image

24 Jan 2024 5:39 AM GMT

Kerala

സംസ്ഥാനത്തു കായിക സമ്പദ്‍വ്യവസ്ഥ സൃഷ്ടിക്കും: മുഖ്യമന്ത്രി

MyFin Desk

sports economy will be created in the state, chief minister
X

Summary

  • സ്വകാര്യ സംരംഭകരെയും സ്റ്റാർട്ടപ്പുകളേയും ഈ രംഗത്തേക്ക് ആകർഷിക്കും
  • സ്പോർട്സ് കേരള ഫൗണ്ടേഷന് ആവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കും
  • ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള 2024ന് തുടക്കം


ആഭ്യന്തര ഉത്പാദനത്തിൽ മികച്ച സംഭാവന നൽകുന്ന ഒന്നാക്കി കായിക രംഗത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തു കായിക സമ്പദ്വ്യവസ്ഥ വളർത്തിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കായികമേഖലയിലെ പുത്തൻ പ്രവണതകളെ സ്വീകരിക്കുകയും നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കായികമേഖലയിലെ പുത്തൻ പ്രവണതകളെ സ്വീകരിക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുകയാണ്. കായിക സമ്പദ് വ്യവസ്ഥ വളരുമ്പോൾ ഈ രംഗത്തു വലിയ തോതിൽ തൊഴിൽ സൃഷ്ടിക്കപ്പെടുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു കേരളത്തെ തയാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍റർനാഷണൽ സ്പോർട്‍സ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. സ്വകാര്യ സംരംഭകരെയും സ്റ്റാർട്ടപ്പുകളേയും ഈ രംഗത്തേക്ക് ആകർഷിക്കും. ഇത്തരമൊരു ചുവടുവയ്പ്പിന് ഏറ്റവും അനുകൂലമായ സാഹചര്യം നിലനിൽക്കുന്ന സംസ്ഥാനമാണു കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോൾ പത്തിലധികം സിന്തറ്റിക് ട്രാക്കുകളുണ്ട്. 1700 കോടി രൂപയാണു കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു ഈ സർക്കാർ ചെലവഴിച്ചത്. 703 കായികതാരങ്ങൾക്കു സർക്കാർ സർവീസിൽ ജോലി നൽകി. കായിക ഇനങ്ങളും ശാരീരിക ക്ഷമതാ പ്രവർത്തനങ്ങളും എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് കായിക നയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കായികരംഗത്തെ പുതിയ രീതികളും സാങ്കേതികവിദ്യകളും സ്വന്തമാക്കുന്നതിൽ നാം ഏറെ മുന്നോട്ടുപോകേണ്ടതായിട്ടുണ്ട്. കായികരംഗത്തെ ഈ കുറവ് തിരിച്ചറിഞ്ഞുള്ള പരിഷ്‌കരണ നടപടികൾ സംസ്ഥാന സർക്കാർ നടപ്പാക്കിവരികയാണ്. അതിന്റെ ഭാഗമായി നിലവാരമുള്ള കളിക്കളങ്ങൾ നിർമിക്കുന്നതിനു വലിയ പ്രാധാന്യം നൽകുകയാണ്. സംസ്ഥാനത്ത് ഇപ്പോൾ പത്തിലധികം സിന്തറ്റിക് ട്രാക്കുകളുണ്ട്. 1700 കോടി രൂപയാണു കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാർ ചെലവഴിച്ചത്. 703 കായികതാരങ്ങൾക്കു സർക്കാർ സർവീസിൽ ജോലി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രായ, ലിംഗ, പ്രാദേശിക, തൊഴിൽ, സാമ്പത്തിക ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും സ്പോർട്സ് പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു സംസ്ഥാനം കായിക നയം രൂപീകരിച്ചു പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സ്പോർട്സ് കേരള ഫൗണ്ടേഷന് ആവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതിനു പ്രാധാന്യം നൽകണമെന്നു ചടങ്ങിൽ പങ്കെടുത്ത നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു

സംസ്ഥാനത്തെ സ്പോർട്സ് സ്‌കൂളുകളിലെ സിലബസ് പരിഷ്‌കരണവും പ്രവർത്തന സമയ മാറ്റവും സർക്കാരിന്റെ പരിഗണനയിലാണെന്നു പൊതുവിദ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കായികതാരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് പുനഃക്രമീകരണം നടത്തുന്നതും ആലോചനയിലാണ്. ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ പാഠഭാഗങ്ങളിൽ സ്പോർട്സ് ഒരു ഇനമാണ്. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ സ്പോർട്സിനായി പ്രത്യേക പാഠപുസ്തകം അച്ചടിച്ചു വിദ്യാർഥികൾക്കു നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കായിക മേഖലയുടെ മുന്നേറ്റം ലക്ഷ്യംവച്ചുള്ള നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

മന്ത്രിമാരായ പി. പ്രസാദ്, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയ്, വി. ശശി, സി.കെ ഹരീന്ദ്രൻ, വി.കെ. പ്രശാന്ത്, കെ. ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഐ.എം. വിജയൻ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, മുതിർന്ന കായികതാരങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.