14 March 2026 12:50 PM IST
Summary
പാചക വാതക പ്രതിസന്ധി രൂക്ഷം, കൊച്ചിയിൽ 2000 ഹോസ്റ്റലുകൾ താൽക്കാലികമായി അടച്ചു. പഠനത്തിനും ജോലിക്കുമായി ഹോസ്റ്റലുകളിലുള്ളത് ഒന്നര ലക്ഷത്തോളം പേർ
സംസ്ഥാനത്തും പാചക വാതക വിതരണം തടസപ്പെട്ടതോടെ കൂടുതൽ റെസ്റ്റോറൻ്റുകളും ഹോസ്റ്റലുകളും അടച്ചു. കൊച്ചി നഗരത്തിൽ ഉൾപ്പെടെ കൂടുതൽ ഹോസ്റ്റലുകൾ അടക്കുന്നു. എൽപിജി വിതരണ തടസം തുടർന്നാൽ രണ്ടായിരത്തോളം ഹോസ്റ്റലുകൾ താൽക്കാലികമായി അടച്ചിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. കൊച്ചി നഗരത്തിൽ മാത്രം പഠനത്തിനും ജോലിക്കുമൊക്കെയായി ഒരു ലക്ഷത്തിലധികം പേരാണ് വിവിധ ഹോസ്റ്റലുകളിലുള്ളത്.
വിദ്യാർഥികൾക്ക് താമസവും ഭക്ഷണവും നൽകുന്ന ഹോസ്റ്റലുകളിൽ പലതും താൽക്കാലികമായി അടച്ചു കഴിഞ്ഞു. ചില ഹോസ്റ്റലുകൾ താമസം മാത്രം നൽകുന്നുണ്ടെങ്കിലും താമസത്തിനും ഭക്ഷണത്തിനുമായി പണം അടച്ചിരിക്കുന്ന വിദ്യാർഥികളും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുമൊക്കെ പ്രതിസന്ധിയിലാണ്. മിക്ക ഹോസ്റ്റലുകളും ഭക്ഷണ നിരക്ക് ഉൾപ്പെടെയാണ് ഫീസ് ഈടാക്കുന്നത്. ഹോസ്റ്റലുകളെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി ഇന്ധന വിതരണം അനുവദിക്കണമെന്ന് ഹോസ്റ്റൽ ഓണേഴ്സ് സംയുക്ത സമിതി ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധന വിതരണ കമ്പനികൾക്ക് നിവേദനം നൽകുന്നതും പരിഗണിക്കും.
വിദ്യാർത്ഥികളുടെ പരീക്ഷാ സമയമായതിനാൽ സ്വകാര്യ ഹോസ്റ്റലുകൾ അടച്ചു പൂട്ടുന്നത് വിദ്യാർത്ഥികൾക്കും പ്രതിസന്ധിയാണ്. റെസ്റ്റോറൻ്റുകളിൽ പലതും അടച്ചിരിക്കുകയാണ്. ഉള്ള റെസ്റ്റോറൻ്റുകളിലും ഹോസ്റ്റൽ നിരക്കിനേക്കാൾ ഉയർന്ന നിരക്ക് കുട്ടികൾ ഭക്ഷണത്തിനായി നൽകേണ്ടി വരും.
പഠിക്കാം & സമ്പാദിക്കാം
Home
