image

11 Jan 2024 2:03 PM GMT

Kerala

കുടിശ്ശിക കുന്നുകൂടുന്നു; സർക്കാർ കണക്ഷനുകൾ കട്ട് ചെയ്യാനൊരുങ്ങി കെഎസ്ഇബി?

C L Jose

കുടിശ്ശിക കുന്നുകൂടുന്നു; സർക്കാർ കണക്ഷനുകൾ കട്ട് ചെയ്യാനൊരുങ്ങി   കെഎസ്ഇബി?
X

Summary

  • സർക്കാർ ആശുപത്രികൾക്കെതിരെ ബോർഡ് നീങ്ങില്ല
  • കുടിശ്ശിക ഏകദേശം 3,250 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു
  • രണ്ടാം പാദത്തിൽ ബോർഡിന് 570 കോടി രൂപയുടെ നഷ്ടം


തിരുവനന്തപുരം: സാമ്പത്തികമായി ഞെരുക്കത്തിലായ കേരള ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബിഎൽ), സർക്കാർ വകുപ്പുകളിൽ നിന്ന് ദീർഘകാല കുടിശ്ശിക തിരിച്ചുപിടിക്കാൻ കടുത്ത നടപടികൾക്ക് കടക്കാൻ തീരുമാനിച്ചു.

2024 ജനുവരി മുതൽ സർക്കാർ വകുപ്പിലെ ഉപഭോക്താക്കളുടെയും കേരള വാട്ടർ അതോറിറ്റി (കെഡബ്ല്യുഎ) കണക്ഷനുകൾ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയും (പി എസ് യു;PSU) വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി തേടാൻ കെഎസ്ഇബിഎൽ ബോർഡ് തീരുമാനിച്ചു.

എന്നാൽ, കെഎസ്ഇബിഎല്ലിന് കുടിശ്ശിക വരുത്തിയ സർക്കാർ ആശുപത്രികൾക്കെതിരെ ബോർഡ് നീങ്ങില്ല.

കുടിശ്ശിക ഏകദേശം 3,250 കോടി രൂപ

2023 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് സർക്കാർ വകുപ്പുകളുടേതുൾപ്പെടെ ഉപഭോക്താക്കളുടെ കുടിശ്ശിക ഏകദേശം 3,250 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ ഏറ്റവും വലിയ കടക്കാരായ കേരള വാട്ടർ അതോറിറ്റി (കെഡബ്ല്യുഎ) ഏകദേശം 1600 കോടി രൂപയാണ് കെഎസ്ഇബി-ക്ക് നല്കാനുള്ളതെന്ന് ബോർഡ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

കൂടാതെ, കുറെ വർഷങ്ങളായി ഇടക്ക് ഒന്നോ രണ്ടോ പാദങ്ങൾ ഒഴികെ, മിക്കപ്പോഴും നഷ്ട്ടം രേഖപ്പെടുത്തിയിട്ടുള്ള ബോർഡ് 2023 സെപ്‌റ്റംബർ 30-ന് അവസാനിച്ച പാദത്തിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് 570 കോടി രൂപയുടെ നഷ്ടമാണ്.

മൊത്തം 33,169 കോടി രൂപയുടെ നെഗറ്റീവ് ആസ്തിയിൽ ഇരിക്കുന്ന കെഎസ്ഇബിഎൽ 2023 സെപ്തംബർ 30 വരെയുള്ള കാലയളവിൽ മൊത്തം കടമെടുത്തത് 16,113 കോടി രൂപയാണ്.

ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ വകുപ്പുകളിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശികയുടെ കാര്യത്തിൽ ഒരു അടിയന്തര തീരുമാനം കൈക്കൊള്ളാനും കെഎസ്ഇബിഎല്ലിന്റെ സാമ്പത്തിക സ്ഥിതി സർക്കാരിനെ അറിയിക്കാനും ബോർഡ് തീരുമാനിച്ചത്.

ജല അതോറിറ്റിയുടെ കാര്യത്തിൽ, ഒരു എസ്ക്രോ കരാർ നടപ്പിലാക്കാൻ അതോറിറ്റിയോട് നിർദ്ദേശിക്കാൻ ബോർഡ് സർക്കാരിനോട് അഭ്യർത്ഥിക്കും, അതിലൂടെ ജല അതോറിറ്റി പ്രതിമാസ വൈദ്യുതി ചാർജിന് തുല്യമായ തുക അതിലേക്ക് അടക്കണം. അങ്ങനെ പുതിയ കുടിശ്ശികകൾ നൂറുകണക്കിന് കോടികളുടെ നിലവിലുള്ള കുടിശ്ശികയുമായി കൂട്ടിച്ചേർക്കാതെ നിലനിർത്താനാവും.

കെഎസ്ഇബിഎല്ലുമായുള്ള ഭീമമായ കുടിശ്ശിക തീർക്കുന്നതിന് വേണ്ടി മാത്രമായി ഒരു എസ്ക്രോ അക്കൗണ്ട് തുറക്കാൻ കെഎസ്ഇബിഎൽ, ഏറ്റവും വലിയ കടക്കാരനായ കെഡബ്ല്യുഎയുമായി നിരവധി മീറ്റിംഗുകൾ നടത്തിയെങ്കിലും ആ ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടില്ല.

ദീർഘകാല പവർ പർച്ചേസ് കരാറുകൾ (പിപിഎ) റദ്ദാക്കൽ, വൈദ്യുതി ഡ്യൂട്ടി അടക്കാനുള്ള സർക്കാർ നിർദേശം, കർശനമായ വായ്പാ മാനദണ്ഡങ്ങൾ മൂലം ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പുതിയ വായ്പകൾ ലഭ്യമല്ലാതിരിക്കുക, വൈദ്യതി വാങ്ങുന്നതിലെ ഉയർന്ന ചെലവുകൾ, കിഫ്ബി വായ്പയുടെ തിരിച്ചടവ് തുടങ്ങി വിവിധ പ്രശ്നങ്ങളാൽ തങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കെഎസ്ഇബിഎൽ പറഞ്ഞു.