image

17 Nov 2026 6:54 PM IST

Kerala

കൊച്ചിയില്‍ IIM കോഴിക്കോട് സ്ഥിരം ക്യാമ്പസ്; ഇന്‍ഫോപാര്‍ക്കില്‍ 14.06 ഏക്കര്‍ ഭൂമി

MyFin Desk

കൊച്ചിയില്‍ IIM കോഴിക്കോട് സ്ഥിരം ക്യാമ്പസ്; ഇന്‍ഫോപാര്‍ക്കില്‍ 14.06 ഏക്കര്‍ ഭൂമി
X

Summary

1,500-ലധികം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.


കൊച്ചിയില്‍ സ്ഥിരം ക്യാമ്പസ് സ്ഥാപിക്കാനുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്-കോഴിക്കോടിന്റെ നീക്കം ആദ്യ കടമ്പ കടന്നു. ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ 14.06 ഏക്കര്‍ ഭൂമി 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് ഐടി വകുപ്പിന്റെ അനുമതി. ഏകദേശം 60 കോടി രൂപയാണ് ഭൂമിയുടെ പാട്ടത്തിനായി ഐഐഎം കോഴിക്കോട് ചെലവഴിച്ചത്. ഉന്നത മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും പുതിയ കേന്ദ്രമായി കൊച്ചിയെ മാറ്റാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണിത്.

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ നോണ്‍-എസ്ഇഇസഡ് (Non-SEZ) ഭൂമിയാണ് ക്യാമ്പസിനായി അനുവദിച്ചിരിക്കുന്നത്. ഐടി വകുപ്പിന്റെ ഉത്തരവ് പ്രകാരം 90 വര്‍ഷത്തേക്കാണ് പാട്ടക്കരാര്‍. നിലവില്‍ ഈ ഭൂമി പ്രത്യേക സാമ്പത്തിക മേഖലയുടെ (SEZ) ഭാഗമാണ്. നോണ്‍-എസ്ഇഇസഡ് പദവിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ നടപടികള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ക്ക് വേഗം കൈവരിക്കുക.

ഐഐഎം കോഴിക്കോട് ഡയറക്ടര്‍ പ്രൊഫ. ദേബാഷിസ് ചാറ്റര്‍ജി അറിയിച്ചതനുസരിച്ച്, അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന റസിഡന്‍ഷ്യല്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ-വിജ്ഞാന കേന്ദ്രമായാണ് പുതിയ ക്യാമ്പസ് വിഭാവനം ചെയ്യുന്നത്. 1,500-ലധികം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. അധ്യാപകര്‍, ഗവേഷകര്‍, എക്‌സിക്യൂട്ടീവുകള്‍, മറ്റ് അക്കാദമിക് മേഖലയിലുള്ളവര്‍ എന്നിവര്‍ക്കും ക്യാമ്പസ് പ്രയോജനപ്പെടും.

ആധുനിക ക്ലാസ് മുറികള്‍, പഠന സൗകര്യങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, ലൈബ്രറി, ഗവേഷണ കേന്ദ്രങ്ങള്‍, താമസ സൗകര്യങ്ങള്‍, വിനോദ-കായിക സംവിധാനങ്ങള്‍ എന്നിവ ക്യാമ്പസിന്റെ ഭാഗമാകും. സര്‍വകലാശാലാ മാതൃകയിലുള്ള സമഗ്ര ക്യാമ്പസാണ് ഐഐഎം കോഴിക്കോട് ലക്ഷ്യമിടുന്നത്.

സ്ഥാപനത്തിന്റെ പ്രധാന ബിരുദതല പ്രോഗ്രാമായ ബാച്ചിലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (BMS), ജോലി ചെയ്യുന്നവര്‍ക്കായുള്ള എക്‌സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം (EPGP) എന്നിവ പുതിയ ക്യാമ്പസില്‍ നടത്തും. എക്‌സിക്യൂട്ടീവ് പ്രോഗ്രാമിനായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) രാജ്യങ്ങളെയും ലക്ഷ്യമിടുന്നതായി ഡയറക്ടര്‍ വ്യക്തമാക്കി.

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയുടെ വിദ്യാഭ്യാസ, ഗവേഷണ, വ്യവസായ മേഖലകള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്നാണ് വിലയിരുത്തല്‍. ഇന്‍ഫോപാര്‍ക്കിലെ ഐടി കമ്പനികളുമായും വ്യവസായ മേഖലയുമായും അക്കാദമിക് രംഗത്തിന് കൂടുതല്‍ സഹകരണം സാധ്യമാകുമെന്ന പ്രതീക്ഷയുമുണ്ട്.

കൊച്ചിയിലെ ഐടി ഹബ്ബില്‍ ഒരു പ്രമുഖ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്ഥിരം ക്യാമ്പസ് വരുന്നത് നഗരത്തിന്റെ വിദ്യാഭ്യാസ-നൂതനാശയ രംഗത്തെ വളര്‍ച്ചയ്ക്ക് പുതിയ സാധ്യതകള്‍ തുറക്കുമെന്നാണ് വിലയിരുത്തല്‍.