image

24 Jan 2024 4:02 PM IST

Kerala

വരുന്നു വിഷരഹിത പച്ചക്കറികളുമായി കുടുംബശ്രീയുടെ നേച്ചേഴ്‌സ് ഫ്രഷ്

MyFin Desk

comes kudumbashrees natures fresh with non-toxic vegetables
X

Summary

  • സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും
  • ആദ്യഘട്ടമായി നൂറ് 'നേച്ചേഴ്‌സ് ഫ്രഷ്' കിയോസ്‌കുകള്‍ പ്രവര്‍ത്തനമാരംഭിക്കും
  • സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് കിയോസ്‌കുകളുടെ പ്രവര്‍ത്തനം


വിഷരഹിത പച്ചക്കറികളും പഴങ്ങളും കേരളത്തിലെമ്പാടും വിപണനത്തിന് സജ്ജമാക്കി കുടുംബശ്രീയുടെ കാര്‍ഷിക ഔട്ട്‌ലെറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു.

കഫേ കുടുംബശ്രീ മാതൃകയില്‍ 'നേച്ചേഴ്‌സ് ഫ്രഷ്' എന്ന ബ്രാന്‍ഡിലാണ് കുടുംബശ്രീ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കിയോസ്‌കുകളുടെ ശൃംഖലവരുന്നത്. ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷിക ഔട്ട്‌ലെറ്റുകളുടെ തുടക്കം.

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും വിപണന കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യഘട്ടമായി നൂറ് 'നേച്ചേഴ്‌സ് ഫ്രഷ്' കിയോസ്‌കുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഇവയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി എം.ബി രാജേഷ് ജനുവരി 25ന് വര്‍ക്കല ചെറിന്നിയൂരില്‍ നിര്‍വഹിക്കും.

സംസ്ഥാനത്ത് കുടുംബശ്രീയുടെ 81034 കര്‍ഷക സംഘങ്ങളിലായി 3,78,138 വനിതാ കര്‍ഷകര്‍ 12819.71 ഹെക്ടറില്‍ വിവിധയിനം പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യൂന്നുണ്ട്.

സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് കിയോസ്‌കുകളുടെ പ്രവര്‍ത്തനം. കുടുംബശ്രീ മിഷന്‍ ഓരോ കിയോസ്‌കിനും രണ്ട് ലക്ഷം രൂപ വീതം സി.ഡി.എസുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഒരു കുടുംബശ്രീ അംഗത്തിന് ഓരോ കിയോസ്‌കിലും വിപണന ചുമതലയുണ്ടായിരിക്കും. ഇവര്‍ക്ക്പ്രതിമാസം 3600 രൂപ ഓണറേറിയവും വിറ്റുവരവിന്റെ ലാഭത്തിന്റെ മൂന്നു ശതമാനവും വേതനമായി നിശ്ചയിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിട്ടുള്ള കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ വഴിയാണ് ഉല്‍പന്ന സംഭരണം.

പദ്ധതി പ്രകാരം തിരുവനന്തപുരം (9),കൊല്ലം (8), പത്തനംതിട്ട (5), ആലപ്പുഴ (5), ഇടുക്കി (8), കോട്ടയം (8), എറണാകുളം (6), തൃശൂര്‍ (8), പാലക്കാട് (4), മലപ്പുറം (8), കോഴിക്കോട് (8), കണ്ണൂര്‍ (8), വയനാട് (5), കാസര്‍കോട് (10) എന്നിങ്ങനെ ജില്ലകളില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുക.