image

6 Dec 2022 5:05 AM GMT

Technology

ജപ്പാനിൽ കൂടുതൽ അവസരങ്ങൾ; കുസുമുമായി കൈകോർത്തു കേരള സ്റ്റാര്‍ട്ടപ്പുകള്‍

MyFin Bureau

ജപ്പാനിൽ കൂടുതൽ അവസരങ്ങൾ; കുസുമുമായി കൈകോർത്തു കേരള സ്റ്റാര്‍ട്ടപ്പുകള്‍
X

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനിൽ (കെഎസ് യുഎം; KSUM) നിന്നുള്ള നാല് സ്റ്റാര്‍ട്ടപ്പുകള്‍ ജപ്പാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭ്യമാകുന്നതായി സൂചനകൾ. സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിനിധികള്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

ടോക്കിയോയില്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ നടന്ന ഇന്നൊവേഷന്‍ ലീഡേഴ്സ് സമ്മിറ്റ് 2022 (ഐഎല്‍എസ്) ഉച്ചകോടിയിൽ ജപ്പാന്റെ അകത്തും പുറത്തുമുള്ള നിരവധി സ്റ്റാർട്ടപ്പുകൾ പങ്കെടുത്തിരുന്നു. കേരളത്തില്‍ നിന്നും ആലിബൈ ഗ്ലോബല്‍, പിക്സ് ഡൈനാമിക്സ്, ഫെബ്നോ ടെക്നോളജീസ്, ഏസ്മണി എന്നീ സ്റ്റാർട്ടപ്പുകളാണ് പങ്കെടുത്തത്..

ജപ്പാന്‍ എക്സ്റ്റേണല്‍ ട്രേഡ് ഓര്‍ഗനൈസേഷൻ ജെട്രോയുമായി സഹകരിച്ചാണ് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ ഉച്ചകോടിയില്‍ പങ്കെടുത്തത്. കൂടാതെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഭാവിയില്‍ ജെട്രോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായുള്ള നടപടികളെക്കുറിച്ച് ജെട്രോയിലെ ഉന്നതരുമായും അവരുടെ സ്റ്റാര്‍ട്ടപ്പ് വിഭാഗമായ ജെ ബ്രിഡ്ജുമായും കെഎസ് യുഎം പ്രതിനിധികള്‍ ആശയവിനിമയം നടത്തി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഭാവിയില്‍ ജെട്രോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് ഐഎല്‍എസ് വേദിയായി.

ഇത്തരം ഒരു കൂട്ടായ സഹകരണത്തിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഭാവിയില്‍ കൂടുതൽ അവസരങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഇതിന്റെ ഭാഗമായി ഐഎല്‍ എസിൽ കെഎസ് യുഎം പവലിയൻ ഒരുക്കിയിരുന്നു.

ഉച്ചകോടിയുടെ ഭാഗമായി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ടോക്കിയോയിലെ ഇന്ത്യന്‍ എംബസി പിച്ചിംഗ് സെഷൻ സംഘടിപ്പിച്ചു. കൂടാതെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കെഎസ് യുഎമ്മിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് പ്രതിനിധികള്‍ സംസാരിച്ചു. ജപ്പാനിലെ നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, പ്രമുഖ കോര്‍പ്പറേറ്റ് നേതാക്കള്‍ എന്നിവര്‍ക്ക് മുന്നിലാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ നൂതനാശയങ്ങള്‍ അവതരിപ്പിച്ചത്.