image

25 Oct 2026 7:12 PM IST

Kerala

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1081 കോടി രൂപ അനുവദിച്ചു

Thulasi Prasad

two installments of welfare pension from today
X

Summary

നവംബര്‍ അഞ്ചിനകം വിതരണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം


സംസ്ഥാനത്തെ ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും നാളെ മുതല്‍ വിതരണം ചെയ്യും. പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 1,081 കോടി രൂപ അനുവദിച്ചു. നവംബര്‍ അഞ്ചിനകം വിതരണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.

ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് പെന്‍ഷന്‍ വിതരണത്തിനുള്ള തുക അനുവദിച്ചത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി 52,09,617 ഗുണഭോക്താക്കള്‍ക്കായി 961.64 കോടി രൂപയാണ് അനുവദിച്ചത്. സര്‍ക്കാര്‍ ധനസഹായത്തോടെ പെന്‍ഷന്‍ വിതരണം ചെയ്യുന്ന 16 ക്ഷേമനിധി ബോര്‍ഡുകളിലെ 6,05,415 ഗുണഭോക്താക്കള്‍ക്കായി 119.46 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 29,67,142 പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക ലഭിക്കും. മറ്റ് ഗുണഭോക്താക്കള്‍ക്കുള്ള പെന്‍ഷന്‍ വിതരണവും നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കും. വിതരണത്തിന് ശേഷം ശേഷിക്കുന്ന തുക നവംബര്‍ 16നകം കേരള സ്റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

പെന്‍ഷന്‍ വിതരണത്തിനായി 1,081 കോടി രൂപ അനുവദിച്ചതോടെ സാമൂഹ്യ സുരക്ഷാ പെന്‍ഷനെയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനെയും ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് ആശ്വാസമാകും.