image

4 Nov 2026 6:24 PM IST

Kerala

കേരളത്തിന്റെ ഏയര്‍ലൈന്‍ പദ്ധതിക്ക് വേഗത; ഒരാഴ്ചയ്ക്കുള്ളില്‍ സമാഹരിച്ചത് 5 കോടി

MyFin Desk

india-pakistan conflict, flight services from the gulf canceled
X

Summary

സിയാലിന്റെ മാതൃകയില്‍ സഹകരണ മേഖലയിലെ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പങ്കാളിത്തത്തോടെയായിരിക്കും വിമാനക്കമ്പനി രൂപീകരിക്കുക


കേരളത്തിന്റെ സഹകരണ മേഖലയില്‍ പുതിയ ചരിത്രം കുറിക്കാനുള്ള വിമാനക്കമ്പനി പദ്ധതിക്ക് കൂടുതല്‍ വേഗം. സഹകരണ മേഖലയുടെ നേതൃത്വത്തില്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിച്ചു. ആവശ്യമായ അനുമതികളും ലൈസന്‍സുകളും ലഭിച്ചാല്‍ അടുത്ത ഓണം സീസണില്‍ ആദ്യ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

CIAL മാതൃകയില്‍ വിമാനക്കമ്പനി

കേരള സിവില്‍ ഏവിയേഷന്‍ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാലിന്റെ മാതൃകയില്‍ സഹകരണ മേഖലയിലെ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പങ്കാളിത്തത്തോടെയായിരിക്കും വിമാനക്കമ്പനി രൂപീകരിക്കുക.

കഴിഞ്ഞ ബുധനാഴ്ച രജിസ്റ്റര്‍ ചെയ്ത സൊസൈറ്റി ഇതിനകം അഞ്ച് കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഇതില്‍ 2.5 കോടി രൂപ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും ബാക്കി 2.5 കോടി രൂപ വ്യക്തികളില്‍ നിന്നുമാണ് ലഭിച്ചത്. സൊസൈറ്റിയുടെ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

50 കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിച്ചാല്‍ പബ്ലിക് ലിമിറ്റഡ് കമ്പനി രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം. ഇതിനായി മൂന്ന് പേരുകള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിയാലിന്റെ മാതൃകയില്‍ മുഖ്യമന്ത്രിയായിരിക്കും കമ്പനിയുടെ ചെയര്‍മാന്‍. സഹകരണ മന്ത്രി വൈസ് ചെയര്‍മാനുമാകും.

ലക്ഷ്യം 400 കോടി രൂപ

കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കുറഞ്ഞത് 400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനങ്ങള്‍ സര്‍വീസ് നടത്താത്ത സാഹചര്യമുണ്ടായാലും ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്ക് ഉറപ്പാക്കാനുള്ള സാമ്പത്തിക ശേഷി കമ്പനിക്കുണ്ടാകണമെന്നാണ് പദ്ധതിയുടെ നേതൃത്വത്തിന്റെ നിലപാട്.

നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കും

കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചുള്ള സര്‍വീസുകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനുപുറമെ മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, മധുര തുടങ്ങിയ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസുകള്‍ നടത്താന്‍ പദ്ധതിയുണ്ട്.

കേരളത്തിന്റെ ആഭ്യന്തര വ്യോമഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം സഹകരണ മേഖലയ്ക്ക് പുതിയൊരു പ്രവര്‍ത്തനമേഖല തുറക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

എന്നാല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും അനുമതികളും ആവശ്യമായ ലൈസന്‍സുകളും ലഭിക്കേണ്ടതുണ്ട്. ഈ നടപടികള്‍ പൂര്‍ത്തിയാകുന്നതിനെ ആശ്രയിച്ചായിരിക്കും ആദ്യ സര്‍വീസിന്റെ തുടക്കം.