22 May 2024 12:02 PM IST
Summary
- ഓണസമ്മാനമായി ബസ് നിരത്തിലിറക്കാനാണ് തീരുമാനം
- 36 ലക്ഷം രൂപയാണ് ബസിൻ്റെ വില
കെഎസ്‌ആർടിസിയുടെ എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസ് തുടങ്ങി. ആദ്യഘട്ടത്തിൽ എറണാകുളം വരെയാണ് സർവീസ്. പുലർച്ചെ 5.30ന് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ച് 11.5ന് എറണാകുളത്ത് എത്തും. രണ്ടുമണിക്ക് എറണാകുളത്ത് നിന്നും തിരിച്ച് കോട്ടയം വഴി 10.35ന് തമ്പാനൂരിൽ എത്തിച്ചേരും. കെ.എസ്.ആര്‍.ടി.സിയുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ്.
സീറ്റുകൾ നിറഞ്ഞാൽ സ്റ്റാൻഡുകളിൽ കയറാതെ വേഗത്തിലാകും ബസ് സഞ്ചരിക്കുക. 20 രൂപ അധികമായി നൽകി റിസർവ് ചെയ്താൽ സ്റ്റാൻഡിലേക്ക് പോകാതെ യാത്രക്കാരന് വഴിയിൽ നിന്നും കയറാനാകും. എറണാകുളം വരെ 361 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. തിരുവനന്തപുരം മുതൽ എറണാകുളം വരെ 21 സ്റ്റോപ്പുകളാണ് ഉണ്ടാകുക. ട്രയൽ റണ്ണിന് ശേഷം പാലക്കാട്, കോഴിക്കോട്, എറണാകുളം റൂട്ടുകളിലായിരിക്കും പുതിയ ബസുകൾ സർവീസിനായി ഉപയോഗപ്പെടുത്തുക. ഓണസമ്മാനമായി ബസ് നിരത്തിലിറക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. 36 ലക്ഷം രൂപയാണ് ബസിൻ്റെ വില.
പരീക്ഷണ ഓട്ടത്തില്‍ മന്ത്രി കെബി ഗണേഷ്കുമാര്‍ ഡ്രൈവറായി. സെക്രട്ടറിയേറ്റ് പരിസരത്തുനിന്ന് തമ്പാനൂര്‍ വരെയായിരുന്നു പരീക്ഷണ ഓട്ടം. 40 സീറ്റുകളാണ് ബസിൽ ഉള്ളത്. പുഷ്ബാക്ക് സീറ്റുകളാണിവ. എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റും മൊബൈൽ ചാർജിങ് പോർട്ടുകളുമുണ്ട്. നിശ്ചിത അളവിൽ വൈഫൈ സൗകര്യം ലഭ്യമാക്കും. യാത്രക്കാർക്ക് വെള്ളവും ലഘുഭക്ഷണവും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. എന്തെങ്കിലും കാരണവശാൽ എ സി പ്രവർത്തനരഹിതമായാൽ വശങ്ങളിലെ ഗ്ലാസുകൾ നീക്കാനാകും. ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിട്ടുള്ള മാര്‍ക്കോപോളോ ബസുകളാണ് പരീക്ഷണയോട്ടത്തിനായി നിലവിൽ എത്തിച്ചിരിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
