7 Jun 2023 1:45 PM IST
Summary
- കൊച്ചുവേളിയില്‍ വ്യവസായവകുപ്പിന്റെ 49 സെന്റ് സ്ഥലത്താണ് പ്ലാന്റ്. ജനുവരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും
ഗുണമേന്മയുള്ള പപ്പടങ്ങള്‍ കേരള ബ്രാന്‍ഡിന് കീഴില്‍ വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. കേരള ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് പ്രാദേശിക വിപണി സജ്ജമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ചെറുകിട വ്യവസായമായ പപ്പട നിര്‍മ്മാണ രംഗത്ത് പ്രതിദിനം അരക്കോടിയിലധികം വ്യാപാരം നടക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്.
കൊച്ചുവേളിയിലെ വ്യവസായ എസ്റ്റേറ്റില്‍ അനന്തപുരം പപ്പടം ക്ലസ്റ്റര്‍ അസോസിയേഷന്റെ പപ്പടം ക്ലസ്റ്ററിലെ കോമണ്‍ ഫെസിലിറ്റി സെന്റര്‍ നിര്‍മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കെ സ്റ്റോറുകള്‍, സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ആ പ്രദേശത്ത് നിര്‍മിച്ച ഉത്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ സൗകര്യമൊരുക്കും. സ്വന്തമായി ഇ-ഫ്‌ലാറ്റ്‌ഫോം സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് സംസ്ഥാന വാണിജ്യ, വ്യവസായ വകുപ്പ് എംഎസ്ഇ-സിഡിപി പദ്ധതിക്കു കീഴില്‍ വിവിധ ക്ലസ്റ്ററുകള്‍ക്കായുള്ള കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ സ്ഥാപിക്കുന്നത്. 5.552 കോടി രൂപയാണ് പദ്ധതി ചെലവ്. കൊച്ചുവേളിയില്‍ വ്യവസായവകുപ്പിന്റെ 49 സെന്റ് സ്ഥലത്താണ് പ്ലാന്റ്. ജനുവരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. 70 ശതമാനം കേന്ദ്ര സഹായം, 20 ശതമാനം സംസ്ഥാന സഹായം, 10 ശതമാനം ചെറുകിട വ്യവസായ യൂണിറ്റുകളുടെ ക്ലസ്റ്ററിന്റെ പങ്കാളിത്തം എന്നിങ്ങനെയാണ് പപ്പട നിര്‍മാണത്തിന്റെ ധനസഹായം.
പ്രതിദിനം 24 ടണ്‍ ശേഷിയുള്ള ദാല്‍ മില്‍ പ്ലാന്റ്, 24 ടണ്‍ ശേഷിയുള്ള ഉഴുന്ന് പൊടി നിര്‍മാണ പ്ലാന്റ്, നാല് ടണ്‍ ശേഷിയുള്ള റൈസ് ക്ലീനിങ്, വാഷിങ് പ്ലാന്റ്, നാല് ടണ്‍ ശേഷിയില്‍ അരിപ്പൊടി ഉത്പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് കോമണ്‍ ഫെസിലിറ്റി സെന്ററിലുണ്ടാവുക.
പഠിക്കാം & സമ്പാദിക്കാം
Home
