image

6 May 2026 9:19 AM IST

Kerala

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധം; ഹോട്ടലുകള്‍ പണിമുടക്കില്‍

MyFin Desk

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധം; ഹോട്ടലുകള്‍ പണിമുടക്കില്‍
X

Summary

വില കുറച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് തീരുമാനം


വാണിജ്യ സിലിണ്ടർ വില വര്‍ധനയ്‌ക്കെതിരെ സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, ക്യാന്റീനുകള്‍ എന്നിവ 24 മണിക്കൂര്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചിരുന്നു.

എല്‍പിജിക്ക് കുത്തനെ വില വര്‍ധിപ്പിച്ചത് കാരണം ഹോട്ടലുകള്‍ മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യമാണ് നിലവിലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. വിലക്കയറ്റവും ഉയര്‍ന്ന വാടകയും കൂലി വര്‍ധനവുമെല്ലാം കാരണം ഇതിനോടകം തന്നെ ഹോട്ടല്‍ മേഖല വലിയ സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്നുണ്ട്. നിലവിലെ സിലിണ്ടര്‍ ക്ഷാമം മൂലം ഇപ്പോള്‍ തന്നെ 50 ശതമാനത്തില്‍ താഴെ ഹോട്ടലുകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. സിലിണ്ടര്‍ വില കൂടി കൂട്ടിയതോടെ ഹോട്ടലുകള്‍ നടുവൊടിഞ്ഞ സ്ഥിതിയിലായി.

പണിമുടക്കുന്നവര്‍ പാചകവാതക വിലക്കയറ്റം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. തീര്‍ത്തും അന്യായമായ വിലവര്‍ധനയാണിതെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. അഞ്ചു മാസത്തിനിടെ 1,498 രൂപയാണ് വര്‍ധിപ്പിച്ചത്. എല്‍പിജി വില കുറച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് തീരുമാനം.

വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 993 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 3,085 രൂപയാണ് കൊച്ചിയിലെ പുതിയ വില. തിരുവനന്തപുരത്ത് 3,106 രൂപയും കോഴിക്കോട്ട് 3,117 രൂപയുമായി. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായും മുംബൈയില്‍ 3,024 രൂപയായും ഉയര്‍ന്നു. അഞ്ച് കിലോ ഗ്രാം ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറുകളുടെ വില 261 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്.