15 Oct 2026 3:07 PM IST
Summary
സ്റ്റാര്ട്ടപ്പുകള്ക്ക് പ്രത്യേക സാമ്പത്തിക സഹായം. സ്വകാര്യ സംരംഭങ്ങള്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.
കേരളത്തെ രാജ്യത്തെ പ്രധാന ബഹിരാകാശ വ്യവസായ ഹബ്ബാക്കി മാറ്റാന് ലക്ഷ്യമിട്ട് സംസ്ഥാന സര്ക്കാര്. ഇതിനായി ബഹിരാകാശ വ്യവസായ നയത്തിന്റെ കരട് തയ്യാറാക്കി. സ്റ്റാര്ട്ടപ്പുകള്ക്ക് സാമ്പത്തിക സഹായം, സ്വകാര്യ നിക്ഷേപം ആകര്ഷിക്കല്, വ്യവസായ ക്ലസ്റ്ററുകള് സ്ഥാപിക്കല്, ദീര്ഘകാല പാട്ടത്തിന് ഭൂമി അനുവദിക്കല് തുടങ്ങിയ നിര്ദേശങ്ങളാണ് കരട് നയത്തിലുള്ളത്.
വ്യോമയാന-ബഹിരാകാശ മേഖലകളില് കൂടുതല് സംരംഭങ്ങള് ആരംഭിക്കാനും നിക്ഷേപം വര്ധിപ്പിക്കാനുമാണ് സര്ക്കാര് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കൊച്ചിയിലും കോഴിക്കോട്ടും 100 ഏക്കര് വീതം സ്ഥലത്ത് എയ്റോസ്പേസ് വ്യവസായ ക്ലസ്റ്ററുകള് സ്ഥാപിക്കുമെന്ന് കരട് നയത്തില് പറയുന്നു. സ്റ്റാര്ട്ടപ്പുകള്ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്കുന്നതിനൊപ്പം സ്വകാര്യ സംരംഭങ്ങള്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.
കേരള സ്പേസ് പാര്ക്ക് വഴിയായിരിക്കും വ്യോമയാന, ബഹിരാകാശ മേഖലകളിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള് നടപ്പാക്കുക. തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയില് സാങ്കേതിക വ്യവസായ ക്ലസ്റ്റര് സ്ഥാപിക്കാനും സ്വകാര്യ നിക്ഷേപങ്ങള്ക്കായി 16 ഏക്കര് ഭൂമി ദീര്ഘകാല പാട്ടത്തിന് നല്കാനും കരടില് നിര്ദേശമുണ്ട്. ഇക്കാര്യം വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു.
സ്റ്റാര്ട്ടപ്പുകള്ക്കും നവസംരംഭകര്ക്കും പിന്തുണ നല്കുന്നതിനായി സ്റ്റാര്ട്ടപ്പ് ആന്ഡ് ഇന്നൊവേഷന് സെന്റര്, കോമണ് ഡിജിറ്റല് എന്ജിനിയറിങ് ആന്ഡ് ഡിസൈന് ലബോറട്ടറി എന്നിവ സ്ഥാപിക്കാനും പദ്ധതിയുണ്ട്. തിരുവനന്തപുരം വേളിയില് 60 ഏക്കറില് എയ്റോസ്പേസ് കണ്ട്രോള് സിസ്റ്റംസ് കോംപ്ലക്സും വലിയമലയില് 13.5 ഏക്കറില് ലിക്വിഡ് പ്രൊപ്പല്ഷന് ആന്ഡ് ഇന്നൊവേഷന് ക്ലസ്റ്ററും ആരംഭിക്കാനാണ് നിര്ദേശം.
പ്രതിരോധ വ്യവസായ മേഖലയിലും ബഹിരാകാശ സാങ്കേതികവിദ്യാ രംഗത്തും കേരളത്തിന്റെ സാധ്യതകള് പ്രയോജനപ്പെടുത്തുന്നതിനും കരട് നയം ലക്ഷ്യമിടുന്നു. തിരുവനന്തപുരം കോട്ടൂരില് 100 ഏക്കറില് സംയോജിത പ്രതിരോധ വ്യവസായ പാര്ക്ക് സ്ഥാപിക്കാനും തോന്നയ്ക്കലില് 28.5 ഏക്കറില് എയ്റോസ്പേസ് കോമ്പോസിറ്റ് സെന്റര് ആരംഭിക്കാനും പദ്ധതിയുണ്ട്.
വിക്രം സാരാഭായ് സ്പേസ് സെന്റര് ഉള്പ്പെടെയുള്ള ഐഎസ്ആര്ഒ കേന്ദ്രങ്ങളുടെ സാന്നിധ്യം കേരളത്തിന് വലിയ സാധ്യതയാണ് നല്കുന്നത്. ഈ ഗവേഷണ-സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള് പ്രയോജനപ്പെടുത്തി സ്വകാര്യ കമ്പനികളെയും നൂതന സംരംഭങ്ങളെയും ആകര്ഷിക്കുകയാണ് സര്ക്കാര് ലക്ഷ്യം.
പദ്ധതികള് നടപ്പിലാകുന്നതോടെ ഉയര്ന്ന നൈപുണ്യമുള്ള യുവാക്കള്ക്ക് തൊഴിലവസരങ്ങള് വര്ധിക്കാനും ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയില് പുതിയ നിക്ഷേപങ്ങള് എത്താനും സാധ്യതയുണ്ട്. എന്നാല് കരട് നയത്തിലെ നിര്ദേശങ്ങള് അന്തിമ നയമായി അംഗീകരിച്ച് പ്രായോഗികമായി നടപ്പാക്കുന്നതാണ് ഇനി നിര്ണായകം.
പഠിക്കാം & സമ്പാദിക്കാം
Home
