image

15 Nov 2026 1:49 PM IST

Kerala

ജില്ലാ ബാങ്കുകള്‍ തിരിച്ചുവരുമോ? ലയനത്തില്‍ പുനഃപരിശോധന വേണമെന്ന് മുഖ്യമന്ത്രി

MyFin Desk

ജില്ലാ ബാങ്കുകള്‍ തിരിച്ചുവരുമോ? ലയനത്തില്‍ പുനഃപരിശോധന വേണമെന്ന് മുഖ്യമന്ത്രി
X

Summary

എന്നാല്‍ ജില്ലാ ബാങ്കുകള്‍ പുനഃസ്ഥാപിക്കുന്നത് എളുപ്പമല്ലെന്നാണ് കേരള ബാങ്ക് മുന്‍ പ്രസിഡന്റ് ഗോപികോട്ടമുറിക്കലിന്റെ നിലപാട്.


കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയില്‍ നിര്‍ണായക മാറ്റത്തിന് വഴിയൊരുങ്ങുമോ? ജില്ലാ സഹകരണ ബാങ്കുകളെ കേരള ബാങ്കില്‍ ലയിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ സഹകരണ ബാങ്കുകളെ കേരള ബാങ്കില്‍ ലയിപ്പിച്ചതിലൂടെ സംസ്ഥാനത്തിന് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

കൊച്ചിയില്‍ നടന്ന 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കരുവന്നൂര്‍ സഹകരണ ബാങ്ക് പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് നിലനിന്നിരുന്നെങ്കില്‍ കരുവന്നൂര്‍ പ്രതിസന്ധി 48 മണിക്കൂറിനുള്ളില്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ റിസര്‍വ് ബാങ്കിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് കീഴിലുള്ള കേരള ബാങ്കിന് ഇത്തരം സാഹചര്യങ്ങളില്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലേക്ക് വിട്ടതിലൂടെ എന്താണ് നേടിയതെന്ന് ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്തെ 470 സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രതിസന്ധിയിലും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. നിലവിലുള്ള അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപ ഗ്യാരന്റി അപര്യാപ്തമാണെന്നും സമഗ്രമായ നിക്ഷേപ ഗ്യാരന്റി പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികള്‍ സമ്പാദിച്ച പണവും വിരമിക്കല്‍ ആനുകൂല്യങ്ങളും കുട്ടികളുടെ വിവാഹത്തിനായി കരുതിവച്ച നിക്ഷേപങ്ങളും നഷ്ടപ്പെടുന്ന സാഹചര്യം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളില്‍ സഹകരണ നിയമത്തിലെ 65, 68 വകുപ്പുകള്‍ പ്രകാരമുള്ള പരിശോധനകളും അന്വേഷണങ്ങളും വേഗത്തിലാക്കുമെന്ന് സഹകരണ മന്ത്രി എം. ലിജു അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകളാണ് ചില സംഘങ്ങളിലെ പ്രതിസന്ധിക്ക് കാരണമെന്നും നിക്ഷേപകരുടെ പണം ഘട്ടംഘട്ടമായി തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ജില്ലാ ബാങ്കുകള്‍ പുനഃസ്ഥാപിക്കുന്നത് എളുപ്പമല്ലെന്നാണ് കേരള ബാങ്ക് മുന്‍ പ്രസിഡന്റ് ഗോപികോട്ടമുറിക്കലിന്റെ നിലപാട്. നിലവില്‍ കേരള ബാങ്കിന് 825 ലൈസന്‍സുള്ള ശാഖകളുണ്ട്. ജില്ലാ ബാങ്കുകളെ സംയോജിപ്പിക്കുന്നതിനും ബാങ്കിങ് സോഫ്റ്റ്വെയര്‍ ഏകീകരിക്കുന്നതിനുമായി 300 മുതല്‍ 400 കോടി രൂപ വരെ ചെലവഴിച്ചിട്ടുണ്ട്. പഴയ സംവിധാനത്തിലേക്ക് മടങ്ങിയാല്‍ ഈ ശാഖകള്‍ക്കെല്ലാം വീണ്ടും റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ലഭിക്കുമോയെന്നതും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2019 നവംബര്‍ 29നാണ് 13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാത്രമാണ് അന്ന് ലയനത്തിന് പുറത്തുനിന്നത്. ഏഴ് വര്‍ഷത്തിന് ശേഷം ജില്ലാ ബാങ്കുകളുടെ തിരിച്ചുവരവ് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.