image

9 Nov 2026 5:12 PM IST

Kerala

അഴിമതിക്കും ചുവപ്പുനാടയ്ക്കും ‘പൂട്ടുവീഴും’- കേരളത്തിലെ വികസന പ്രൊജക്റ്റുകൾ ഇനി ജനങ്ങളുടെ വിരൽത്തുമ്പിൽ!

MyFin Desk

അഴിമതിക്കും ചുവപ്പുനാടയ്ക്കും ‘പൂട്ടുവീഴും’- കേരളത്തിലെ വികസന പ്രൊജക്റ്റുകൾ ഇനി ജനങ്ങളുടെ വിരൽത്തുമ്പിൽ!
X

Summary

സർക്കാർ പദ്ധതികളുടെ പുരോഗതി പൊതുജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ സംവിധാനം.കേരളത്തിൽ പുതിയ ഡിജിറ്റൽ വിപ്ലവം! സർക്കാർ പദ്ധതികൾ ഇനി വിരൽത്തുമ്പിൽ


ഫയലുകൾ ചുവപ്പുനാടയിൽ കുരുങ്ങി വികസനം മുരടിക്കുന്ന കാലം ഇനി ഒരുപക്ഷെ പഴങ്കഥയായേക്കും. സംസ്ഥാനത്തെ വൻകിട വികസന-നിക്ഷേപ പദ്ധതികളുടെ ഓരോ ചലനവും തത്സമയം ജനങ്ങളിലേക്ക് എത്തിക്കാൻ പോന്ന വിപ്ലവകരമായ ഡിജിറ്റൽ സംവിധാനവുമായി കേരള സർക്കാർ മുന്നോട്ട് പോകാൻ തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫിസിൽ സജ്ജമാക്കുന്ന അത്യാധുനിക ഡിജിറ്റൽ ഡാഷ്ബോർഡ് വഴി സംസ്ഥാനത്ത് നടക്കുന്ന എല്ലാ പ്രധാന പ്രൊജക്റ്റുകളുടെയും പുരോഗതി പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ഇനി തത്സമയം ലൈവായി കാണാം . കൊച്ചിയിൽ നടന്ന പ്രോഫിറ്റ് ടസ്കർ ഉച്ചകോടിയിൽ മുഖ്യമന്ത്രി വി. ഡി. സതീശനാണ് ഈ വമ്പൻ പ്രഖ്യാപനം നടത്തിയത്.

ഇനി ഒരു ഉദ്യോഗസ്ഥനും ഫയലുകൾ പൂഴ്ത്തിവെക്കാനോ അനാവശ്യമായി വൈകിപ്പിക്കാനോ സാധിച്ചേക്കില്ല. സർക്കാർ അനുമതി ലഭിച്ച നിമിഷം മുതൽ പദ്ധതിയുടെ ഓരോ ഘട്ടവും ഈ ഡാഷ്ബോർഡിൽ അപ്‌ഡേറ്റ് ചെയ്യപ്പെടും. എവിടെയെങ്കിലും വികസനം തടസ്സപ്പെട്ടാൽ മുഖ്യമന്ത്രിയുടെ ഓഫിസിന് നേരിട്ട് ഇടപെട്ട് അടിയന്തര പരിഹാരം കാണാൻ സാധിക്കും. ഭരണരംഗത്ത് 100% സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തും.

ഇന്ത്യയിൽ ഇത്തരം ഡിജിറ്റൽ ഭരണനിരീക്ഷണ സംവിധാനങ്ങൾ പുതിയ പരീക്ഷണമല്ല. കേന്ദ്രസർക്കാരിന്റെ 'PRAGATI' അഥവാ Pro-Active Governance and Timely Implementation സംവിധാനവും ഈ രംഗത്തെ ശ്രദ്ധേയമായ മാതൃകയാണ്. ഇതോടൊപ്പം PM Gati Shakti ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി റോഡ്, റെയിൽവേ, തുറമുഖം, വ്യവസായ മേഖലകൾ തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യ വികസനം ഏകോപിതമായി ആസൂത്രണം ചെയ്യാനും നിരീക്ഷിക്കാനും സാധിക്കുന്നു. ആന്ധ്രപ്രദേശിൽ ഇ-പ്രഗതി പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിച്ചുള്ള റിയൽ ടൈം ഗവേണൻസ് ഡാഷ്ബോർഡ് നേരത്തെ നടപ്പാക്കിയിരുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളും പദ്ധതികളുടെ പുരോഗതിയും ഡാറ്റയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

കർണാടകയിലും 2017-ൽ ആരംഭിച്ച 'പ്രതിബിംബ' എന്ന ഡിജിറ്റൽ ഡാഷ്ബോർഡിലൂടെ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം, പദ്ധതികൾ, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പുരോഗതി എന്നിവ പൊതുജനങ്ങൾക്ക് നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു. ഭരണരംഗത്തെ ഉത്തരവാദിത്തവും സുതാര്യതയും വർധിപ്പിക്കുന്നതിൽ ഇത്തരം സംവിധാനങ്ങൾ നിർണായകമാണെന്നാണ് വിലയിരുത്തൽ. ഈ ദേശീയ മാതൃകകളുടെ അനുഭവങ്ങൾ പ്രയോജനപ്പെടുത്തി കേരളത്തിന്റെ ഡിജിറ്റൽ ഡാഷ്ബോർഡ് കൂടുതൽ കാര്യക്ഷമമാക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന്റെ വികസന-നിക്ഷേപ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങും.