image

12 Jan 2024 2:51 PM IST

Kerala

കുടുംബശ്രീ ബ്രാന്‍ഡില്‍ ഇന്നുമുതല്‍ 15 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍

MyFin Desk

kudumbashree brand has 15 products in the market as of today
X

Summary

  • 4 ജില്ലയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് ഇപ്പോള്‍ ബ്രാന്‍ഡിംഗില്‍ ഉള്ളത്
  • ഒരേ ഗുണനിലവാരം ഉറപ്പാക്കുമെന്ന് മന്ത്രി എംബി രാജേഷ്
  • നിലവില്‍ വില്‍പ്പന കുടുംബശ്രീ ബസാറുകളിലൂടെയും ഓണ്‍ലൈനായും


കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന കറി പൗഡറുകള്‍, മസാല ഉത്പന്നങ്ങള്‍, ധാന്യപ്പൊടികള്‍ എന്നിവ ഇനി മുതല്‍ 'കുടുംബശ്രീ' എന്ന ഒറ്റ ബ്രാന്‍ഡിലൂടെ വിപണിയിലെത്തുന്നു. കണ്ണൂര്‍ ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പദ്ധതി മലപ്പുറം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലേക്ക് കൂടിയാണ് ഇപ്പോൾ വ്യാപിപ്പിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ 28 സംരംഭങ്ങളും കോട്ടയം ജില്ലയിലെ 14 സംരംഭങ്ങളും തൃശ്ശൂര്‍ ജില്ലയിലെ 15 സംരംഭങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന 15 ഇനം ഉല്‍പ്പന്നങ്ങളാണ് ഇന്നുമുതല്‍ കുടുംബശ്രീ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്നത്.

ഒരേ ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്ന കുടുംബശ്രീ സംരംഭങ്ങളെ ഏകോപിപ്പിച്ച് ഒരേ ഗുണനിലവാരത്തിലും പായ്ക്കിങ്ങിലും ബ്രാന്‍ഡിംഗിലും ഉല്‍പ്പന്നങ്ങള്‍ പൊതുവിപണിയില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ആദ്യഘട്ടത്തില്‍ കുടുംബശ്രീ ബസാര്‍ ഉള്‍പ്പെടെയുള്ള കുടുംബശ്രീ വിപണന കേന്ദ്രങ്ങളിലൂടെയും ഹോം ഷോപ്പുകളിലൂടെയുമാണ് കുടുംബശ്രീ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക.

അടുത്ത ഘട്ടത്തില്‍ സ്വകാര്യ വിപണനകേന്ദ്രങ്ങളിലേക്കും ഇവ ലഭ്യമാക്കും. രണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ( Mystore - https://www.mystore.in/.../6b2370406d74c480a598423bc61d0114, Paytm Kudumbashree- https://p.paytm.me/xCTH/n8vl33nb) കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ബ്രാന്‍ഡിങ് പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. വികേന്ദ്രീകൃത രീതിയിലാകും കുടുംബശ്രീ സംരംഭകര്‍ ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്നത്. ഓരോ ജില്ലയിലെയും ബ്രാന്‍ഡിങ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതല അതാത് ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള കണ്‍സോര്‍ഷ്യങ്ങള്‍ക്കാണ്. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കായി മാര്‍ക്കറ്റിംഗ് നടത്തുന്നതും അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതും കണ്‍സോര്‍ഷ്യമാണ്.