25 Nov 2026 7:36 PM IST
വ്യാജന്മാര്ക്ക് പിടിവീഴും; ക്രീമും ലോഷനും വില്ക്കാന് ലൈസന്‍സ് നിര്‍ബന്ധം; പുതിയ നിയമം
MyFin Desk
Summary
സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിനാണ് പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കാനുള്ള ചുമതല
സൗന്ദര്യം വര്‍ധിപ്പിക്കാമെന്ന വാഗ്ദാനവുമായി വിപണിയിലെത്തുന്ന വ്യാജ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേരള സര്‍ക്കാര്‍. ലേബലുകളില്ലാത്തതും ഗുണനിലവാരം ഉറപ്പാക്കാത്തതുമായ കോസ്മെറ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരാനാണ് നീക്കം.
സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും നിര്‍ബന്ധമാക്കുന്നതാണ് നിര്‍ദിഷ്ട നിയമത്തിലെ പ്രധാന വ്യവസ്ഥ. നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയും തടവുശിക്ഷയും ഉള്‍പ്പെടെയുള്ള നടപടികളും പരിഗണനയിലുണ്ട്.
വില്‍പ്പനയ്ക്ക് ലൈസന്‍സ് നിര്‍ബന്ധം
നിലവില്‍ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ ഇവയുടെ ചില്ലറ വില്‍പ്പനയ്ക്കും വിതരണത്തിനും പ്രത്യേക ലൈസന്‍സ് സംവിധാനം നിലവിലില്ല. മരുന്നുകളുടെ കാര്യത്തില്‍ നിര്‍മ്മാണം മുതല്‍ വിതരണം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ ലൈസന്‍സ് ആവശ്യമായിരിക്കുമ്പോള്‍ കോസ്മെറ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് സമാനമായ നിയന്ത്രണങ്ങളില്ലെന്നതാണ് പ്രധാന പ്രശ്നം.
ഈ സാഹചര്യം പരിഹരിക്കാനാണ് 1940-ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ടിന്റെ മാതൃകയില്‍ സംസ്ഥാനത്തിന് സ്വന്തമായി നിയമം കൊണ്ടുവരുന്നത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ കോസ്മെറ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന റീട്ടെയില്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ലൈസന്‍സ് നേടുകയും രജിസ്റ്റര്‍ ചെയ്യുകയും വേണം. കൃത്യമായ ലേബലുകളോ ആവശ്യമായ രേഖകളോ ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ കടകളില്‍ വില്‍ക്കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഓണ്‍ലൈന്‍ വില്‍പ്പനയും നിയന്ത്രണത്തില്‍
കടകളിലെ വില്‍പ്പനയ്ക്ക് പുറമേ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയുള്ള കോസ്മെറ്റിക് ഉല്‍പ്പന്നങ്ങളുടെ വിപണനവും നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് അധികൃതരുടെ നിലപാട്.
സാമൂഹിക മാധ്യമങ്ങള്‍ വഴിയും വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴിയും നിരവധി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ട്. ഇവയുടെ നിര്‍മ്മാതാവ്, ചേരുവകള്‍, ഗുണനിലവാരം തുടങ്ങിയ വിവരങ്ങള്‍ വ്യക്തമല്ലാത്തതും വ്യാജ ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതും വലിയ വെല്ലുവിളിയാണ്.
വില്‍പ്പനക്കാരുടെ തലത്തില്‍ ലൈസന്‍സിങ് സംവിധാനം കൊണ്ടുവരുന്നതിലൂടെ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വിപണനം നിയന്ത്രിക്കാനാകുമെന്നാണ് ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ വിലയിരുത്തല്‍.
നിയമനിര്‍മാണ ചുമതല ആര്‍ക്ക്?
പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കാനുള്ള ചുമതല സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിനാണ് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക നിര്‍ദേശം വകുപ്പിന് ലഭിച്ചിട്ടുണ്ട്. നിയമവകുപ്പിന്റെ പരിശോധനയ്ക്കുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
2022 മുതല്‍ തന്നെ ലേബലുകളില്ലാത്ത സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് പരിശോധനകള്‍ നടത്തുന്നുണ്ട്. എന്നാല്‍ നിലവിലുള്ള നിയമത്തിലെ നിയന്ത്രണങ്ങളുടെ അപര്യാപ്തത കാരണം നടപടികള്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്നു.
വൃക്കരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്ക
വിഷാംശമുള്ള ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഗുരുതരമായ വൃക്കരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും സര്‍ക്കാരിന്റെ പുതിയ നീക്കത്തിന് പിന്നിലുണ്ട്. ഓണ്‍ലൈന്‍ വഴിയും നേരിട്ടുള്ള വില്‍പ്പനയിലൂടെയും എത്തുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുമെന്ന ആശങ്ക ശക്തമാണ്.
സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന പരസ്യവാഗ്ദാനങ്ങള്‍ മാത്രം വിശ്വസിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. പുതിയ നിയമം നടപ്പാകുന്നതോടെ കോസ്മെറ്റിക് വിപണിയില്‍ കൂടുതല്‍ നിയന്ത്രണവും ഉത്തരവാദിത്തവും ഉറപ്പാക്കാനും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വ്യാജ ഉല്‍പ്പന്നങ്ങളുടെ വ്യാപനം തടയാനും സഹായിക്കുമെന്നുമാണ് പ്രതീക്ഷ.
പഠിക്കാം & സമ്പാദിക്കാം
Home
