image

19 Feb 2026 12:19 PM IST

Kerala

വിദേശത്തുള്ള മലയാളികള്‍ കേരളീയരാണോ?അറിയാം നേറ്റിവിറ്റി കാര്‍ഡിലെ വ്യവസ്ഥകള്‍

MyFin Desk

know the conditions of kerala nativity card
X

Summary

നേറ്റിവിറ്റി കാര്‍ഡ് ബില്ലിന് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത് . എന്താണ് പ്രധാന വ്യവസ്ഥകൾ?


കേരളീയന്‍ എന്ന തിരിച്ചറിയല്‍ ഉറപ്പാക്കുന്ന, കേരള നേറ്റിവിറ്റി കാര്‍ഡ് ബില്ലിന് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കേരള സര്‍ക്കാര്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന ആധികാരിക രേഖയായി നേറ്റിവിറ്റി കാര്‍ഡ് ഇനി അംഗീകരിക്കും. എന്തൊക്കെയാണ് കേരള നേറ്റിവിറ്റി കാര്‍ഡിന്റെ വ്യവസ്ഥകളെന്ന് നോക്കാം.

സര്‍ക്കാര്‍ നിലവില്‍ അനുവദിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് മാതൃക ഉള്‍ക്കൊണ്ടാണ് നേറ്റിവിറ്റി കാര്‍ഡ് നല്‍കുക. നിര്‍ദ്ദിഷ്ട നിയമപ്രകാരം കേരളത്തില്‍ ജനിച്ച് വിദേശ പൗരത്വം നേടിയിട്ടില്ലാത്തവരെയാണ് സ്വദേശിയായി കണക്കാക്കുക. വ്യക്തിയുടെ പൂര്‍വ്വികരിലൊരാള്‍ കേരളത്തില്‍ ജനിച്ചവരോ വിദേശപൗരത്വം സ്വീകരിക്കാത്തവരോ ആയിരിക്കണമെന്നും നിയമത്തില്‍ പറയുന്നു.

അതായത് വിദേശ പൗരത്വം സ്വീകരിച്ചവര്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് ലഭിക്കുന്നതല്ല. നേറ്റിവിറ്റി കാര്‍ഡ് ലഭിച്ചതിന് ശേഷം, വിദേശ പൗരത്വം സ്വീകരിക്കുകയാണെങ്കില്‍ നേറ്റിവിറ്റി കാര്‍ഡ് അസാധുവാകുകയും ചെയ്യും. അതേസമയം, തൊഴില്‍ സംബന്ധമായോ മറ്റ് കാരണങ്ങളാലോ മാതാപിതാക്കള്‍ വിദേശത്തായിരിക്കുമ്പോള്‍ അവിടെ ജനിച്ചവരാണെങ്കില്‍ (വിദേശ പൗരത്വം സ്വീകരിക്കാത്ത പക്ഷം) സ്വദേശി ആയി പരിഗണിക്കും.

ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാം

റേഷന്‍ കാര്‍ഡ്, ചികിത്സാ ആവശ്യങ്ങള്‍ തുടങ്ങി വിവിധ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഈ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയും. കാര്‍ഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍ തഹസിദാര്‍ ആണെങ്കിലും നേറ്റിവിറ്റി കാര്‍ഡുകള്‍ സംബന്ധിച്ച രജിസ്റ്റര്‍ വില്ലേജ് ഓഫീസില്‍ സൂക്ഷിക്കേണ്ടതാണ് എന്നാണ് നിയമം.

കാര്‍ഡ് ആവശ്യമുള്ളവര്‍ക്ക് തഹസില്‍ദാര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ ഉള്ള വിവരങ്ങള്‍ക്ക് പുറമേ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന വിവരങ്ങള്‍ നേറ്റിവിറ്റി കാര്‍ഡില്‍ ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഏതെല്ലാം സാഹചര്യങ്ങളില്‍ മറ്റ് രേഖകളോടൊപ്പം ആധികാരിക രേഖയായി നേറ്റിവിറ്റി കാര്‍ഡ് ഉപയോഗിക്കാവുന്നതാണ് എന്ന് സര്‍ക്കാരിന് വിജ്ഞാപനമിറക്കാവുന്നതാണ്.

നേറ്റിവിറ്റി കാര്‍ഡ് ആവശ്യമുള്ളവർ നിര്‍ണയിക്കപ്പെട്ട രീതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെ നിശ്ചിതഫോറത്തില്‍ രേഖകളും ഫീസും സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ജില്ലാ കളക്ടര്‍ക്ക് കക്ഷിയുടെ അപേക്ഷ പ്രകാരം റവന്യു ഡിവിഷണല്‍ ഓഫീസര്‍ കൈക്കൊണ്ട തീരുമാനമോ, പാസാക്കിയ ഉത്തരവോ പുനപരിശോധിക്കാവുന്നതും റദ്ദുചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതുമാണ്.