22 Sept 2026 2:00 PM IST
കൊച്ചി-തൂത്തുക്കുടി ഗ്യാസ് പൈപ്പ് ലൈന്‍; ഇന്ത്യന്‍ ഓയില്‍ 2,449 കോടി നിക്ഷേപിക്കും
Thulasi Prasad
Summary
424.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് നിര്‍ധിഷ്ട പൈപ്പ്‌ലൈന്‍
ദക്ഷിണേന്ത്യയില്‍ പ്രകൃതിവാതക വിതരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് കന്യാകുമാരി വഴി തൂത്തുക്കുടിയിലേക്ക് പ്രകൃതിവാതക പൈപ്പ്‌ലൈന്‍ വരുന്നു. കൊച്ചി-കന്യാകുമാരി-തൂത്തുക്കുടി നാച്ചുറല്‍ ഗ്യാസ് പൈപ്പ്ലൈന്‍ പദ്ധതിക്കായി 2,448.70 കോടി രൂപ നിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ അറിയിച്ചു. ഏകദേശം 255.6 മില്യണ്‍ ഡോളറാണ് നിക്ഷേപം.
424.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് നിര്‍ധിഷ്ട പൈപ്പ്‌ലൈന്‍. കൊച്ചിയില്‍ നിന്ന് ആരംഭിച്ച് കന്യാകുമാരി വഴി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്കായിരിക്കും പൈപ്പ്ലൈന്‍ എത്തുക. പ്രതിദിനം 6.84 മില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് മീറ്റര്‍ പ്രകൃതിവാതകം കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് പദ്ധതിക്കുള്ളത്. അതായത് ദിവസം 68.4 ലക്ഷം ക്യുബിക് മീറ്റര്‍ വാതകം ഇതിലൂടെ കൊണ്ടുപോകാനാകും. ഇതില്‍ 1.71 MMSCMD പൊതുവാഹക ശേഷിയായി മാറ്റിവെക്കും. അതായത്, ഇന്ത്യന്‍ ഓയിലിന് പുറമെ മറ്റ് ഉപയോക്താക്കള്‍ക്കും ഈ ശേഷിയുടെ 25 ശതമാനം ഒരു ഭാഗം ഉപയോഗിക്കാനാകും.
പൈപ്പ് ലൈന്‍ നിര്‍മാണത്തിനായി പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു. കൊച്ചി പുതുവൈപ്പിനിലെ എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്ന് ആരംഭിക്കുന്ന പദ്ധതി പൈപ്പ് ലൈന്‍ കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്. കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നുള്ള റീഗ്യാസിഫൈഡ് എല്‍.എന്‍.ജി കേരളത്തിലെയും ദക്ഷിണ തമിഴ്‌നാട്ടിലെയും പ്രധാന ഉപഭോക്തൃ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സിറ്റി ഗ്യാസ് വിതരണ ശൃംഖലയുടെ വിപുലീകരണത്തിനും പദ്ധതി സഹായകമാകും. വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വാഹനങ്ങളിലേക്കുമുള്ള പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്, കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് വിതരണം വര്‍ധിപ്പിക്കാന്‍ ഇതുവഴി കൂടുതല്‍ സാധ്യത ലഭിക്കും. വ്യവസായങ്ങള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും മറ്റ് വാണിജ്യ ഉപഭോക്താക്കള്‍ക്കും പ്രകൃതിവാതക ലഭ്യത മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.
രാജ്യത്തുടനീളം പ്രകൃതിവാതക ശൃംഖല വിപുലീകരിക്കുന്നതിനും വിവിധ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുമുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായാണ് പുതിയ നിക്ഷേപം. കൂടുതല്‍ ശുദ്ധവും പരിസ്ഥിതി സൗഹൃദവുമായ ഇന്ധനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ മൊത്തം ഊര്‍ജ ഉപഭോഗത്തില്‍ പ്രകൃതിവാതകത്തിന്റെ പങ്ക് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 2030-ഓടെ റോഡുവഴി ടാങ്കറുകളില്‍ വാതകം കൊണ്ടുപോകുന്നത് അവസാനിപ്പിക്കാന്‍ കഴയുമെന്നാണ് വിലയിരുത്തല്‍. കൊച്ചിയില്‍ നിന്ന് മംഗളൂരുവിലേക്ക് പ്രകൃതി വാതക പൈപ്പലൈന്‍ നിലവിലുണ്ട്. ഗെയില്‍ നിര്‍മിച്ച 450 കിലോമീറ്റര്‍ വാതകക്കുഴല്‍ 2021-ലാണ് കമ്മിഷന്‍ ചെയ്തത്. ഇറാന്‍ യുദ്ധം രാജ്യത്തെ പാചകവാതക വിതരണത്തെ ബാധിച്ച സാഹചര്യത്തില്‍ വാതകക്കുഴല്‍ വഴി പാചകവാതക വിതരണം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
