image

24 Feb 2024 4:58 PM IST

Kerala

ലൈഫ് ഭവന പദ്ധതി: സംസ്ഥാനത്ത് 3,75,631 വീടുകൾ പൂർത്തിയായി

MyFin Desk

3.75 lakh houses in seven and a half years
X

Summary

  • കരാർ ചെയ്തതും കൂടി ചേർക്കുമ്പോൾ 4,94,857 വീടുകളാണ് യാഥാർത്ഥ്യമാകുന്നത്
  • പദ്ധതിക്കായി 17180 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്
  • നാലുലക്ഷം രൂപയാണ് ഒരു വീട് നിർമ്മാണത്തിന് നല്‍കുന്നത്


ഏഴര വർഷം കൊണ്ട് ലൈഫ് മിഷന് കീഴിൽ സംസ്ഥാനത്തൊട്ടാകെ 3,75,631 വീടുകൾ പൂർത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു.

കുന്നുകര ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതി വഴി നിർമ്മാണം പൂർത്തിയായ 50 വീടുകളുടെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കരാർ ചെയ്തതും കൂടി ചേർക്കുമ്പോൾ 4,94,857 വീടുകളാണ് ലൈഫ് മിഷൻ വഴി യാഥാർത്ഥ്യമാകുന്നത്. മാർച്ച് മാസം കഴിയുന്നതോടെ ഇത് അഞ്ച് ലക്ഷത്തിൽ കൂടുതലാകും. ഇതുവരെ ലൈഫ് മിഷൻ പദ്ധതിക്കായി 17180 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. 5000 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, 10000 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയും, ഹഡ്കോ വായ്പ വഴിയും സംസ്ഥാന സർക്കാരും നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 72000 രൂപ മാത്രമാണ് ഒരു വീട് നിർമ്മിക്കുന്നതിന് നൽകുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ നാലുലക്ഷം രൂപയാണ് ഒരു വീട് നിർമ്മാണത്തിന് നൽകി വരുന്നത്. ആദിവാസി വന മേഖലകളിൽ ഇത് ആറ് ലക്ഷം രൂപയാണ്. ഭവന നിർമ്മാണത്തിന് ഏറ്റവും ഉയർന്ന തുക നൽകുന്ന സംസ്ഥാനമാണ് കേരളം.

കുന്നുകര ഗ്രാമപഞ്ചായത്തിലെ 2017 ലെ ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 50 കുടുംബങ്ങൾക്കാണ് സ്ഥലം വാങ്ങി വീട് നിർമ്മിച്ചിരിക്കുന്നത്. കുന്നുകര ഗ്രാമപഞ്ചായത്ത്, കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ശ്രീനാരായണ മെഡിക്കൽ കോളേജ് എന്നിവർ സംയുക്തമായാണ് ഭൂമി വാങ്ങിയത്. സംസ്ഥാന സർക്കാർ, ത്രിതല പഞ്ചായത്തുകള്‍, ചിറ്റിലപ്പിളളി ഫൗണ്ടേഷന്‍, അര്‍ജ്ജുന നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡ്. എന്നിവരുടെ സഹായവും, ഹഡ്കോ വായ്പ തുകയും ഉപയോഗിച്ചാണ് ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത്.