image

12 Feb 2024 4:00 AM GMT

Kerala

കെഎഫ്സിയുടെ മൂലധന ഞെരുക്കം കുറയ്ക്കാൻ 100 കോടി മതിയാവുമോ?

C L Jose

കെഎഫ്സിയുടെ മൂലധന ഞെരുക്കം കുറയ്ക്കാൻ 100 കോടി മതിയാവുമോ?
X

Summary

  • ഇത് മൂലധന സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെങ്കിലും ദീർഘകാല പരിഹാരമല്ല
  • ഏതാനും മാസങ്ങൾക്ക് മുൻപ് സർക്കാർ കെഎഫ്‌സിയിൽ 200 കോടി നിക്ഷേപിച്ചിരുന്നു
  • കിഫ്ബിക്ക് കെഎഫ്‌സിയിൽ 916.68 കോടി രൂപ വായ്പ കുടിശ്ശികയുണ്ട്


കൊച്ചി: കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെഎഫ്‌സി) വീണ്ടും 100 കോടി രൂപ നിക്ഷേപിക്കാനുള്ള സർക്കാരിന്റെ തീരുമാനം തല്ക്കാലം ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ മൂലധന സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെങ്കിലും തീർച്ചയായും ദീർഘകാല പരിഹാരമാകാൻ സാധ്യതയില്ല..

സർക്കാരിൽ നിന്നുള്ള പുതിയ ഫണ്ടിംഗ് കെഎഫ്‌സിയുടെ ഗിയറിങ് (gearing) അനുപാതം 7.1 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായി കുറയ്ക്കുമെന്നത് ശരിയാണെങ്കിലും ഈ അനുപാതം അപ്പോഴും ഉയർന്ന ഭാഗത്ത് തന്നെ തുടരും എന്ന വസ്തുത നാം കാണാതിരിക്കരുത്. .

പുതിയ ഫണ്ട് കുത്തിവെക്കുന്നത് കെഎഫ്‌സിയുടെ ഓഹരി മൂലധനം 973.34 കോടി രൂപയിൽ നിന്ന് 1073.34 കോടി രൂപയായി ഉയർത്തും. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള (FY25) കേരള ബജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ കെഎഫ്‌സി മൂലധനത്തിലേക്ക് പുതിയ 100 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്നാണിത്.

കൂടാതെ, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവിടങ്ങളിൽ വൻകിട പദ്ധതികളുടെ സുഗമവും സമയബന്ധിതവുമായ നടത്തിപ്പിനായി 300.73 കോടി രൂപ അനുവദിച്ചതിനും ബജറ്റ് അവതരണം സാക്ഷ്യം വഹിച്ചു.

ഏതാനും മാസങ്ങൾക്ക് മുൻപ് കേരള സർക്കാർ കെഎഫ്‌സിയുടെ മൂലധന അടിത്തറയിലേക്ക് 200 കോടി രൂപ നിക്ഷേപിച്ചിരുന്നു. കമ്പനിയുടെ ഗിയറിംഗ് അനുപാതം മെച്ചപ്പെടുത്താനും അങ്ങനെ മൂലധന അടിത്തറയിലെ ബുദ്ധിമുട്ട് കുറയ്ക്കാനും അത് ഇടയാക്കി എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അത് സമ്മതിക്കുമ്പോൾ തന്നെ, കെഎഫ്‌സിയുടെ മൂലധന സ്ഥാനം സുഖകരമാക്കാൻ വീണ്ടും പ്രഖ്യാപിച്ചിട്ടുള്ള 100 കോടി രൂപയുടെ പുതിയ മൂലധന നിക്ഷേപം പോലും മതിയാകില്ല എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

“ഇത് കൊടുത്ത ശേഷമുള്ള 6.46 ഗിയറിങ് റേഷ്യോ പോലും ഒരു കടം കൊടുക്കുന്നയാളെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമായ സംഖ്യയല്ല. കോർപ്പറേഷൻ്റെ ലോൺ ബുക്ക് ഇനിയും വർധിപ്പിക്കുന്നതിന് ഗിയറിങ് കുറഞ്ഞ സംഖ്യയിലേക്ക് കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്” കൊച്ചി ആസ്ഥാനമായുള്ള ഒരു സാമ്പത്തിക വിശകലന വിദഗ്ധൻ പറഞ്ഞു.

കെഎഫ്‌സിയുടെ ലോൺ ബുക്കിൽ സർക്കാരുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളുടെ ഒരു കൂട്ടംചേരൽ തന്നെയുണ്ടെന്ന് അഭിപ്രായമുള്ള ധാരാളം സാമ്പത്തിക വിദഗ്ധരുണ്ട്.

2023 സെപ്തംബർ 30 വരെയുള്ള കണക്കുകൾ നോക്കിയാൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡിന് (കിഫ്ബി; KIIFB) കെഎഫ്‌സിയിൽ നിന്ന് 916.68 കോടി രൂപ വായ്പ കുടിശ്ശികയുള്ളപ്പോൾ തന്നെ സർക്കാർ ഉടമസ്ഥതയിലുള്ള ഈ കോർപ്പറേഷന് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് (കെഎസ്എസ്‌പി; KSSP) 500.13 കോടി രൂപയും വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൻ്റെ (വിഐഎസ്എൽ; VISL) 418.69 കോടി രൂപയും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് (കെഎസ്ഇബി; KSEB) 1018.06 കോടി രൂപയും വായ്പാ തുക നിലനിൽക്കുന്നുണ്ട്.

കെഎഫ്‌സിയുടെ ലോൺ ബുക്കിൻ്റെ 40 ശതമാനത്തിലധികം ഈ നാല് വായ്പകളാണ് എന്നതും കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു.