image

3 Nov 2026 3:25 PM IST

Kerala

KIIFB പ്രതിസന്ധി; വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനം നിലച്ചു!

MyFin Desk

kiifb crisis, west coast canal development comes to a halt
X

Summary

കേരളത്തിന്റെ ഉള്‍നാടന്‍ ജലഗതാഗത ശൃംഖല ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വെസ്റ്റ് കോസ്റ്റ് കനാല്‍ വികസന പദ്ധതി ആരംഭിച്ചത്.


കേരളത്തിന്റെ ഗതാഗത, വിനോദസഞ്ചാര മേഖലകളില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിച്ച വെസ്റ്റ് കോസ്റ്റ് കനാല്‍ വികസന പദ്ധതി പ്രതിസന്ധിയില്‍. KIIFB സാമ്പത്തിക സഹായം ഏതാണ്ട് നിര്‍ത്തിവെച്ചതോടെ പദ്ധതിയുടെ ഭാഗമായ ഭൂമി ഏറ്റെടുക്കലും പുനരധിവാസ പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്. തിരുവനന്തപുരം കോവളം മുതല്‍ കാസര്‍ഗോഡ് ബേക്കല്‍ വരെ നീളുന്ന ജലപാതയുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി.

കേരളത്തിന്റെ ഉള്‍നാടന്‍ ജലഗതാഗത ശൃംഖല ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വെസ്റ്റ് കോസ്റ്റ് കനാല്‍ വികസന പദ്ധതി ആരംഭിച്ചത്. കോവളം മുതല്‍ ബേക്കല്‍ വരെ യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതത്തിന് ഉപയോഗിക്കാവുന്ന വിപുലമായ ജലപാതയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. നിലവിലുള്ള കനാലുകള്‍ നവീകരിക്കുന്നതിനൊപ്പം ഇടയില്‍ ബന്ധമില്ലാത്ത ഭാഗങ്ങളില്‍ പുതിയ കനാല്‍ മുറിച്ചെടുക്കലും പദ്ധതിയുടെ ഭാഗമാണ്. ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിലൂടെ റോഡുകളിലെ തിരക്ക് കുറയ്ക്കാനും ചരക്കുനീക്കം കൂടുതല്‍ കാര്യക്ഷമമാക്കാനും വിനോദസഞ്ചാര മേഖലയില്‍ പുതിയ സാധ്യതകള്‍ സൃഷ്ടിക്കാനും പദ്ധതിക്ക് കഴിയുമെന്നായിരുന്നു പ്രതീക്ഷ.

KIIFB സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായി

പദ്ധതിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് KIIFB ആയിരുന്നു. എന്നാല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെയും ബജറ്റ് വിഹിതത്തിലെ കുറവിന്റെയും പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായതോടെ പദ്ധതിക്ക് ആവശ്യമായ പണം ലഭിക്കാത്ത സാഹചര്യമുണ്ടായെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതോടെ ഭൂമി ഏറ്റെടുക്കലും പുനരധിവാസ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം ലഭിച്ചു. പദ്ധതി ഔദ്യോഗികമായി ഉപേക്ഷിച്ചിട്ടില്ലെങ്കിലും ആവശ്യമായ ഫണ്ട് ലഭിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

തിരുവനന്തപുരം ജില്ലയിലെ പാര്‍വതി പുത്തനാര്‍ കനാലിലും വടക്കന്‍ കേരളത്തിലെ മാഹി-വളപട്ടണം, നീലേശ്വരം-ബേക്കല്‍ ഭാഗങ്ങളിലുമാണ് ഭൂമി ഏറ്റെടുക്കലും പുനരധിവാസവും തടസ്സപ്പെട്ടിരിക്കുന്നത്.

പുനരധിവാസം ഇനിയും ബാക്കി

പദ്ധതിയുടെ ഭാഗമായി ഇതുവരെ ഏകദേശം 116.07 കോടി രൂപ പുനരധിവാസത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. വര്‍ക്കല, കടിനംകുളം, തിരുവനന്തപുരം മേഖലകളിലായി ഏകദേശം 874 കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നിട്ടുണ്ട്. എന്നാല്‍ 226 കുടുംബങ്ങളെക്കൂടി പുനരധിവസിപ്പിക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുതിയ കനാല്‍ ഭാഗങ്ങള്‍ നിര്‍മിക്കാതെ മാഹി-വളപട്ടണം, നീലേശ്വരം-ബേക്കല്‍ മേഖലകളില്‍ തുടര്‍ച്ചയായ ജലഗതാഗതം ഉറപ്പാക്കാനാകില്ല. അതിനാല്‍ ഈ ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് പദ്ധതിയുടെ ആകെ ലക്ഷ്യത്തെയും ബാധിക്കും.

മറ്റ് ജലപാതകളിലും തടസ്സം

അക്കുളം-ചേറ്റുവ ഭാഗത്ത് വിവിധ തടസ്സങ്ങള്‍ കാരണം തുടര്‍ച്ചയായ ജലഗതാഗതം ഇനിയും സാധ്യമായിട്ടില്ല. കൊട്ടപ്പുറം-കോഴിക്കോട് രണ്ടാംഘട്ടത്തിനും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കാനുണ്ട്.

അതേസമയം, 400 കോടി രൂപ വകയിരുത്തിയ മിഷന്‍ സമുദ്രയിലൂടെ തുറമുഖാധിഷ്ഠിത സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. എന്നാല്‍ ആദ്യഘട്ടങ്ങളില്‍ തീരദേശ കപ്പല്‍ഗതാഗതത്തിനും തുറമുഖങ്ങള്‍ തമ്മിലുള്ള ബന്ധിപ്പിക്കലിനുമാണ് ഇതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഉള്‍നാടന്‍ ജലപാതാ പദ്ധതിക്ക് ഇതിലൂടെ കാര്യമായ സഹായം ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.

ഫണ്ടിന്റെ അഭാവവും ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങളും പുനരധിവാസം പൂര്‍ത്തിയാകാത്തതും പശ്ചിമതീര കനാല്‍ പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ വെല്ലുവിളിയാണ്. പ്രധാന സാമ്പത്തിക സ്രോതസ്സായ KIIFBയുടെ പിന്തുണ പുനഃസ്ഥാപിക്കാനായില്ലെങ്കില്‍ കോവളം-ബേക്കല്‍ ജലപാതയുടെ പൂര്‍ത്തീകരണം ഇനിയും വൈകാനാണ് സാധ്യത.