image

6 Nov 2026 2:51 PM IST

Kerala

സോളാര്‍ പവര്‍ മുന്നില്‍; കേരളത്തില്‍ പുരപ്പുറ സോളാര്‍ വിപ്ലവം

MyFin Desk

സോളാര്‍ പവര്‍ മുന്നില്‍; കേരളത്തില്‍ പുരപ്പുറ സോളാര്‍ വിപ്ലവം
X

Summary

വൈദ്യുതി ബില്‍ കുറയ്ക്കാനും സ്വന്തം ആവശ്യത്തിനുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും കഴിയുന്നതാണ് കൂടുതല്‍ കുടുംബങ്ങളെ ഈ സംവിധാനത്തിലേക്ക് ആകര്‍ഷിക്കുന്നത്.


കേരളത്തിന്റെ വൈദ്യുതി ഉല്‍പ്പാദന രംഗത്ത് നിര്‍ണായക മാറ്റം. സംസ്ഥാനത്ത് സൗരോര്‍ജ ശേഷി ജലവൈദ്യുതിയുടെ സ്ഥാപിതശേഷിയെ മറികടന്നു. പരമ്പരാഗതമായി ജലവൈദ്യുതിയെ ആശ്രയിച്ചിരുന്ന കേരളത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും സോളാര്‍ പാനലുകള്‍ വ്യാപകമായതോടെയാണ് ഈ നേട്ടം. വൈദ്യുതി പ്രതിസന്ധിയും ഉയര്‍ന്ന നിരക്കുകളും മറികടക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ സൗരോര്‍ജത്തിന്റെ വളര്‍ച്ച സംസ്ഥാനത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, മാര്‍ച്ച് 31 വരെയുള്ള സംസ്ഥാനത്തെ സൗരോര്‍ജ സ്ഥാപിതശേഷി 2,508 മെഗാവാട്ടാണ്. ഇടുക്കി ഉള്‍പ്പെടെയുള്ള ജലവൈദ്യുത പദ്ധതികളുടെ ആകെ സ്ഥാപിതശേഷി 2,096.36 മെഗാവാട്ടാണ്. ഇതോടെ സൗരോര്‍ജം ജലവൈദ്യുതിയെ മറികടന്നു. കേരളത്തിന്റെ ഊര്‍ജമേഖലയില്‍ പുതിയൊരു അധ്യായം കുറിക്കുന്നതാണ് ഈ മാറ്റം.

കരുത്തായി പുരപ്പുറ സോളാര്‍

വീടുകളുടെ മേല്‍ക്കൂരകളില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകളാണ് ഈ വളര്‍ച്ചയുടെ പ്രധാന കരുത്ത്. ആകെ സൗരോര്‍ജ ശേഷിയില്‍ 1,850.4 മെഗാവാട്ടും പുരപ്പുറ സോളാര്‍ സംവിധാനങ്ങളില്‍ നിന്നാണ്. ഗ്രൗണ്ട് മൗണ്ടഡ് പ്ലാന്റുകള്‍ 340.26 മെഗാവാട്ടും ഓഫ് ഗ്രിഡ് സംവിധാനങ്ങള്‍ 24.93 മെഗാവാട്ടും സംഭാവന ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പി.എം സൂര്യഘര്‍ പദ്ധതി സോളാര്‍ വ്യാപനത്തിന് വലിയ പ്രോത്സാഹനമായി. മൂന്ന് കിലോവാട്ട് ശേഷിയുള്ള ഒരു സാധാരണ ഗാര്‍ഹിക സോളാര്‍ പ്ലാന്റിന് ഏകദേശം രണ്ട് ലക്ഷം രൂപ ചെലവാകുമ്പോള്‍, പരമാവധി 78,000 രൂപ വരെ കേന്ദ്ര സബ്‌സിഡി ലഭിക്കാം. വൈദ്യുതി ബില്‍ കുറയ്ക്കാനും സ്വന്തം ആവശ്യത്തിനുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും കഴിയുന്നതാണ് കൂടുതല്‍ കുടുംബങ്ങളെ ഈ സംവിധാനത്തിലേക്ക് ആകര്‍ഷിക്കുന്നത്.

പ്രതിസന്ധിക്ക് പരിഹാരമാകുമോ?

എന്നാല്‍ സൗരോര്‍ജ ശേഷി വര്‍ധിച്ചതുകൊണ്ട് മാത്രം കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നതാണ് യാഥാര്‍ഥ്യം. പകല്‍ സമയത്താണ് സോളാര്‍ വൈദ്യുതി കൂടുതലായി ലഭിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഉയരുന്നത് പ്രധാനമായും വൈകുന്നേരവും രാത്രിയിലുമാണ്. അതിനാല്‍ പകല്‍ ഉല്‍പ്പാദിപ്പിക്കുന്ന അധിക വൈദ്യുതി സംഭരിച്ച് രാത്രിയില്‍ ഉപയോഗിക്കാനുള്ള സംവിധാനം നിര്‍ണായകമാണ്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനായി കേരളം 12,749.65 കോടി രൂപ ചെലവഴിച്ചിരുന്നു. ജലവൈദ്യുതിയുടെ ലഭ്യതയും പരിമിതമാണ്. അതിനാല്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനങ്ങള്‍ വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ബാറ്ററി സംഭരണ പദ്ധതികള്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ബാണാസുരസാഗറിലെ ഫ്‌ലോട്ടിങ് സോളാര്‍ പദ്ധതിയുടെ മാതൃകയില്‍ മറ്റ് ജലാശയങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ വ്യാപിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

സൗരോര്‍ജ ശേഷിയില്‍ കേരളം കൈവരിച്ച നേട്ടം ശ്രദ്ധേയമാണെങ്കിലും, ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ആവശ്യമായ സമയത്ത് ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഒരുക്കുക എന്നതാണ് ഇനി മുന്നിലുള്ള പ്രധാന വെല്ലുവിളി.