത്തിലുമാണ് CAIK പ്രവർത്തിക്കുന്നത്. സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കായി Pre-Incubation, Incubation, Acceleration എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലുള്ള പിന്തുണാ പരിപാടികളാണ് കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. നാല് വർഷത്തെ പദ്ധതിയുടെ ഭാഗമായി AI പരിശീലനം, ഗവേഷണം, ഉൽപ്പന്ന വികസനം, വ്യവസായ സഹകരണം തുടങ്ങിയ മേഖലകൾക്കും പ്രാധാന്യമുണ്ട്. ഇതിലൂടെ കേരളത്തിലേക്ക് കൂടുതൽ ടെക്നോളജി സംരംഭകരെയും നിക്ഷേപകരെയും ആകർഷിക്കാനും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്. എന്നാൽ നിക്ഷേപമോ സർക്കാർ കരാറുകളോ തൊഴിലവസരങ്ങളോ മുൻകൂട്ടി ഉറപ്പുനൽകുന്നില്ല. ഇന്ത്യയുടെ AI സാങ്കേതികവിദ്യാ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന ദേശീയ ദൗത്യത്തിന്റെ ഭാഗമായി തിരുവനന്തപുരം കൈവരിക്കുന്ന ഈ മുന്നേറ്റം കേരളത്തിന്റെ ഐടി-സ്റ്റാർട്ടപ്പ് മേഖലയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ എത്രത്തോളം മാറ്റമുണ്ടാക്കുമെന്നതാണ് ഇനി രാജ്യം ഉറ്റുനോക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
